യഹോവയുടെ സാക്ഷികൾ പിറന്നാൾ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
പിറന്നാളാഘോഷങ്ങൾ ദൈവത്തിന് ഇഷ്ടമല്ലെന്ന് യഹോവയുടെ സാക്ഷികളായ ഞങ്ങൾ വിശ്വസിക്കുന്നു. പിറന്നാൾ ആഘോഷിക്കരുതെന്നു ബൈബിൾ വ്യക്തമായി പറയുന്നില്ല. പക്ഷേ അതിനോടു ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കാനും ദൈവത്തിൻറെ വീക്ഷണം മനസ്സിലാക്കാനും ബൈബിൾ നമ്മളെ സഹായിക്കുന്നു. അത്തരം നാലു കാര്യങ്ങളെക്കുറിച്ചും അവയോടു ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങളെക്കുറിച്ചും നമുക്കു നോക്കാം.
പിറന്നാളാഘോഷങ്ങളുടെ ഉത്ഭവം ക്രിസ്തീയമല്ല. ഒരു വ്യക്തിയുടെ പിറന്നാൾ ദിവസം, “ദുഷ്ടാത്മാക്കളും ദുഷ്ടശക്തികളും അയാളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും ... സുഹൃത്തുക്കളുടെ സാന്നിധ്യവും ആശംസകളും അയാളെ സംരക്ഷിക്കുമെന്നും” ഉള്ള വിശ്വാസമാണു പിറന്നാളാഘോഷങ്ങൾക്കു പിന്നിലെന്ന് ഒരു നിഘണ്ടു (Funk & Wagnalls Standard Dictionary of Folklore, Mythology, and Legend) പറയുന്നു. ജന്മദിന വിജ്ഞാനീയം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ജ്യോതിഷശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ജാതകം നോക്കുന്നതിനു ജന്മനാൾ ആവശ്യമായിരുന്നു. അതുകൊണ്ട് പുരാതനകാലങ്ങളിൽ ജന്മദിനരേഖകൾ സൂക്ഷിക്കുമായിരുന്നു.” ആ പുസ്തകം തുടരുന്നു: “പിറന്നാളാഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന മെഴുകുതിരികൾക്ക് ആഗ്രഹങ്ങള് സഫലമാക്കാനുള്ള മന്ത്രശക്തിയുണ്ടെന്ന് ആളുകൾ വിശ്വസിച്ചുപോരുന്നു.”
എന്നാൽ മുഹൂർത്തം നോക്കുക, മന്ത്രപ്രയോഗവും ഭൂതവിദ്യയും നടത്തുക, ഭാവിഫലം പറയുക എന്നിങ്ങനെയുള്ള കാര്യങ്ങൾ തെറ്റാണെന്നു ബൈബിൾ പറയുന്നു. (ആവർത്തനം 18:14; ഗലാത്യർ 5:19-21) പുരാതനകാലത്ത് ദൈവം ബാബിലോൺ എന്ന നഗരത്തെ ശിക്ഷിക്കാനുള്ള ഒരു കാരണം അവിടെയുള്ളവർ ജ്യോതിഷം ഉപയോഗിച്ച് ഭാവിഫലം നോക്കിയിരുന്നു എന്നതാണ്. (യശയ്യ 47:11-15) യഹോവയുടെ സാക്ഷികൾ ഓരോ ആഘോഷങ്ങളുടെയും വേരു തേടി പോകാറില്ല. പക്ഷേ ബൈബിളിൽ വ്യക്തമായ നിർദേശങ്ങളുള്ളപ്പോൾ ഞങ്ങൾ അവ അവഗണിക്കാറില്ല.
ആദ്യകാലത്തെ ക്രിസ്ത്യാനികൾ പിറന്നാൾ ആഘോഷിക്കുമായിരുന്നില്ല. “ജന്മദിനാചരണം ക്രിസ്തീയമല്ലാത്ത ഒരു ആഘോഷമായി അവർ കണക്കാക്കി” എന്നു സർവവിജ്ഞാനകോശം പറയുന്നു. അപ്പോസ്തലന്മാരും യേശുവിൽനിന്ന് കേട്ടുപഠിച്ച മറ്റുള്ളവരും വെച്ച മാതൃകയാണു ക്രിസ്ത്യാനികളെല്ലാം പിന്തുടരേണ്ടത് എന്നു ബൈബിൾ വ്യക്തമാക്കുന്നു.—2 തെസ്സലോനിക്യർ 3:6.
ക്രിസ്ത്യാനികൾ ആചരിക്കേണ്ട ഒരേ ഒരു ആചരണം ജനനത്തോടല്ല, മരണത്തോടു ബന്ധപ്പെട്ടതാണ്—യേശുവിൻറെ മരണത്തോട്. (ലൂക്കോസ് 22:17-20) ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കാരണം, “മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം” എന്നാണു ബൈബിൾ പറയുന്നത്. (സഭാപ്രസംഗി 7:1) ഭൂമിയിലെ യേശുവിൻറെ ജീവിതം അവസാനിക്കാറായപ്പോഴേക്കും യേശു ദൈവമുമ്പാകെ ഒരു നല്ല പേര് സമ്പാദിച്ചിരുന്നു. അങ്ങനെ യേശുവിൻറെ മരണദിവസം ജനനദിവസത്തെക്കാൾ പ്രാധാന്യമുള്ളതായി.—എബ്രായർ 1:4.
ഒരു ദൈവദാസൻപോലും പിറന്നാൾ ആഘോഷിച്ചതായി ബൈബിൾ പറയുന്നില്ല. അതു രേഖപ്പെടുത്താൻ വിട്ടുപോയതല്ല. കാരണം, ദൈവത്തെ ആരാധിക്കാത്ത രണ്ടു പേരുടെ പിറന്നാളാഘോഷങ്ങളെക്കുറിച്ച് ബൈബിളിൽ രേഖയുണ്ട്. പക്ഷേ അവ രണ്ടും മോശമായ രീതിയിലാണു ചിത്രീകരിച്ചിരിക്കുന്നത്.—ഉൽപത്തി 40:20-22; മർക്കോസ് 6:21-29.
പിറന്നാൾ ആഘോഷിക്കാത്തതിൽ യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്കു വിഷമം തോന്നാറുണ്ടോ?
എല്ലാ നല്ല മാതാപിതാക്കളെയുംപോലെ സാക്ഷികളും അവരുടെ കുട്ടികളെ എപ്പോഴും സ്നേഹിക്കുന്നു. സമ്മാനങ്ങൾ കൊടുത്തുകൊണ്ടും രസകരമായ കൂടിവരവുകൾ നടത്തിക്കൊണ്ടും അവർ ആ സ്നേഹം വർഷം മുഴുവൻ പ്രകടിപ്പിക്കുന്നു. മക്കൾ പ്രതീക്ഷിക്കാത്തപ്പോൾ അവർക്കു സമ്മാനങ്ങൾ കൊടുത്തുകൊണ്ട് സാക്ഷികൾ ദൈവത്തിൻറെ മാതൃക പിൻപറ്റാൻ ശ്രമിക്കുന്നു. (മത്തായി 7:11) സാക്ഷികളുടെ കുട്ടികൾക്ക് ഇതിൽ ഒരു നഷ്ടബോധവും തോന്നാറില്ലെന്നു പിൻവരുന്ന അഭിപ്രായങ്ങൾ കാണിക്കുന്നു:
“ഒട്ടും പ്രതീക്ഷിക്കാത്തപ്പോൾ ഒരു സമ്മാനം കിട്ടുന്നതിൻറെ രസം പറഞ്ഞറിയിക്കാൻ പറ്റില്ല.”—റ്റാമി, 12 വയസ്സ്.
“എൻറെ പിറന്നാളിൻറെ പേരിൽ ആരും എനിക്കു സമ്മാനങ്ങൾ തരാറില്ലെങ്കിലും അച്ഛനും അമ്മയും എനിക്കു മറ്റു പലപ്പോഴും സമ്മാനങ്ങൾ തരാറുണ്ട്. വിചാരിക്കാത്ത സമയത്ത് അതു കിട്ടുന്നതാണ് എനിക്ക് ഇഷ്ടം!”—ഗ്രിഗറി, 11 വയസ്സ്.
“പത്തു മിനിറ്റും കുറച്ച് കേക്കും ഒരു പാട്ടും ഉണ്ടെങ്കിൽ ഒരു പാർട്ടിയായെന്നാണോ? ശരിക്കുമുള്ള പാർട്ടി കാണണമെങ്കിൽ എൻറെ വീട്ടിലേക്കു വാ.”—എറിക്ക്, 6 വയസ്സ്.