ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ മതത്തിന്റെ ഭാഗമല്ലാത്തവരെ അവർ ഒഴിവാക്കാറുണ്ടോ?
സ്നാനമേറ്റ് യഹോവയുടെ സാക്ഷികളായിത്തീർന്നിട്ട് പ്രസംഗപ്രവർത്തനം നിറുത്തിക്കളയുകയോ സഹവിശ്വാസികളുമായുള്ള സഹവാസം ഉപേക്ഷിക്കുകയോ ചെയ്യുന്നവരെ ഞങ്ങൾ അകറ്റിനിറുത്താറില്ല. വാസ്തവത്തിൽ ആത്മീയകാര്യങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന താത്പര്യം വീണ്ടെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഗുരുതരമായ ഒരു പാപം ചെയ്ത വ്യക്തിയെ ഞങ്ങൾ ഒന്നുംനോക്കാതെ പുറത്താക്കുകയില്ല. എന്നാൽ സ്നാനമേറ്റ ഒരു സാക്ഷി ബൈബിളിന്റെ ധാർമികസംഹിത ലംഘിക്കുന്നത് ശീലമാക്കുകയും അതേക്കുറിച്ച് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ ആ വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കും; ആ വ്യക്തിയുമായുള്ള സഹവാസം ഞങ്ങൾ പാടേ ഒഴിവാക്കുകയും ചെയ്യും. കാരണം, “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുവിൻ” എന്ന് ബൈബിൾ വ്യക്തമായി നിർദേശിക്കുന്നു.—1 കൊരിന്ത്യർ 5:13.
എന്നാൽ പുറത്താക്കപ്പെട്ട വ്യക്തിക്ക് യഹോവയുടെ സാക്ഷികളായ ഭാര്യയും മക്കളും ഉണ്ടെങ്കിലോ? കുടുംബവുമായുള്ള ആ വ്യക്തിയുടെ മതപരമായ ബന്ധത്തിന് മാറ്റം വരുമെങ്കിലും കുടുംബാംഗങ്ങളുമായുള്ള സ്വാഭാവികബന്ധത്തിന് ഒന്നും സംഭവിക്കുന്നില്ല. ദാമ്പത്യവും കുടുംബത്തിലെ സ്നേഹവും ഇടപെടലുകളും പഴയതുപോലെ തുടരും.
പുറത്താക്കപ്പെട്ട വ്യക്തികൾക്കും ഞങ്ങളുടെ മതപരമായ യോഗങ്ങളിൽ സംബന്ധിക്കാവുന്നതാണ്. അവർ ആഗ്രഹിക്കുന്നെങ്കിൽ സഭയിലെ മൂപ്പന്മാരിൽനിന്ന് ആത്മീയ ബുദ്ധിയുപദേശങ്ങൾ സ്വീകരിക്കാനുള്ള അവസരവുമുണ്ട്. പുറത്താക്കപ്പെട്ട വ്യക്തിയെ വീണ്ടും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ സഹായിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. തെറ്റായ ജീവിതരീതി ഒഴിവാക്കുകയും ബൈബിൾനിലവാരങ്ങൾക്കൊത്ത് ജീവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നെന്ന് തെളിയിക്കുകയും ചെയ്യുന്നെങ്കിൽ പുറത്താക്കപ്പെട്ട ഏതൊരു വ്യക്തിക്കും വീണ്ടും ഒരു യഹോവയുടെ സാക്ഷിയാകാവുന്നതാണ്.