യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
ചില തെറ്റിദ്ധാരണകൾ
മിഥ്യ: യഹോവയുടെ സാക്ഷികൾ മരുന്നിലും ചികിത്സയിലും വിശ്വസിക്കുന്നില്ല.
സത്യം: ഏറ്റവും നല്ല ചികിത്സ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ രക്തം കൂടാതെ ചികിത്സിക്കാൻ കഴിവുള്ള പ്രഗദ്ഭരായ ഡോക്ടർമാരുടെയും ശസ്ത്രക്രിയാവിദഗ്ധരുടെയും സഹായം ഞങ്ങൾ തേടും. ചികിത്സാരംഗത്ത് വന്നിട്ടുള്ള പുരോഗതികളെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. വാസ്തവത്തിൽ, യഹോവയുടെ സാക്ഷികളിൽപ്പെട്ട രോഗികൾക്കുവേണ്ടി വികസിപ്പിച്ചെടുത്ത, രക്തം കൂടാതെയുള്ള ചികിത്സാരീതി സമൂഹത്തിലെ മറ്റ് ആളുകൾക്കും ഇപ്പോൾ ഉപകാരപ്പെടുന്നുണ്ട്. രക്തപ്പകർച്ച മൂലം പല അപകടങ്ങൾ അതായത്, രക്തജന്യരോഗങ്ങൾ, പ്രതിരോധവ്യവസ്ഥയിലുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ, രക്തം കൈകാര്യം ചെയ്യുന്നതിൽ വരുന്ന പിഴവുകൾ തുടങ്ങിയവ ഉള്ളതിനാൽ പല രാജ്യങ്ങളിലെയും രോഗികൾക്ക് രക്തം കൂടാതെയുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്.
മിഥ്യ: പ്രാർഥനയിലൂടെ രോഗം ഭേദമാകുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.
സത്യം: പ്രാർഥനയിലൂടെ മാത്രം രോഗം ഭേദമാകുമെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ.
മിഥ്യ: രക്തപ്പകർച്ച ഒഴിവാക്കുന്നത് വളരെ ചെലവേറിയതാണ്.
സത്യം: രക്തരഹിത ചികിത്സാരീതികൾക്ക് ചെലവ് കുറവാണ്. a
മിഥ്യ: രക്തം സ്വീകരിക്കാത്തതുമൂലം കുട്ടികൾ ഉൾപ്പെടെ അനേകം സാക്ഷികൾ ഓരോ വർഷവും മരിക്കുന്നു.
സത്യം: ഈ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഹൃദയം, എല്ല്, അവയവം മാറ്റിവെക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീർണമായ ശസ്ത്രക്രിയകൾ ഡോക്ടർമാർ രക്തം കൂടാതെ പതിവായി ചെയ്തുവരുന്നു. b രക്തം സ്വീകരിക്കാത്ത, കുട്ടികൾ അടക്കമുള്ള രോഗികൾ അത് സ്വീകരിക്കുന്നവരെക്കാൾ ആരോഗ്യമുള്ളവരായി കണ്ടുവരുന്നു. c ഏതായാലും രക്തം വർജിക്കുന്നതുകൊണ്ട് ഒരു രോഗി മരിക്കുമെന്നോ അത് സ്വീകരിക്കുന്നതുകൊണ്ട് അവർ ജീവിക്കുമെന്നോ ആർക്കും ഉറപ്പ് പറയാനാകില്ല.
എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തത്?
വൈദ്യശാസ്ത്രപരമായ ഒരു വിഷയം എന്നതിലുപരി ഇത് മതപരമായ ഒരു കാര്യമാണ്. രക്തം വർജിക്കണമെന്ന് പഴയനിയമവും പുതിയനിയമവും ഒരുപോലെ നമ്മളോട് കല്പിക്കുന്നു. (ഉല്പത്തി 9:4; ലേവ്യപുസ്തകം 17:10; ആവർത്തനപുസ്തകം 12:23; പ്രവൃത്തികൾ 15:28, 29) മാത്രമല്ല, ജീവനെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിട്ടാണ് ദൈവം രക്തത്തെ വീക്ഷിക്കുന്നത്. (ലേവ്യപുസ്തകം 17:14) അതുകൊണ്ട്, രക്തം വർജിക്കുക എന്നത് ദൈവത്തോടുള്ള അനുസരണം മാത്രമല്ല, ജീവദാതാവെന്ന നിലയിൽ ദൈവത്തോടുള്ള ആദരവുംകൂടിയാണ്.
കാഴ്ചപ്പാടുകൾക്ക് മാറ്റംവരുന്നു
ഒരു കാലത്ത് വൈദ്യസമൂഹം രക്തപ്പകർച്ച ഒഴിവാക്കാനുള്ള ഉപാധികളെ—രക്തരഹിത മരുന്നുകൾ എന്നും അറിയപ്പെട്ടിരുന്നു—വിചിത്രമോ ആത്മഹത്യാപരംപോലുമോ ആയി വീക്ഷിച്ചിരുന്നു. എന്നാൽ, അടുത്ത കാലത്ത് ഈ കാഴ്ചപ്പാടിന് മാറ്റം വന്നിരിക്കുന്നു. ഉദാഹരണത്തിന്, ഒരു വൈദ്യശാസ്ത്ര വിദ്യാഭ്യാസ പത്രികയിലെ 2004-ൽ വന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “ഇന്ന് യഹോവയുടെ സാക്ഷികളിൽപ്പെട്ട രോഗികളെ ചികിത്സിക്കുന്നതിനായി വികസിപ്പിച്ചെടുത്തിരിക്കുന്ന പല സാങ്കേതികവിദ്യകളും വരും വർഷങ്ങളിൽ സാധാരണ ചികിത്സാരീതിയായിത്തീരും.” d “രക്തരഹിതശസ്ത്രക്രിയ യഹോവയുടെ സാക്ഷികൾക്കു മാത്രമായി പരിമിതപ്പെടുത്തേണ്ട ഒന്നല്ലെന്നും ദൈനംദിനമുള്ള ശസ്ത്രക്രിയകളിൽ ഇത് ഒരു അവിഭാജ്യഘടകമായി മാറണമെന്നും” ഹൃദയം, ശ്വാസകോശം, രക്തചംക്രമണം എന്ന പത്രികയിൽ 2010-ൽ വന്ന ഒരു ലേഖനം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഡോക്ടർമാർ രക്തം കൂടാതെ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുമ്പോൾ രക്തനഷ്ടം കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. രക്തപ്പകർച്ചയ്ക്ക് പകരമായുള്ള അത്തരം ചികിത്സകൾ, വികസ്വരരാജ്യങ്ങളിൽപ്പോലും ഉപയോഗിക്കുന്നുണ്ട്. കൂടാതെ, യഹോവയുടെ സാക്ഷികളല്ലാത്തവർപോലും ഇത്തരം ചികിത്സാരീതി ഇപ്പോൾ ആവശ്യപ്പെടാറുണ്ട്.
a ബോധം കെടുത്തൽ, അടിയന്തിര ചികിത്സാപഠനം (Continuing Education in Anaesthesia, Critical Care & Pain), വാല്യം 4, നമ്പർ 2, പേജ് 39.
b രക്തപ്പകർച്ചയും ശുചീകരണവും (Transfusion and Apheresis Science), വാല്യം 33, നമ്പർ 3, പേജ് 349 കാണുക.
c നെഞ്ച്-ഹൃദയ ശസ്ത്രക്രിയാപത്രിക (The Journal of Thoracic and Cardiovascular Surgery), വാല്യം 134, നമ്പർ 2, പേജ് 287-288; ടെക്സാസ് ഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് പത്രിക (Texas Heart Institute Journal), വാല്യം 38, നമ്പർ 5, പേജ് 563; രക്തം-ചില അടിസ്ഥാന വിഷയങ്ങൾ (Basics of Blood Management), പേജ് 2; ബോധം കെടുത്തൽ അടിയന്തിര ചികിത്സാപഠനം (Continuing Education in Anaesthesia, Critical Care & Pain), വാല്യം 4, നമ്പർ 2, പേജ് 39 എന്നിവ കാണുക.
d നെഞ്ച്-ഹൃദയ ശസ്ത്രക്രിയാപത്രിക (The Journal of Thoracic and Cardiovascular Surgery), വാല്യം 89, നമ്പർ 6, പേജ് 918; ഹൃദയം, ശ്വാസകോശം, രക്തചംക്രമണം (Heart, Lung and Circulation), വാല്യം 19, പേജ് 658 കാണുക.