യഹോവയുടെ സാക്ഷികൾ ഒരു പുതിയ മതവിഭാഗമാണോ?
അല്ല, യഹോവയുടെ സാക്ഷികൾ ഒരു പുതിയ മതവിഭാഗമല്ല. പകരം, യേശുക്രിസ്‌തു വെച്ച മാതൃക പിൻപറ്റാനും അവന്റെ പഠിപ്പിക്കലുകൾക്ക് ചേർച്ചയിൽ ജീവിക്കാനും ആത്മാർഥമായി ശ്രമിക്കുന്ന ക്രിസ്‌ത്യാനികളാണ് ഞങ്ങൾ.
ഒരു മതവിഭാഗം എന്നാൽ എന്താണ്?
“മതവിഭാഗം” എന്നതുകൊണ്ട് പലരും പലതാണ് ഉദ്ദേശിക്കുന്നത്. ഇതിനെക്കുറിച്ചുള്ള രണ്ടു പൊതുധാരണകളും ആ ധാരണകൾ ഞങ്ങൾക്കു ബാധകമല്ലാത്തത് എന്തുകൊണ്ടാണെന്നും നോക്കാം.
“മതവിഭാഗം” എന്നതുകൊണ്ട് ചിലർ ഉദ്ദേശിക്കുന്നത് പുതിയ അഥവാ യാഥാസ്ഥിതികമല്ലാത്ത ഒരു മതത്തെയാണ്. യഹോവയുടെ സാക്ഷികൾ ഒരു പുതിയ മതം ഉണ്ടാക്കിയതല്ല. പകരം, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ ആരാധനാമാതൃക പിന്തുടരുക മാത്രമാണ് ഞങ്ങൾ ചെയ്‌തത്; അവരുടെ മാതൃകയും പഠിപ്പിക്കലുകളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (2 തിമൊഥെയൊസ് 3:16, 17) ആദ്യം മുതലുള്ളതും സ്വീകാര്യവും ആയ ആരാധന എന്താണെന്നു പറയാനുള്ള അധികാരം ബൈബിളിനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
“മതവിഭാഗം” എന്നതുകൊണ്ട് ചിലർ ഉദ്ദേശിക്കുന്നത് ഒരു മാനുഷനേതാവിനു കീഴിലുള്ള അപകടകരമായ ഒരു കൂട്ടത്തെയാണ്. യഹോവയുടെ സാക്ഷികൾ മനുഷ്യരെ ആരെയും തങ്ങളുടെ നേതാവായി കാണുന്നില്ല. മറിച്ച്, യേശു തന്റെ അനുഗാമികൾക്കായി വെച്ച നിലവാരത്തോട് ഞങ്ങൾ പറ്റിനിൽക്കുന്നു. അവൻ പറഞ്ഞു: “ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ.”—മത്തായി 23:10.
യഹോവയുടെ സാക്ഷികൾ ഒട്ടുംതന്നെ അപകടകാരികളല്ല. എന്നു മാത്രമല്ല, തങ്ങൾക്കും സമൂഹത്തിനും പ്രയോജനകരമായ കാര്യങ്ങൾ ചെയ്യുന്ന ഒരു മതമാണ് അവരുടേത്. ഉദാഹരണത്തിന്, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം പോലുള്ള ദോഷകരമായ ആസക്തികളിൽനിന്ന് വിമുക്തരാകാൻ ഞങ്ങളുടെ പ്രവർത്തനങ്ങൾ അനേകരെ സഹായിച്ചിരിക്കുന്നു. ഇതുകൂടാതെ, ഞങ്ങൾ ലോകമെമ്പാടും ആയിരക്കണക്കിന് ആളുകളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സാക്ഷരതാക്ലാസ്സുകൾ നടത്തുന്നു. അതുപോലെ, ഞങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെടുന്നു. അങ്ങനെ യേശു തന്റെ അനുഗാമികളോടു കല്‌പിച്ചതുപോലെ, മറ്റുള്ളവർക്ക് നന്മ കൈവരുത്തുന്ന വിധത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾ കഠിനശ്രമം ചെയ്യുന്നു.—മത്തായി 5:13-16.