ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്?
യഹോവയുടെ സാക്ഷികളുടെ എണ്ണമെടുക്കുന്നത് എങ്ങനെയാണ്?
ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നതിൽ ഓരോ മാസവും ഉത്സാഹത്തോടെ ഏർപ്പെടുന്ന വ്യക്തികളെ മാത്രമേ ഞങ്ങൾ യഹോവയുടെ സാക്ഷികളായി കണക്കുകൂട്ടാറുള്ളൂ. (മത്തായി 24:14) ഇതിൽ സ്നാനമേറ്റ യഹോവയുടെ സാക്ഷികളെ കൂടാതെ, പ്രസംഗിക്കാൻ യോഗ്യത നേടിയ സ്നാനമേറ്റിട്ടില്ലാത്തവരും ഉൾപ്പെടുന്നു.
ഒരു സാക്ഷിയാകാൻ പണം അടയ്ക്കേണ്ടതുണ്ടോ?
ഇല്ല. ഒരാൾ യഹോവയുടെ സാക്ഷിയാകുന്നതിനും ഞങ്ങളുടെ സംഘടനയിൽ എന്തെങ്കിലും നിയമനമോ പദവിയോ നിർവഹിക്കുന്നതിനും പണം അടയ്ക്കേണ്ട ആവശ്യമില്ല. (പ്രവൃത്തികൾ 8:18-20) വാസ്തവത്തിൽ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളുകൾ നൽകുന്ന സംഭാവനകളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഓരോ വ്യക്തിയും തന്റെ സമയവും ഊർജവും ആസ്തികളും ലോകവ്യാപക പ്രവർത്തനത്തിനുവേണ്ടി വിട്ടുകൊടുക്കുന്നത് സ്വന്തം ആഗ്രഹവും സാഹചര്യവും അനുസരിച്ചാണ്.—2 കൊരിന്ത്യർ 9:7.
പ്രസംഗപ്രവർത്തനത്തിൽ സജീവമായി ഏർപ്പെടുന്നവർ എത്ര പേരുണ്ടെന്ന് എങ്ങനെ അറിയാം?
ഓരോ മാസവും പ്രവർത്തിച്ചതിന്റെ ഒരു റിപ്പോർട്ട് സാക്ഷികൾ പ്രാദേശികസഭയിൽ നൽകും. ഇത് അവർ സ്വമനസ്സാലെ നൽകുന്നതാണ്.
അംഗങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രാദേശികസഭ ശേഖരിക്കുകയും അതിന്റെ ആകെത്തുക തയാറാക്കി ബ്രാഞ്ചോഫീസിന് അയച്ചുകൊടുക്കുകയും ചെയ്യും. ബ്രാഞ്ചോഫീസ്, തങ്ങളുടെ രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ റിപ്പോർട്ടുകളുടെ ആകെത്തുക ലോകാസ്ഥാനത്തേക്ക് അയച്ചുകൊടുക്കും.
സേവനവർഷത്തിന്റെ a അവസാനം ഓരോ രാജ്യത്തും ഏറ്റവും കൂടുതൽ സാക്ഷികൾ റിപ്പോർട്ട് ചെയ്തത് ഏത് മാസമാണെന്ന് കണ്ടുപിടിക്കും. അവ കൂട്ടിയെടുത്ത് ലോകവ്യാപകമായുള്ള സാക്ഷികളുടെ എണ്ണം തിട്ടപ്പെടുത്തും. ഓരോ രാജ്യത്തെയും വിശദമായ റിപ്പോർട്ടുകൾ നമ്മുടെ വെബ്സൈറ്റിലെ “ലോകമെങ്ങും” എന്ന ഭാഗത്ത് പ്രസിദ്ധീകരിക്കാറുണ്ട്. ആദ്യകാലത്തെ ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ ഇത്തരം അനുഭവങ്ങൾ ഞങ്ങൾക്കും പ്രോത്സാഹനം പകരുന്നു.—പ്രവൃത്തികൾ 2:41; 4:4; 15:3.
പ്രസംഗിക്കാത്തവരാണെങ്കിലും നിങ്ങളുടെ സംഘടനയോടൊപ്പം കൂടിവരുന്നവരുടെ എണ്ണം നിങ്ങൾ എടുക്കാറുണ്ടോ?
സാക്ഷികളുടെ എണ്ണത്തിൽ ഞങ്ങൾ അവരെ ഉൾപ്പെടുത്താറില്ലെങ്കിലും ഞങ്ങളുടെ സഭകളിലേക്ക് അവരെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. അവരിൽ മിക്കവരും എല്ലാ വർഷവും ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമയ്ക്കായി കൂടിവരാറുണ്ട്. അതിന് കൂടിവരുന്നവരുടെ എണ്ണമെടുക്കുന്നത് സാക്ഷികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അറിയാൻ ഞങ്ങളെ സഹായിക്കുന്നു. 2023-ൽ ഇതിന് കൂടിവന്നവരുടെ എണ്ണം 2,04,61,767 ആണ്.
ഞങ്ങളുടെ യോഗങ്ങൾക്കു വരാത്ത പലരും ഞങ്ങൾ സൗജന്യമായി നടത്തുന്ന ഭവന ബൈബിൾപഠനപരിപാടിയിൽനിന്നും പ്രയോജനം നേടുന്നുണ്ട്. 2023-ൽ ഓരോ മാസവും ഞങ്ങൾ ശരാശരി 72,81,212 ബൈബിൾപഠനം നടത്തി. അവയിൽ ചിലത് ഒരുസമയത്ത് പല ആളുകൾ ഉൾപ്പെടുന്ന ബൈബിൾപഠനമാണ്.
ഗവൺമെൻറ് എടുക്കുന്ന കണക്കെടുപ്പിൽ സാക്ഷികളുടെ എണ്ണം കൂടുതലായിരിക്കുന്നത് എന്തുകൊണ്ട്?
കണക്കെടുപ്പ് നടത്തുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥർ ആളുകളുടെ അടുത്ത് ചെന്ന് നിങ്ങൾ ഏത് മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് ചോദിക്കുകയാണ് പതിവ്. ഉദാഹരണത്തിന്, യു.എസ്. സെൻസസ് ബ്യൂറോ പറയുന്നത് “ആളുകൾ ഏത് മതവിഭാഗത്തോടാണ് മമത പുലർത്തുന്നത് എന്ന അവരുടെ അഭിപ്രായം” അറിയാനാണ് ഞങ്ങൾ അന്വേഷണം നടത്തുന്നത് എന്നാണ്. അതുകൊണ്ടുതന്നെ, കണക്കുകൾ “വസ്തുനിഷ്ഠമായിരിക്കുന്നതിനു പകരം ആളുകളുടെ വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളത്” ആയിരിക്കും. ഇതിൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ കണക്കുകൾ എടുക്കുന്നത് ഒരാൾ സ്വയം യഹോവയുടെ സാക്ഷിയാണ് എന്ന് പറയുന്നതുകൊണ്ട് മാത്രമല്ല പകരം, മറ്റുള്ളവരോട് ആ വ്യക്തി പ്രസംഗിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോഴാണ്.
a ഒരു സേവനവർഷം എന്ന് പറയുന്നത് തുടങ്ങുന്നത് സെപ്റ്റംബർ 1 മുതൽ അടുത്ത വർഷം ആഗസ്റ്റ് 31 വരെയുള്ള സമയത്തെയാണ്. ഉദാഹരണത്തിന്, 2015 എന്ന സേവനവർഷം 2014 സെപ്റ്റംബർ 1 മുതൽ 2015 ആഗസ്റ്റ് 31 വരെയായിരുന്നു.