യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?
യേശു പഠിപ്പിച്ചതും യേശുവിന്റെ ശിഷ്യന്മാർ ചെയ്തിരുന്നതും ആയ കാര്യങ്ങളോട് അടുത്ത് പറ്റിനിൽക്കാൻ യഹോവയുടെ സാക്ഷികളെന്ന നിലയിൽ ഞങ്ങൾ പരിശ്രമിക്കുന്നു. ഞങ്ങളുടെ അടിസ്ഥാനവിശ്വാസങ്ങളെക്കുറിച്ച് ഈ ലേഖനം ചുരുക്കമായി പറയും.
ദൈവം. ഏകസത്യദൈവവും സർവശക്തനും ആയ സ്രഷ്ടാവിനെ ഞങ്ങൾ ആരാധിക്കുന്നു. ആ ദൈവത്തിന്റെ പേര് യഹോവ എന്നാണ്. (സങ്കീർത്തനം 83:18; വെളിപാട് 4:11) ഈ ദൈവം, അബ്രാഹാമിന്റെയും മോശയുടെയും യേശുവിന്റെയും ദൈവമാണ്.—പുറപ്പാടു 3:6; 32:11; യോഹന്നാൻ 20:17.
ബൈബിൾ. മനുഷ്യകുടുംബത്തിനുള്ള ദൈവത്തിന്റെ നിശ്വസ്തസന്ദേശമാണ് ബൈബിൾ എന്ന് ഞങ്ങൾ അംഗീകരിക്കുന്നു. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16) “പഴയനിയമവും” “പുതിയനിയമവും” ഉൾപ്പെടെയുള്ള 66 പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ വിശ്വാസം കെട്ടിപ്പടുത്തിരിക്കുന്നത്. പ്രൊഫസർ ജയ്സൺ ഡി ബെഡൂൺ, യഹോവയുടെ സാക്ഷികളെക്കുറിച്ച് പിൻവരുന്ന കാര്യങ്ങൾ എഴുതിയപ്പോൾ ഇക്കാര്യം കൃത്യമായി വിവരിച്ചിട്ടുണ്ട്: “അവരുടെ വിശ്വാസവും പ്രവൃത്തികളും ബൈബിൾ യഥാർഥത്തിൽ പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. അല്ലാതെ, ബൈബിളിൽ എന്താണ് ഉണ്ടായിരിക്കേണ്ടതെന്ന് അവർ മുൻകൂട്ടി തീരുമാനിക്കുന്നില്ല.” a
ഞങ്ങൾ മുഴു ബൈബിളിനെയും അംഗീകരിക്കുന്നവരാണെങ്കിലും മൗലികവാദികളല്ല. ബൈബിളിന്റെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും അവ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടവയല്ലെന്നും ഞങ്ങൾ തിരിച്ചറിയുന്നു.—വെളിപാട് 1:1.
യേശു. ഞങ്ങൾ ക്രിസ്തുയേശുവിന്റെ പഠിപ്പിക്കലും മാതൃകയും പിൻപറ്റുകയും ഞങ്ങളുടെ രക്ഷകനും ദൈവപുത്രനും എന്ന നിലയിൽ ആദരിക്കുകയും ചെയ്യുന്നു. (മത്തായി 20:28; പ്രവൃത്തികൾ 5:31) ആ അർഥത്തിൽ ഞങ്ങൾ ക്രിസ്ത്യാനികളാണ്. (പ്രവൃത്തികൾ 11:26) എന്നിരുന്നാലും, യേശു സർവശക്തനായ ദൈവമല്ലെന്നും ത്രിത്വോപദേശത്തിന് തിരുവെഴുത്തടിസ്ഥാനമില്ലെന്നും ഞങ്ങൾ ബൈബിളിൽനിന്ന് പഠിച്ചിരിക്കുന്നു.—യോഹന്നാൻ 14:28.
ദൈവരാജ്യം. ഇത് സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ഒരു യഥാർഥഗവണ്മെന്റാണ്. അല്ലാതെ, ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ തോന്നുന്ന ഒരു അവസ്ഥയല്ല. ഇത് മനുഷ്യഗവണ്മെന്റുകളെയെല്ലാം നീക്കിക്കളഞ്ഞതിന് ശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റും. (ദാനിയേൽ 2:44; മത്തായി 6:9, 10) ബൈബിൾപ്രവചനം സൂചിപ്പിക്കുന്നതനുസരിച്ച് നമ്മൾ ജീവിക്കുന്നത് “അന്ത്യകാലത്ത്” ആയതിനാൽ ദൈവരാജ്യം എത്രയുംപെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കും—2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-14.
യേശു സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാണ്. ആ ഭരണം 1914-ൽ ആരംഭിച്ചു.—വെളിപാട് 11:15.
രക്ഷ. പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ സാധ്യമാകുന്നത് യേശുവിന്റെ മറുവിലായാഗത്തിലൂടെയാണ്. (മത്തായി 20:28; പ്രവൃത്തികൾ 4:12) ഈ യാഗത്തിൽനിന്ന് പ്രയോജനം നേടുന്നതിന് ആളുകൾ യേശുവിൽ വിശ്വസിച്ചാൽ മാത്രം പോരാ. പകരം, അവരുടെ ജീവിതഗതിക്ക് മാറ്റം വരുത്തുകയും സ്നാനമേൽക്കുകയും വേണം. (മത്തായി 28:19, 20; യോഹന്നാൻ 3:16; പ്രവൃത്തികൾ 3:19, 20) ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസം സജീവമാണെന്ന് തെളിയിക്കുന്നു. (യാക്കോബ് 2:24, 26) എന്നിരുന്നാലും, രക്ഷ നമ്മൾ നേടിയെടുക്കേണ്ട ഒന്നല്ല. അത്, ‘ദൈവകൃപയാൽ’ ലഭിക്കുന്നതാണ്.—ഗലാത്യർ 2:16, 21.
സ്വർഗം. യഹോവയാം ദൈവവും ക്രിസ്തുയേശുവും വിശ്വസ്തദൂതന്മാരും ആത്മമണ്ഡലത്തിൽ വസിക്കുന്നു. b (സങ്കീർത്തനം 103:19-21; പ്രവൃത്തികൾ 7:55) താരതമ്യേന ചെറിയൊരു സംഖ്യ, 1,44,000 പേർ, യേശുവിനോടൊപ്പം ഭരിക്കാനായി പുനരുത്ഥാനം പ്രാപിക്കും.—ദാനീയേൽ 7:27; 2 തിമൊഥെയൊസ് 2:12; വെളിപാട് 5:9, 10; 14:1, 3.
ഭൂമി. മനുഷ്യകുടുംബത്തിന്റെ നിത്യഭവനമായിരിക്കാനാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്. (സങ്കീർത്തനം 104:5; 115:16; സഭാപ്രസംഗി 1:4) അനുസരണമുള്ള ആളുകളെ ദൈവം പൂർണ ആരോഗ്യവും ഭൂമിയിലെ പറുദീസയിൽ നിത്യമായ ജീവിതവും നൽകി അനുഗ്രഹിക്കും.—സങ്കീർത്തനം 37:11, 34.
തിന്മയും കഷ്ടപ്പാടും. ദൈവത്തിന്റെ ദൂതന്മാരിലൊരാൾ മത്സരിച്ചതോടെയാണ് ഇത് ആരംഭിച്ചത്. (യോഹന്നാൻ 8:44) മത്സരത്തിനു ശേഷം സാത്താനെന്നും പിശാചെന്നും വിളിക്കപ്പെട്ട ഈ ദൂതൻ, ആദ്യമനുഷ്യജോഡിയെ അവന്റെ കൂടെ ചേരാൻ പ്രോത്സാഹിപ്പിച്ചു. അതിന്റെ പരിണതഫലം അവരുടെ പിൻഗാമികൾ അനുഭവിക്കേണ്ടിവന്നു. (ഉല്പത്തി 3:1-6; റോമർ 5:12) സാത്താൻ ഉയർത്തിയ ധാർമികവിഷയങ്ങൾക്ക് തീർപ്പുണ്ടാക്കാൻ ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നു. പക്ഷെ, ഇത് എന്നേക്കും തുടരാൻ ദൈവം ഇടയാക്കുകയില്ല.
മരണം. ആളുകൾ മരിക്കുമ്പോൾ അവർ ഇല്ലാതെയാകുന്നു. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 10) ഒരു തീനരകത്തിൽ അവർ ദണ്ഡനം അനുഭവിക്കുന്നില്ല.
പുനരുത്ഥാനത്തിലൂടെ ദൈവം കോടിക്കണക്കിന് ആളുകളെ മരണത്തിൽനിന്ന് തിരികെ കൊണ്ടുവരും. (പ്രവൃത്തികൾ 24:15) എന്നിരുന്നാലും, ജീവനിലേക്ക് വന്ന ആളുകൾ ദൈവത്തിന്റെ വഴികൾ പഠിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ ഒരു പുനരുത്ഥാനപ്രതീക്ഷ ഇല്ലാതെ അവരെ എന്നേക്കുമായി നശിപ്പിച്ചുകളയും.—വെളിപാട് 20:14, 15.
കുടുംബം. വിവാഹത്തോടുള്ള ബന്ധത്തിൽ, ഒരു പുരുഷന് ഒരു സ്ത്രീ എന്ന ദൈവത്തിന്റെ ആദിമനിലവാരത്തോട് ഞങ്ങൾ പറ്റിനിൽക്കുന്നു. ലൈംഗികദുർമാർഗം മാത്രമാണ് വിവാഹമോചനത്തിനുള്ള സാധുവായ ഏക അടിസ്ഥാനം. (മത്തായി 19:4-9) ബൈബിളിൽ കാണുന്ന ജ്ഞാനം കുടുംബജീവിതം വിജയിപ്പിക്കാൻ സഹായകമാണെന്ന് ഞങ്ങൾക്ക് ഉറച്ചബോധ്യമുണ്ട്.—എഫെസ്യർ 5:22–6:1.
ഞങ്ങളുടെ ആരാധന. ഞങ്ങൾ കുരിശിനെയോ മറ്റ് പ്രതിമകളെയോ വണങ്ങുന്നില്ല. (ആവർത്തനപുസ്തകം 4:15-19; 1 യോഹന്നാൻ 5:21) താഴെ പറയുന്നവയാണ് ഞങ്ങളുടെ ആരാധനയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാനകാര്യങ്ങൾ:
ദൈവത്തോട് പ്രാർഥിക്കുന്നത്.—ഫിലിപ്പിയർ 4:6.
ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത്.—സങ്കീർത്തനം 1:1-3.
ബൈബിളിൽനിന്നും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത്.—സങ്കീർത്തനം 77:12.
പ്രാർഥിക്കാൻ, ബൈബിൾ പഠിക്കാൻ, ഗീതങ്ങൾ ആലപിക്കാൻ, വിശ്വാസം പ്രകടിപ്പിക്കാൻ, സഹവിശ്വാസികളെയും മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ കൂടിവരുന്നത്.—കൊലോസ്യർ 3:16; എബ്രായർ 10:23-25.
‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കുന്നത്.—മത്തായി 24:14.
ആവശ്യക്കാരുടെ സഹായത്തിനെത്തുന്നത്.—യാക്കോബ് 2:14-17.
ഞങ്ങളുടെ ലോകവ്യാപക ബൈബിൾവിദ്യാഭ്യാസ വേലയുടെ വ്യാപനത്തിനായുള്ള രാജ്യഹാളുകളും മറ്റ് സൗകര്യങ്ങളും നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.—സങ്കീർത്തനം 127:1.
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരുന്നത്.—പ്രവൃത്തികൾ 11:27-30.
ഞങ്ങളുടെ സംഘടന. ഞങ്ങൾ സഭകളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോന്നിന്റെയും മേൽനോട്ടം വഹിക്കുന്നത് മൂപ്പന്മാരുടെ ഒരു സംഘമാണ്. എന്നാൽ, അവർ ഒരു പുരോഹിതവർഗമല്ല, അവർക്ക് ശമ്പളവുമില്ല. (മത്തായി 10:8; 23:8) ഞങ്ങൾ ദശാംശം ആവശ്യപ്പെടുകയോ യോഗങ്ങളിൽ പണപ്പിരിവ് നടത്തുകയോ ചെയ്യുന്നില്ല. (2 കൊരിന്ത്യർ 9:7) ആളുകൾ, പേര് വെളിപ്പെടുത്താതെ നൽകുന്ന സംഭാവനകൾകൊണ്ടാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഞങ്ങളുടെ ലോകാസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു ചെറിയകൂട്ടം പക്വതയുള്ള ക്രിസ്ത്യാനികൾ ഒരു ഭരണസംഘമായി സേവിക്കുന്നു. ഇവർ ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.—മത്തായി 24:45.
ഞങ്ങൾക്കിടയിലെ ഐക്യം. ഗോളവ്യാപകമായി ഞങ്ങൾ എല്ലാവരും ഒരേ കാര്യങ്ങളാണ് വിശ്വസിക്കുന്നത്. (1 കൊരിന്ത്യർ 1:10) സാമൂഹികമോ വർഗീയമോ വംശീയമോ മറ്റ് തരംതിരിവുകളോ ഇല്ലാതിരിക്കാൻ ഞങ്ങൾ കഠിനശ്രമം ചെയ്യുന്നു. (പ്രവൃത്തികൾ 10:34, 35; യാക്കോബ് 2:4) എങ്കിലും, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ഓരോ സാക്ഷിയും അവരവരുടെ ബൈബിൾപരിശീലിത മനസ്സാക്ഷിക്ക് ചേർച്ചയിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നു.—റോമർ 14:1-4; എബ്രായർ 5:14.
ഞങ്ങളുടെ പെരുമാറ്റം. എല്ലാ പ്രവർത്തനങ്ങളിലും നിസ്സ്വാർഥമായ സ്നേഹം കാണിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. (യോഹന്നാൻ 13:34, 35) രക്തത്തിന്റെ ദുരുപയോഗം ഉൾപ്പെടുന്ന രക്തപ്പകർച്ച ഉൾപ്പെടെ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ ഒഴിവാക്കുന്നു. (പ്രവൃത്തികൾ 15:28, 29; ഗലാത്യർ 5:19-21) ഞങ്ങൾ സമാധാനപ്രിയരായതിനാൽ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. (മത്തായി 5:9; യെശയ്യാവു 2:4) ഞങ്ങൾ ജീവിക്കുന്ന രാജ്യത്തെ ഗവണ്മെന്റിനെ ആദരിക്കുന്നു, ദൈവനിയമങ്ങൾ ലംഘിക്കാൻ ആവശ്യപ്പെടാത്തിടത്തോളം ഗവണ്മെന്റ് നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നു.—മത്തായി 22:21; പ്രവൃത്തികൾ 5:29.
മറ്റുള്ളവരുമായുള്ള ഞങ്ങളുടെ ബന്ധം. “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് യേശു കല്പിച്ചു. ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗമല്ല” എന്നും യേശു പറഞ്ഞു. (മത്തായി 22:39; യോഹന്നാൻ 17:16) ‘സകലർക്കും നന്മ ചെയ്യാനും’ അതേസമയം രാഷ്ട്രീയകാര്യങ്ങളിൽ കർശനമായി നിഷ്പക്ഷത പാലിക്കാനും മറ്റ് മതങ്ങളുമായി ഇടകലരാതിരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. (ഗലാത്യർ 6:10; 2 കൊരിന്ത്യർ 6:14) എന്നാൽ, ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ഞങ്ങൾ മാനിക്കുകയും ചെയ്യുന്നു.—റോമർ 14:12.
യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതലായ ചോദ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാനോ ഞങ്ങളുടെ ഏതെങ്കിലും ഓഫീസുമായി ബന്ധപ്പെടാനോ നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാൾ സന്ദർശിക്കാനോ സാക്ഷികളിൽപ്പെട്ട ആരോടെങ്കിലും സംസാരിക്കാനോ സാധിക്കും.
a പരിഭാഷയിലെ പരമാർഥത (ഇംഗ്ലീഷ്) പേജ് 165 കാണുക.
b ദുഷ്ടദൂതന്മാരെ സ്വർഗത്തിൽനിന്ന് പുറത്താക്കിയെങ്കിലും അവർ ഇപ്പോഴും ആത്മമണ്ഡലത്തിൽത്തന്നെ തുടരുന്നു.—വെളിപാട് 12:7-9.