യഹോവയുടെ സാക്ഷികൾ ക്രിസ്ത്യാനികളാണോ?
അതെ. പിൻവരുന്ന കാരണങ്ങൾ കാണുക:
യേശുക്രിസ്തുവിന്റെ ഉപദേശങ്ങളും മാതൃകയും അടുത്തു പിൻപറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു.—1 പത്രോസ് 2:21.
രക്ഷയുടെ അടിസ്ഥാനം യേശുവാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. “മറ്റൊരുവനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടേണ്ടതിനായി ആകാശത്തിൻകീഴിൽ മനുഷ്യരുടെയിടയിൽ നൽകപ്പെട്ടിരിക്കുന്ന മറ്റൊരു നാമവുമില്ല.”—പ്രവൃത്തികൾ 4:12.
യഹോവയുടെ സാക്ഷികളായിത്തീരുന്നവർ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുന്നു.—മത്തായി 28:18, 19.
ഞങ്ങൾ യേശുവിന്റെ നാമത്തിലാണ് പ്രാർഥിക്കുന്നത്.—യോഹന്നാൻ 15:16.
ഏതൊരു പുരുഷന്റെയും ശിരസ്സാക്കിവെച്ചിരിക്കുന്നത് അഥവാ അവന്റെ മേൽ അധികാരം പ്രയോഗിക്കാൻ നിയുക്തനാക്കിയിരിക്കുന്നത് യേശുവിനെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.—1 കൊരിന്ത്യർ 11:3.
എന്നാൽ ക്രിസ്ത്യാനികളെന്ന് അറിയപ്പെടുന്ന മതവിഭാഗങ്ങളിൽനിന്ന് വ്യത്യസ്തരാണ് ഞങ്ങൾ--പലവിധങ്ങളിൽ. ഉദാഹരണത്തിന്, യേശു ദൈവത്തിന്റെ പുത്രനാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു; അതുകൊണ്ട് യേശു ത്രിത്വത്തിന്റെ ഭാഗമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (മർക്കോസ് 12:29) ദേഹി അമർത്യമാണെന്നോ ദൈവം മനുഷ്യരെ നരകത്തിൽ നിത്യമായി ദണ്ഡിപ്പിക്കുമെന്നോ മതകാര്യങ്ങളിൽ നേതൃത്വമെടുക്കുന്നവർക്ക് മറ്റുള്ളവരുടെ മീതെ അവരെ ഉയർത്തിക്കാട്ടുന്ന സ്ഥാനപ്പേരുകൾ ഉണ്ടായിരിക്കണമെന്നോ ഞങ്ങൾ വിശ്വസിക്കുന്നില്ല.—സഭാപ്രസംഗി 9:5; യെഹെസ്കേൽ 18:4; മത്തായി 23:8-10.