ദശാംശം കൊടുക്കുന്ന രീതി യഹോവയുടെ സാക്ഷികൾക്ക് ഉണ്ടോ?
ഇല്ല, യഹോവയുടെ സാക്ഷികൾക്ക് ദശാംശം കൊടുക്കുന്ന രീതിയില്ല. സ്വമേധയാ ലഭിക്കുന്ന സംഭാവനകളാലാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ദശാംശം എന്നാൽ എന്താണ്? യഹോവയുടെ സാക്ഷികൾ ദശാംശം കൊടുക്കാത്തത് എന്തുകൊണ്ടാണ്?
ദശാംശം കൊടുക്കാനുള്ള അഥവാ വസ്തുവകകളുടെ പത്തിലൊന്ന് കൊടുക്കാനുള്ള കല്പന, പുരാതന ഇസ്രായേൽജനത്തിന് കൊടുത്ത ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും, “ദശാംശം വാങ്ങുവാൻ” ആവശ്യപ്പെട്ടിരുന്നത് ഉൾപ്പെടെയുള്ള ന്യായപ്രമാണം ക്രിസ്ത്യാനികൾ പിൻപറ്റേണ്ടതില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു.—എബ്രായർ 7:5, 18; കൊലോസ്യർ 2:13, 14.
ഒരു നിബന്ധനയെന്ന നിലയിൽ ദശാംശങ്ങളും വഴിപാടുകളും കൊടുക്കുന്നതിനു പകരം, യഹോവയുടെ സാക്ഷികൾ ആദിമക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് പിൻവരുന്ന രണ്ടു വിധങ്ങളിൽ സുവാർത്താവേലയെ പിന്തുണയ്ക്കുന്നു: അവർ യാതൊരു ശമ്പളവും കൈപ്പറ്റാതെ പ്രസംഗവേല ചെയ്യുന്നു; സ്വമനസ്സാലെ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
അങ്ങനെ ക്രിസ്ത്യാനികൾക്കുള്ള ഈ ബൈബിൾനിർദേശം ഞങ്ങൾ പിന്തുടരുന്നു: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്; നിർബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്നേഹിക്കുന്നത്.”—2 കൊരിന്ത്യർ 9:7.