യഹോവയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?
ഉണ്ട്. “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” എന്നു പറഞ്ഞ യേശുവിൽ ഞങ്ങൾ തീർച്ചയായും വിശ്വസിക്കുന്നു. (യോഹന്നാൻ 14:6) യേശു സ്വർഗത്തിൽനിന്ന് ഭൂമിയിൽ വന്നെന്നും തന്റെ പൂർണതയുള്ള മനുഷ്യജീവൻ ഒരു മറുവിലയാഗമായി അർപ്പിച്ചെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (മത്തായി 20:28) യേശുവിന്റെ മരണവും പുനരുത്ഥാനവും അവനിൽ വിശ്വാസമർപ്പിക്കുന്ന ഏവർക്കും നിത്യജീവനിലേക്കുള്ള വഴിതുറന്നിരിക്കുന്നു. (യോഹന്നാൻ 3:16) യേശു ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ രാജാവായി വാഴുകയാണെന്നും പെട്ടെന്നുതന്നെ അവന്റെ രാജ്യം മുഴുഭൂമിയിലും സമാധാനം കൈവരുത്തുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (വെളിപാട് 11:15) അതേസമയം, “പിതാവ് എന്നെക്കാൾ വലിയവനാകുന്നു” എന്ന യേശുവിന്റെ വാക്കുകളും ഞങ്ങൾ മനസ്സിൽപ്പിടിക്കുന്നു. (യോഹന്നാൻ 14:28) അതുകൊണ്ട് ഞങ്ങൾ യേശുവിനെ ആരാധിക്കുന്നില്ല; അവൻ സർവശക്തനായ ദൈവമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.