വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി എന്താണ്?
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ 1884-ൽ യു. എസ്. എ. പെൻസിൽവേനിയ കോമൺവെൽത്തിന്റെ നിയമപ്രകാരം സ്ഥാപിതമായ ഒരു ലാഭരഹിതകോർപ്പറേഷനാണ്. ഇത് യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകവേലയെ പിന്തുണയ്ക്കുന്നു. അതിൽ ബൈബിളും ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നത് ഉൾപ്പെടുന്നു.
കോർപ്പറേഷന്റെ അധികാരപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച് “മതപരവും വിദ്യാഭ്യാസപരവും സാമൂഹികപരവും” ആയ ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് അതിന്റെ പ്രവർത്തനങ്ങൾ. “യേശുവിന്റെ നേതൃത്വത്തിൻ കീഴിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക” എന്നത് അതിൽ ഉൾപ്പെടുന്നു. ഈ കോർപ്പറേഷനിൽ അംഗത്വത്തിന് വെറുമൊരു ക്ഷണം ലഭിച്ചാൽ മതിയാകും. എത്രമാത്രം സംഭാവന ചെയ്യുന്നു എന്നത് അതിന് ഒരു മാനദണ്ഡമല്ല. ഈ കോർപ്പറേഷന്റെ അംഗങ്ങളും ഡയറക്ടർമാരും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തെ സഹായിക്കുന്നു.
നിയമാനുസൃത കോർപ്പറേഷനുകൾ
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ കൂടാതെ യഹോവയുടെ സാക്ഷികൾക്ക് വ്യത്യസ്തരാജ്യങ്ങളിൽ പല നിയമപരമായ കോർപ്പറേഷനുകളുമുണ്ട്. അത്തരം നിയമപരമായ സംഘടനകളുടെ പേരുകളിൽ ‘വാച്ച് ടവർ,’ ‘വാച്ച്ടവർ’ എന്നോ ഇവയുടെ പരിഭാഷകളോ ഉണ്ടാകും.
ഈ നിയമാനുസൃത കോർപ്പറേഷനുകളിലൂടെ പല കാര്യങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. പിൻവരുന്നവ അവയിൽ ചിലതാണ്:
എഴുത്തും അച്ചടിയും. ഞങ്ങൾ ഏകദേശം 22 കോടി ബൈബിളുകളും 800-ലധികം ഭാഷകളിലായി 4,000 കോടിയിലധികം ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നുണ്ട്. ഓൺലൈനിലൂടെ 120-ലധികം ഭാഷകളിൽ ബൈബിൾ വായിക്കാൻ jw.org വെബ്സൈറ്റ് മുഖേന സാധ്യമാകുന്നു, അതും തികച്ചും സൗജന്യമായി! കൂടാതെ “എന്താണ് ദൈവരാജ്യം?” എന്നതുപോലുള്ള ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ സൈറ്റിൽ ലഭ്യമാണ്.
വിദ്യാഭ്യാസം. ബൈബിൾ പഠിപ്പിക്കുന്നതിനായി വ്യത്യസ്ത സ്കൂളുകൾ ഞങ്ങൾ നടത്തുന്നു. ഉദാഹരണത്തിന് 1943 മുതൽ 8,000-ത്തിലധികം യഹോവയുടെ സാക്ഷികൾ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്ന് മികച്ച പരിശീലനം നേടിയിരിക്കുന്നു. അവരിൽ ചിലർ മിഷനറിമാരായി സേവിക്കുന്നു. മറ്റു ചിലർ ഞങ്ങളുടെ ലോകവ്യാപകവേലയെ ത്വരിതപ്പെടുത്താനും പിന്തുണയ്ക്കാനും ആയി പ്രവർത്തിക്കുന്നു. യഹോവയുടെ സാക്ഷികൾ അല്ലാത്തവർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് എല്ലാ ആഴ്ചയിലും സഭകളിൽ നടത്തപ്പെടുന്ന യോഗങ്ങളിൽനിന്നും പ്രബോധനം ലഭിക്കുന്നു. കൂടാതെ ഞങ്ങൾ സാക്ഷരതാക്ലാസുകളും നടത്തുന്നു. വായിക്കാനും എഴുതാനും ആളുകളെ പഠിപ്പിക്കുന്നതിനുള്ള ഒരു പാഠപുസ്തകം 110 ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസപ്രവർത്തനം. ദുരന്തങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ഞങ്ങൾ ഭൗതികസഹായം എത്തിച്ചുകൊടുക്കാറുണ്ട്. 1994-ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കുരുതി, 2010-ൽ ഹെയ്റ്റിയിലുണ്ടായ ഭൂകമ്പം തുടങ്ങി മനുഷ്യനിർമിതവും അല്ലാത്തതും ആയ ദുരന്തങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
ഈ നിയമാനുസൃത കോർപ്പറേഷനുകളിലൂടെ പലതും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങളുടെ ശുശ്രൂഷ അവയെ ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നത്. സുവിശേഷം പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം ഓരോ ക്രിസ്ത്യാനിക്കും ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളതാണ്. (മത്തായി 24:14; 28:19, 20) ഞങ്ങളുടെ വേലയെ പിന്തുണയ്ക്കുന്നതും ‘വളർത്തുന്നതും’ ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.—1 കൊരിന്ത്യർ 3:6, 7.