വിവാഹമോചനത്തെക്കുറിച്ച് യഹോവയുടെ സാക്ഷികൾ എന്തു പറയുന്നു?
വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ബൈബിൾ പറയുന്ന അതേ വീക്ഷണമാണ് ഞങ്ങൾക്കുള്ളത്. ദൈവം വിവാഹം എന്ന ക്രമീകരണം ഏർപ്പെടുത്തിയത് ഭാര്യയും ഭർത്താവും ആജീവനാന്തം ഒരുമിച്ച് ജീവിക്കാൻവേണ്ടിയാണ്. വിവാഹമോചനത്തിനുള്ള ഒരേയൊരു തിരുവെഴുത്തടിസ്ഥാനം ലൈംഗിക അധാർമികതയാണ്.—മത്തായി 19:5, 6, 9.
തകർച്ചയുടെ വക്കിലെത്തിയ ദമ്പതികളെ യഹോവയുടെ സാക്ഷികൾ സഹായിക്കാറുണ്ടോ?
പല വിധങ്ങളിൽ സഹായിക്കാറുണ്ട്:
പ്രസിദ്ധീകരണങ്ങൾ. ഒരിക്കലും നേരെയാക്കാനാകില്ലെന്നു തോന്നുന്ന ബന്ധങ്ങൾപോലും ശക്തമാക്കാൻ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ സ്ഥിരംപംക്തികൾ സഹായിക്കുന്നു. അതിനു ചില ഉദാഹരണങ്ങളാണ്, “ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുക,” “എങ്ങനെ ക്ഷമിക്കാം?,” “വിശ്വാസം വീണ്ടെടുക്കാൻ” എന്നീ ലേഖനങ്ങൾ. നിങ്ങൾക്ക് അതു വായിച്ചുനോക്കാവുന്നതാണ്.
യോഗങ്ങൾ. വിവാഹജീവിതം വിജയകരമാക്കാൻ സഹായിക്കുന്ന, ബൈബിളിലുള്ള പ്രായോഗികനിർദേശങ്ങൾ ഞങ്ങളുടെ സഭായോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ചർച്ച ചെയ്യാറുണ്ട്.
മൂപ്പന്മാർ. സഭയിൽ നേതൃത്വമെടുക്കുന്ന മൂപ്പന്മാർ ദമ്പതികളെ വ്യക്തിപരമായി സഹായിക്കുന്നു. എഫെസ്യർ 5:22-25 പോലുള്ള ബൈബിൾവാക്യങ്ങൾ അവർ അതിനായി ഉപയോഗിക്കുന്നു.
വിവാഹമോചനം നേടാൻ സാക്ഷികൾക്കു മൂപ്പന്മാർ അനുമതി കൊടുക്കണോ?
വേണ്ടാ. ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മൂപ്പന്മാർ അവരെ സഹായിക്കുമെങ്കിലും അവർക്കുവേണ്ടി ഒരു തീരുമാനമെടുക്കാനുള്ള അധികാരം മൂപ്പന്മാർക്കില്ല. (ഗലാത്യർ 6:5) എന്നാൽ ബൈബിൾ പറയുന്ന കാരണത്താലല്ലാതെ ഒരാൾ വിവാഹമോചനം നേടുന്നെങ്കിൽ, അദ്ദേഹത്തിനു സഭയിൽ പ്രത്യേക പദവികളൊന്നും ലഭിക്കില്ല. കൂടാതെ, പുനർവിവാഹം ചെയ്യാനും ബൈബിൾ അനുവദിക്കുന്നില്ല.—1 തിമൊഥെയൊസ് 3:1, 5, 12.
വേർപിരിഞ്ഞ് താമസിക്കുന്നതിനെക്കുറിച്ചുള്ള സാക്ഷികളുടെ വീക്ഷണം എന്താണ്?
സുഖകരമല്ലാത്ത സാഹചര്യങ്ങളിൽപ്പോലും ദമ്പതികൾ ഒരുമിച്ചുകഴിയാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരിന്ത്യർ 7:10-16) ആത്മാർഥമായ പ്രാർഥനയിലൂടെയും ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതിലൂടെയും തമ്മിൽ ഉറ്റുസ്നേഹിക്കുന്നതിലൂടെയും പല പ്രശ്നങ്ങളും പരിഹരിക്കാനാകും.—1 കൊരിന്ത്യർ 13:4-8; ഗലാത്യർ 5:22.
എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ വേർപിരിഞ്ഞ് താമസിക്കാൻ ക്രിസ്ത്യാനികൾ തീരുമാനിച്ചേക്കാം. അത്തരം ചില സാഹചര്യങ്ങളാണ്:
മനഃപൂർവം കുടുംബം നോക്കാതിരിക്കുന്നത്.—1 തിമൊഥെയൊസ് 5:8.
അങ്ങേയറ്റത്തെ ശാരീരിക ഉപദ്രവം.—സങ്കീർത്തനം 11:5.
ദൈവവുമായുള്ള ബന്ധത്തിന് ഭീഷണിയാകുന്നത്. ഉദാഹരണത്തിന്, ദൈവകല്പനകൾ ലംഘിക്കാൻ ഒരു സാക്ഷിയെ ഇണ നിർബന്ധിക്കുന്നെന്നു കരുതുക. അത്തരം സാഹചര്യത്തിൽ, ‘മനുഷ്യരെയല്ല, ദൈവത്തെ അനുസരിക്കുക’ എന്ന ദിവ്യനിയമം പാലിക്കാൻ വേർപിരിയൽ മാത്രമാണ് പോംവഴിയെന്നു ക്രിസ്ത്യാനിയായ ഇണ തീരുമാനിച്ചേക്കാം.—പ്രവൃത്തികൾ 5:29.