യഹോവയുടെ സാക്ഷികൾ ശവസംസ്കാരച്ചടങ്ങുകളെ എങ്ങനെ വീക്ഷിക്കുന്നു?
ശവസംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള ഞങ്ങളുടെ വീക്ഷണങ്ങളും രീതികളും ബൈബിൾപഠിപ്പിക്കലുകളോട് ചേർച്ചയിലാണ്. അതിൽ ഉൾപ്പെടുന്നത്:
പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നത് സ്വാഭാവികമാണ്. പ്രിയപ്പെട്ടവരുടെ വേർപാടിൽ യേശുവിന്റെ ശിഷ്യന്മാരും ദുഃഖിച്ചിരുന്നു. (യോഹന്നാൻ 11:33-35, 38; പ്രവൃത്തികൾ 8:2; 9:39) ശവസംസ്കാരച്ചടങ്ങുകൾ മദ്യപിക്കാനുള്ള ഒരു അവസരമായി ഞങ്ങൾ കാണാറില്ല. (സഭാപ്രസംഗി 3:1, 4; 7:1-4) ആ സമയം ദുഃഖാർത്തരായ കുടുംബാംഗങ്ങളോട് സമാനുഭാവത്തോടെ പെരുമാറാൻ ഞങ്ങൾ ശ്രമിക്കുന്നു.—റോമർ 12:15.
മരിച്ചവർ ഒന്നും അറിയുന്നില്ല. ഞങ്ങൾ പല ജാതി-മത-സംസ്കാരത്തിൽ നിന്ന് വന്നിട്ടുള്ളവരാണെങ്കിലും ബൈബിളിനു വിരുദ്ധമായ വിശ്വാസങ്ങളെ പിന്താങ്ങുന്ന ആചാരങ്ങളും രീതികളും ഒഴിവാക്കുന്നു. ഉദാഹരണത്തിന് മരിച്ചവർ എവിടെയോ ജീവിച്ചിരിക്കുന്നുണ്ട്, അവർക്ക് ജീവനോടിരിക്കുന്നവരെ സ്വാധീനിക്കാൻ കഴിയും എന്നതുപോലുള്ളവ. (സഭാപ്രസംഗി 9:5, 6, 10) ശവശരീരത്തിനടുത്ത് ഒരു അനുഷ്ഠാനമെന്നവണ്ണം ഉണർന്നിരിക്കുക, ശവസംസ്കാരത്തിനു ശേഷം ആഘോഷം നടത്തുക, ചരമദിനവും ചരമവാർഷികവും ആഘോഷിക്കുക, മരിച്ചവർക്കുവേണ്ടി കർമങ്ങൾ നടത്തുക, വൈധവ്യകർമങ്ങൾ നിർവഹിക്കുക എന്നിവയെല്ലാം അശുദ്ധവും ദൈവത്തിന് അപ്രീതികരവും ആണ്. “വേർപെട്ടിരിക്കുവിൻ, അശുദ്ധമായതു തൊടരുത്” എന്ന ബൈബിളിന്റെ പിൻവരുന്ന നിർദേശത്തിനു ചേർച്ചയിൽ ഞങ്ങൾ ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു.—2 കൊരിന്ത്യർ 6:17.
മരിച്ചവർക്ക് പ്രത്യാശയുണ്ട്. മരിച്ചവർ വീണ്ടും ജീവനിലേക്കു വരുമെന്നും മരണമില്ലാത്ത ഒരു കാലം ഉണ്ടാകുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 24:15; വെളിപാട് 21:4) അങ്ങേയറ്റത്തെ വിലാപപ്രകടനങ്ങൾ ഒഴിവാക്കാൻ ഈ പ്രത്യാശ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ ഞങ്ങളെയും സഹായിക്കുന്നു.—1 തെസ്സലോനിക്യർ 4:13.
എളിമയുള്ളവരായിരിക്കാൻ ബൈബിൾ ഉപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 11:2) സമൂഹത്തിൽ ഒരുവനുള്ള ‘പ്രതാപത്തെയോ’ സാമ്പത്തികമായ ഉന്നതിയെയോ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായി ശവസംസ്കാരച്ചടങ്ങുകളെ ഞങ്ങൾ കാണാറില്ല. (1 യോഹന്നാൻ 2:16) ശവസംസ്കാരച്ചടങ്ങുകൾ ഒരു ആഘോഷമാക്കിമാറ്റുക എന്ന ഉദ്ദേശ്യത്തിൽ പണം വാരിയെറിഞ്ഞുകൊണ്ടുള്ള പരിപാടികളോ വിലപിടിപ്പുള്ള ശവപ്പെട്ടികളോ കാണികളെ വിസ്മയത്തിലാഴ്ത്തുന്ന തരത്തിലുള്ള ആടയലങ്കാരങ്ങളോ ഞങ്ങൾ ഉപയോഗിക്കാറില്ല.
ശവസംസ്ക്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ഞങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാറില്ല. “ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാകുന്നു” എന്ന തത്ത്വമാണ് ഇക്കാര്യത്തിൽ ഞങ്ങളെ നയിക്കുന്നത്. (റോമർ 14:12) എന്നിരുന്നാലും ഇതിനെക്കുറിച്ച് അറിയാൻ താത്പര്യമുള്ളവർക്ക് “സൗമ്യതയോടും ഭയാദരവോടുംകൂടെ” വിശദീകരിച്ചുകൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. —1 പത്രോസ് 3:15.
സാക്ഷികളുടെ ശവസംസ്കാരച്ചടങ്ങുകൾ എങ്ങനെയാണ്?
സ്ഥലം: വീട്ടുകാർക്ക് ഏറ്റവും അനുയോജ്യമായ ഒരിടത്ത്, ഉദാഹരണത്തിന് രാജ്യഹാളിലോ ശ്മശാനത്തിലോ കല്ലറകളിലോ മരണവീട്ടിൽതന്നെയോ ശവസംസ്കാരശുശ്രൂഷ നടത്താൻ തീരുമാനിച്ചേക്കാം.
ചടങ്ങ്: പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനായി, മരണത്തെക്കുറിച്ചും പുനരുത്ഥാന പ്രത്യാശയെക്കുറിച്ചും ബൈബിൾ എന്തു പറയുന്നെന്ന് വ്യക്തമാക്കുന്ന ഒരു പ്രസംഗമുണ്ടായിരിക്കും. (യോഹന്നാൻ 11:25; റോമർ 5:12; 2 പത്രോസ് 3:13) മരിച്ചുപോയ വ്യക്തിയുടെ നല്ല ഗുണങ്ങൾ പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിൽ അനുകരിക്കാൻ കഴിയുന്ന സവിശേഷമായ ചില കാര്യങ്ങൾ ആ പ്രസംഗത്തിൽ എടുത്തുപറഞ്ഞേക്കാം.—2 ശമുവേൽ 1:17-27.
തിരുവെഴുത്തുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പാട്ടും പാടിയേക്കാം. (കൊലോസ്യർ 3:16) ആശ്വാസമേകുന്ന ഒരു പ്രാർഥനയോടെ ചടങ്ങ് അവസാനിക്കും.—ഫിലിപ്പിയർ 4:6, 7.
ഫീസോ പണപ്പിരിവോ: ശവസംസ്കാരച്ചടങ്ങ് ഉൾപ്പെടെയുള്ള ഒരു ശുശ്രൂഷയ്ക്കും ഞങ്ങൾ പണം ഈടാക്കാറില്ല. ഞങ്ങളുടെ യോഗങ്ങളിൽ പണപ്പിരിവില്ല.—മത്തായി 10:8.
ഹാജർ: യഹോവയുടെ സാക്ഷികൾ അല്ലാത്തവർക്കും രാജ്യഹാളിൽവെച്ച് നടക്കുന്ന ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാം. ഞങ്ങളുടെ എല്ലാ യോഗപരിപാടികൾപോലെതന്നെ ഈ ചടങ്ങിനും പൊതുജനങ്ങൾക്കു വരാവുന്നതാണ്.
മറ്റു മതങ്ങളുടെ ശവസംസ്കാരച്ചടങ്ങുകളിൽ സാക്ഷികൾ പങ്കെടുക്കാറുണ്ടോ?
ഓരോ സാക്ഷിയുടെയും ബൈബിൾപരിശീലിതമായ മനസ്സാക്ഷിയനുസരിച്ച് ഇക്കാര്യത്തിൽ അവർ തീരുമാനമെടുക്കും. (1 തിമൊഥെയൊസ് 1:19) എന്നാൽ ബൈബിളിന് ചേർച്ചയിലല്ലാത്ത മതാചാരങ്ങളിൽനിന്ന് ഞങ്ങൾ വിട്ടുനിൽക്കും.—2 കൊരിന്ത്യർ 6:14-17.