യഹോവയുടെ സാക്ഷികൾ ശാസ്ത്രത്തെ എങ്ങനെയാണ് കാണുന്നത്?
ശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങളെ തികഞ്ഞ ആദരവോടെയാണ് ഞങ്ങൾ കാണുന്നത്. തെളിവുകളുടെ പിൻബലത്തോടെയുള്ള ശാസ്ത്രീയ കണ്ടെത്തലുകളിലും ഞങ്ങൾ വിശ്വസിക്കുന്നു.
“പ്രപഞ്ചത്തിൽ കാണപ്പെടുന്ന വസ്തുതകളെ വിശദീകരിക്കുകയും വിജ്ഞാനം പ്രദാനം ചെയ്യുകയും ചെയ്യുന്ന തത്ത്വസംഹിത” ആണ് ശാസ്ത്രം. (ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി നിഘണ്ടു) ബൈബിൾ ഒരു ശാസ്ത്ര പാഠപുസ്തകമല്ല. എങ്കിലും പ്രകൃതിയെക്കുറിച്ച് പഠിക്കാനും ശാസ്ത്രീയ കണ്ടെത്തലുകളിൽനിന്ന് പ്രയോജനം നേടാനും ബൈബിൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ചില ഉദാഹരണങ്ങൾ:
ജ്യോതിശാസ്ത്രം: “കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കുക. ഇവയെയെല്ലാം സൃഷ്ടിച്ചത് ആരാണ്? അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ നയിക്കുന്നവൻതന്നെ! ദൈവം അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു.”—യശയ്യ 40:26.
ജീവശാസ്ത്രം: “ലബാനോനിലെ ദേവദാരു മുതൽ ചുവരിൽ വളരുന്ന ഈസോപ്പുചെടി വരെയുള്ള എല്ലാ സസ്യങ്ങളെക്കുറിച്ചും ശലോമോൻ സംസാരിക്കുമായിരുന്നു. കൂടാതെ മൃഗങ്ങൾ, പക്ഷികൾ, ഇഴജാതികൾ, മത്സ്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു.”—1 രാജാക്കന്മാർ 4:33.
വൈദ്യശാസ്ത്രം: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.”—ലൂക്കോസ് 5:31.
കാലാവസ്ഥാശാസ്ത്രം: “നീ മഞ്ഞിന്റെ കലവറയിൽ കയറിയിട്ടുണ്ടോ? ആലിപ്പഴത്തിന്റെ സംഭരണശാല കണ്ടിട്ടുണ്ടോ? . . . കിഴക്കൻ കാറ്റ് ഭൂമിയുടെ മേൽ വീശുന്നത് എവിടെനിന്നാണ്?”—ഇയ്യോബ് 38:22-24.
പ്രകൃതിയെക്കുറിച്ചും ശാസ്ത്രീയ നേട്ടങ്ങളെക്കുറിച്ചും ഉള്ള ലേഖനങ്ങൾ തയ്യാറാക്കിക്കൊണ്ട് ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ശാസ്ത്രത്തോടുള്ള ആദരവ് എടുത്തുകാട്ടുന്നു. യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ അവരുടെ കുട്ടികൾ വിദ്യാഭ്യാസം ഉള്ളവരായിരിക്കാൻ ശ്രമിക്കുന്നു. എങ്കിലേ ചുറ്റുമുള്ള ലോകത്തിൽനിന്ന് അവർക്കു പഠിക്കാനാകൂ. യഹോവയുടെ സാക്ഷികളിൽ പലരും ബയോകെമിസ്ട്രി, ഗണിതശാസ്ത്രം, ഫിസിക്സ് എന്നിങ്ങനെ വ്യത്യസ്ത ശാസ്ത്രീയ മേഖലകളിൽ ജോലി ചെയ്യുന്നു.
ശാസ്ത്രത്തിന്റെ പരിമിതികൾ
മനുഷ്യന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ശാസ്ത്രത്തിനു നൽകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. a ഉദാഹരണത്തിന്, ഭൂമിശാസ്ത്രജ്ഞർ ഭൂമിയിലെ ഘടകങ്ങൾ എന്തെല്ലാമാണെന്നും, ജീവശാസ്ത്രജ്ഞർ മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നെന്നും വിശകലനം ചെയ്യുന്നു. എന്നാൽ ജീവൻ നിലനിറുത്താൻ പാകത്തിന് ഭൂമിയെ ഒരുക്കിയത് എന്തിനാണ്? ശരീരത്തിലെ അവയവങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ബൈബിളിനു മാത്രമേ ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ കഴിയൂ എന്നു ഞങ്ങൾക്കു ബോധ്യമുണ്ട്. (സങ്കീർത്തനം 139:13-16; യശയ്യ 45:18) അതുകൊണ്ട് മികച്ച വിദ്യാഭ്യാസത്തിൽ, ശാസ്ത്രവും ഒപ്പം ബൈബിളും പഠിക്കുന്നത് ഉൾപ്പെടുന്നു.
ചില അവസരങ്ങളിൽ ശാസ്ത്രം ബൈബിളുമായി ചേർന്നുപോകുന്നില്ലെന്നു തോന്നിയേക്കാം. എന്നാൽ മിക്കപ്പോഴും ചില വൈരുധ്യങ്ങൾ സംഭവിക്കുന്നത് ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കാത്തപ്പോഴാണ്. ഉദാഹരണത്തിന്, ഭൂമി 24 മണിക്കൂറുള്ള 6 ദിവസംകൊണ്ട് സൃഷ്ടിച്ചെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല.—ഉൽപത്തി 1:1; 2:4.
ശാസ്ത്രീയമായി കൃത്യതയുള്ളതെന്ന് പരക്കെ അറിയപ്പെടുന്ന പല സിദ്ധാന്തങ്ങൾക്കും മതിയായ തെളിവുകളില്ല. അതുകൊണ്ട് പേരു കേട്ട ശാസ്ത്രഞ്ജർപോലും അത്തരം സിദ്ധാന്തങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, പ്രകൃതി അവിസ്മരണീയമായ രൂപകല്പന പ്രതിഫലിപ്പിക്കുന്നു എന്ന യാഥാർഥ്യം ജീവശാസ്ത്രജ്ഞർ, രസതന്ത്രവിദഗ്ധർ അങ്ങനെ പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ജീവരൂപങ്ങൾ ഉളവായത് പരിണാമത്തിലൂടെയും പ്രകൃതി നിർധാരണത്തിലൂടെയും അല്ല എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നിരിക്കുന്നു.
a ഓസ്ട്രിയൻ ഫിസിസിസ്റ്റും നോബൽസമ്മാന ജേതാവും ആയ എർവിൻ ഷ്രോഡിങ്ങർ എഴുതി: “നമ്മൾ ഹൃദയത്തോടു ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളുടെയും കാര്യത്തിൽ ശാസ്ത്രം നിശ്ശബ്ദത പാലിക്കുകയാണ്”. ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞു: “സാമൂഹ്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ യുക്തിചിന്തകൾകൊണ്ടാകില്ലെന്ന് വേദനാകരമായ അനുഭവങ്ങളിലൂടെ നമ്മൾ പഠിച്ചിരിക്കുന്നു.”