യഹോവയുടെ സാക്ഷികൾ സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഇല്ല. എല്ലാം സൃഷ്ടിച്ചത് ദൈവമാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. പക്ഷേ, സൃഷ്ടിവാദത്തോട് ഞങ്ങൾ യോജിക്കുന്നില്ല. എന്തുകൊണ്ട്? കാരണം, സൃഷ്ടിവാദികളുടെ പല ആശയങ്ങളും വാസ്തവത്തിൽ ബൈബിളിനു ചേർച്ചയിലല്ല. പിൻവരുന്ന രണ്ട് ഉദാഹരണങ്ങൾ പരിചിന്തിക്കുക:
ആറ് സൃഷ്ടിദിവസങ്ങളുടെ ദൈർഘ്യം. ആറ് സൃഷ്ടിദിവസങ്ങളിൽ ഓരോന്നും, 24 മണിക്കൂർ ദൈർഘ്യമുള്ള അക്ഷരീയദിവസമായിരുന്നെന്ന് സൃഷ്ടിവാദികൾ വാദിക്കുന്നു. എന്നാൽ, ബൈബിളിലെ ‘നാൾ’ അഥവാ “ദിവസം” എന്ന വാക്കിന് താരതമ്യേന നീണ്ട ഒരു കാലഘട്ടത്തെ അർഥമാക്കാൻ കഴിയും.—ഉല്പത്തി 2:4; സങ്കീർത്തനം 90:4.
ഭൂമിയുടെ പഴക്കം. ഭൂമിക്ക് ഏതാനും ആയിരം വർഷങ്ങളുടെ പഴക്കമേയുള്ളൂ എന്ന് ചില സൃഷ്ടിവാദികൾ പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ അനുസരിച്ച് ആറ് സൃഷ്ടിദിവസങ്ങൾക്കും മുമ്പേ ഭൂമിയും പ്രപഞ്ചവും നിലവിലുണ്ടായിരുന്നു. (ഉല്പത്തി 1:1) അതുകൊണ്ടുതന്നെ, ഭൂമിക്ക് കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടായിരിക്കാമെന്നു സൂചിപ്പിക്കുന്ന ആശ്രയയോഗ്യമായ ശാസ്ത്രീയഗവേഷണങ്ങളോട് യഹോവയുടെ സാക്ഷികൾക്ക് വിയോജിപ്പില്ല.
യഹോവയുടെ സാക്ഷികൾ സൃഷ്ടിയിൽ വിശ്വസിക്കുന്നെങ്കിലും ശാസ്ത്രത്തിന് എതിരല്ല. യഥാർഥശാസ്ത്രവും ബൈബിളും യോജിപ്പിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.