യഹോവയുടെ സാക്ഷികൾ ചില വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത് എന്തുകൊണ്ട്?
ഒരു വിശേഷദിവസം ആചരിക്കണോ വേണ്ടയോ എന്ന് യഹോവയുടെ സാക്ഷികൾ തീരുമാനിക്കുന്നത് എങ്ങനെയാണ്?
ഏതെങ്കിലും വിശേഷദിവസം ആഘോഷിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനായി യഹോവയുടെ സാക്ഷികൾ ബൈബിൾ പരിശോധിക്കും. ചില ആഘോഷങ്ങളും വിശേഷദിവസങ്ങളും ബൈബിൾതത്ത്വങ്ങൾക്കു കടകവിരുദ്ധമാണ്. അങ്ങനെയുള്ളവയിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കില്ല. മറ്റു വിശേഷദിവസങ്ങളുടെ കാര്യത്തിൽ ഓരോ സാക്ഷിയും “ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ” കഴിയുന്ന വിധത്തിൽ തീരുമാനങ്ങളെടുക്കും.—പ്രവൃത്തികൾ 24:16.
ഒരു വിശേഷദിവസം ആഘോഷിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിനു മുമ്പ് യഹോവയുടെ സാക്ഷികൾ പിൻവരുന്ന ചില ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കും. a
ഈ വിശേഷദിവസം ബൈബിൾപഠിപ്പിക്കലുകൾക്കു വിരുദ്ധമാണോ?
ബൈബിൾതത്ത്വം: “‘അതുകൊണ്ട് അവരുടെ ഇടയിൽനിന്ന് പുറത്ത് കടന്ന് അവരിൽനിന്ന് അകന്നുമാറൂ, അശുദ്ധമായതു തൊടരുത്;’ . . . എന്ന് യഹോവ പറയുന്നു.”—2 കൊരിന്ത്യർ 6:15-17.
ആത്മീയമായി അശുദ്ധമായ, അതായത് ബൈബിളിനു വിരുദ്ധമായ, പഠിപ്പിക്കലുകളിൽനിന്ന് പൂർണമായി മാറി നിൽക്കാൻ യഹോവയുടെ സാക്ഷികൾ പിൻവരുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന വിശേഷദിവസങ്ങൾ ഒഴിവാക്കുന്നു.
അന്യദൈവ വിശ്വാസത്തിലും ആരാധനയിലും അടിസ്ഥാനപ്പെട്ട വിശേഷദിവസങ്ങൾ. യേശു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ.” (മത്തായി 4:10) ആ നിർദേശത്തിനു ചേർച്ചയിൽ, മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിൽ അടിസ്ഥാനപ്പെട്ട ക്രിസ്തുമസ്സും ഈസ്റ്ററും മെയ്ദിനവും യഹോവയുടെ സാക്ഷികൾ ആഘോഷിക്കുന്നില്ല. ഇതു കൂടാതെ പിൻവരുന്നതുപോലുള്ള വിശേഷദിവസങ്ങളും അവർ ആചരിക്കാറില്ല.
ക്വൻസ. ഈ പേര് “സ്വാഹിലിയിലെ മട്ടുണ്ട യ ക്വൻസ എന്ന വാക്കുകളിൽനിന്നാണു വന്നത്. അതിന്റെ അർഥം ‘ആദ്യഫലങ്ങൾ’ എന്നാണ്. ആഫ്രിക്കൻ ചരിത്രത്തിലെ ആദ്യത്തെ വിളവെടുപ്പ് ആഘോഷങ്ങളാണ് ഈ വിശേഷദിവസത്തിന്റെ അടിസ്ഥാനമെന്ന് (ഇത്) സൂചിപ്പിക്കുന്നു” എന്നാണ് ഒരു സർവവിജ്ഞാനകോശം പറയുന്നത്. [(കറുത്തവർഗക്കാരെക്കുറിച്ചുള്ള പഠനം—സർവവിജ്ഞാനകോശം (ഇംഗ്ലീഷ്)] ചിലർ ക്വൻസയെ ഒരു മതപരമായ ആചാരമായി വീക്ഷിക്കുന്നില്ല. എന്നാൽ ആഫ്രിക്കയിലെ വിളവെടുപ്പുകാലത്ത് ആദ്യഫലം “ദൈവങ്ങൾക്കും പൂർവികർക്കും നന്ദിസൂചകമായി അർപ്പിക്കുന്ന” ഒരു ആഫ്രിക്കൻ ഉത്സവവുമായി ക്വൻസയെ ആഫ്രിക്കൻ മതങ്ങളെക്കുറിച്ചുള്ള സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) താരതമ്യം ചെയ്യുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പൂർവികർ നൽകിയ ജീവനും അനുഗ്രഹങ്ങൾക്കും നന്ദിയും വിലമതിപ്പും കാണിക്കുന്ന വിശേഷദിവസമായി ഇന്നും ആഫ്രിക്കൻ-അമേരിക്കൻ ക്വൻസ ആഘോഷിക്കുന്നു.”
മധ്യശരത്കാല ഉത്സവം. “ചന്ദ്രികാദേവിയുടെ ബഹുമാനാർഥം ആഘോഷിക്കുന്ന ഉത്സവമാണ്” ഇത്. [ലോകത്തെ വിശേഷദിവസങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും—നിഘണ്ടു (ഇംഗ്ലിഷ്)] “സ്ത്രീകൾ ദേവിയെ കുമ്പിടുന്ന” ഒരു ആചാരം ഇതിൽ ഉൾപ്പെടുന്നു. “ചൈനീസിൽ ഇതിനെ കൗട്ടോ എന്നാണു പറയുന്നത്.”—ലോകമതങ്ങൾ—വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു സമഗ്ര സർവവിജ്ഞാനകോശം (ഇംഗ്ലിഷ്).
നവ്റോസ്. “ചില ഉത്സവങ്ങളുടെ ഉത്ഭവം സൊറോസ്ട്രിയനിസത്തിൽനിന്നാണ്. പുരാതന സൊറോസ്ട്രിയൻ കലണ്ടറിലെ വിശേഷദിവസങ്ങളിൽ ഒന്നാണ് ഈ ആഘോഷം. . . . പ്രത്യേകിച്ച് (രാപിത്വിൻ) എന്ന് അറിയപ്പെടുന്ന മധ്യാഹ്നാത്മാവിനെ തണുപ്പുകാലത്ത് ശൈത്യാത്മാവ് നീക്കുന്നതായി കരുതപ്പെടുന്നു. സൊറോസ്ട്രിയൻ പാരമ്പര്യമനുസരിച്ച് നവ്റോസ് ദിനത്തിന്റെ മധ്യാഹ്നത്തിൽ ആഘോഷങ്ങളോടെ മധ്യാഹ്നാത്മാവിനെ വീണ്ടും വരവേൽക്കുന്നു.”—ഐക്യരാഷ്ട്രവിദ്യാഭ്യാസ ശാസ്ത്രസാംസ്കാരിക സംഘടന.
ഷാബ്-ഇ യെൽഡ. ഈ മകരസംക്രാന്തി ആഘോഷം വെളിച്ചത്തിന്റെ ദൈവമായ “മിത്രയുടെ ആരാധനയുമായി ബന്ധമുള്ളതാണെന്ന്” പേർഷ്യയുടെ രഹസ്യചരിത്രത്തിലെ സൂഫിസം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഇതു റോമൻ-ഗ്രീക്ക് സൂര്യദൈവങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട വിശേഷദിവസമായിരിക്കാമെന്നും കരുതപ്പെടുന്നു. b
നന്ദിയർപ്പണം. ക്വൻസയെപ്പോലെ, വിവിധ ദൈവങ്ങളെ ആദരിച്ചുകൊണ്ടുള്ള പുരാതന വിളവെടുപ്പ് ആഘോഷങ്ങളിൽ വേരുകളുള്ള ഒന്നാണ് ഇതും. പിൽക്കാലത്ത് “ഈ പുരാതന പാരമ്പര്യം ക്രൈസ്തവസഭകൾ ഏറ്റെടുത്തു.”—ഒരു മഹത്തായ ദിവ്യസാഹസം—ആദ്യ നന്ദിയർപ്പണത്തിന്റെ തീർത്ഥാടകരും ഐതിഹ്യവും (ഇംഗ്ലീഷ്).
അന്ധവിശ്വാസവും ഭാഗ്യവും അടിസ്ഥാനമാക്കിയുള്ള വിശേഷദിവസങ്ങൾ. ‘ഭാഗ്യദേവനുവേണ്ടി മേശ ഒരുക്കുന്ന’ ആളുകൾ ‘യഹോവയെ ഉപേക്ഷിക്കുന്നവരാണ്’ എന്നു ബൈബിൾ പറയുന്നു. (യശയ്യ 65:11) അതുകൊണ്ട് പിൻവരുന്ന വിശേഷദിവസങ്ങൾ യഹോവയുടെ സാക്ഷികൾ ആഘോഷിക്കില്ല.
ഇവാൻ കുപ്പല. “പരക്കെയുള്ള വിശ്വാസമനുസരിച്ച്, ഇവാൻ കുപ്പലയുടെ സമയത്ത് പ്രകൃതി മാന്ത്രികശക്തികൾ പുറപ്പെടുവിക്കുന്നു. ധീരതയും ഭാഗ്യവും ഉപയോഗിച്ച് അത് കൈക്കലാക്കാൻ കഴിയും” എന്ന് ബെലറൂസിനെക്കുറിച്ച് അറിയേണ്ടതെല്ലാം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. കർക്കിടകസംക്രാന്തിയിൽ ആഘോഷിച്ചിരുന്ന ഒരു പുറജാതീയ വിശേഷദിവസമാണു വാസ്തവത്തിൽ ഇത്. എന്നിരുന്നാലും “ക്രിസ്ത്യാനിത്വത്തിന് അംഗീകാരം ലഭിച്ചതിനു ശേഷം സഭയുടെ വിശേഷദിവസവുമായി (അതായത്, സ്നാപകയോഹന്നാൻ എന്ന “വിശുദ്ധന്റെ ദിന”വുമായി) ഇതിനെ ഇണക്കിച്ചേർത്തു” എന്നു സമകാലിക റഷ്യൻ സംസ്കാരത്തെക്കുറിച്ചുള്ള സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
ചാന്ദ്രപുതുവർഷം (ചൈനീസ് പുതുവർഷം, കൊറിയൻ പുതുവർഷം). “ഈ സമയത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുഖ്യചിന്ത ഭാഗ്യം ഉറപ്പാക്കുന്നതിലും ദൈവങ്ങളെയും ആത്മാക്കളെയും ബഹുമാനിക്കുന്നതിലും വരും വർഷത്തേക്ക് ഭാഗ്യം ആശംസിക്കുന്നതിലും ആയിരിക്കും.” [മൂൺകേക്കുകളും വിശന്ന പ്രേതങ്ങളും—ചൈനയിലെ ഉത്സവങ്ങൾ (ഇംഗ്ലീഷ്)] ഇതേ വിധത്തിലാണ് കൊറിയൻ പുതുവർഷ ആഘോഷവും. “പൂർവികാരാധനയും ദുഷ്ടാത്മാക്കാളെ പുറത്താക്കാനുള്ള ആചാരാനുഷ്ഠാനങ്ങളും പുതുവർഷത്തിനു ഭാഗ്യം ഉറപ്പാക്കുന്നതും പുതുവർഷം എങ്ങനെയുണ്ടെന്ന് അറിയാൻ ശകുനം നോക്കുന്നതും” ഇതിൽ ഉൾപ്പെടുന്നു.—ലോകമെങ്ങുമുള്ള പുതുവർഷങ്ങളെക്കുറിച്ചുള്ള സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
ആത്മാവ് (ദേഹി) മരിക്കുന്നില്ല എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയ വിശേഷദിവസങ്ങൾ. ദേഹി മരിക്കുമെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (യഹസ്കേൽ 18:4) അതുകൊണ്ട് യഹോവയുടെ സാക്ഷികൾ താഴെ പറഞ്ഞിരിക്കുന്ന വിശേഷദിവസങ്ങൾ ആഘോഷിക്കുന്നില്ല. കാരണം അവ ആത്മാവ് മരിക്കുന്നില്ല എന്ന ആശയമാണു പ്രചരിപ്പിക്കുന്നത്.
ആത്മാക്കളുടെ ദിവസം (മരിച്ചവരുടെ ദിവസം). “മരിച്ചുപോയ വിശ്വസ്തരെ ഓർക്കുന്നതിനുവേണ്ടിയാണ്” ഈ ദിവസം എന്നു പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. “ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾ ഈ ദിവസം പ്രേതങ്ങളും യക്ഷികളും തവളകളും ഒക്കെയായി, ജീവിതകാലത്ത് തങ്ങളെ ഉപദ്രവിച്ചവർക്കു പ്രത്യക്ഷപ്പെടുമെന്നായിരുന്നു മധ്യയുഗത്തിൽ ഉടനീളം പരക്കെയുണ്ടായിരുന്ന വിശ്വാസം.”
ക്വിങ്മിങ് ഉത്സവവും (ചിങ് മിങ്) വിശക്കുന്ന പ്രേതത്തിന്റെ ഉത്സവവും. ഈ രണ്ട് ഉത്സവങ്ങളും പൂർവികരെ ബഹുമാനിക്കുന്നതിനുവേണ്ടിയുള്ളതാണ്. ലോകത്തെങ്ങുമുള്ള ജീവിതാഘോഷശൈലികൾ—ശിശുസ്നാനംമുതൽ ശവമടക്കുവരെ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ചിങ് മിങ്ങിന്റെ സമയത്ത്, “മരിച്ചുപോയവർ വിശന്നും ദാഹിച്ചും പണമില്ലാതെയും ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവർക്കുവേണ്ടി ഭക്ഷണപാനീയങ്ങളും പണവും കത്തിക്കാറുണ്ട്.” ആ പുസ്തകം ഇങ്ങനെയും പറയുന്നു. പ്രേതത്തിന്റെ ഉത്സവമാസത്തിൽ, മറ്റ് ഏതു രാത്രിയെക്കാളും, പൗർണമിരാവിൽ മരിച്ചവർ ജീവിച്ചിരിക്കുന്നവരുമായി ബന്ധത്തിൽ വരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഇത് ആഘോഷിക്കുന്നവർ വിശ്വസിക്കുന്നു. അതുകൊണ്ട് പൂർവികരെ ബഹുമാനിക്കുന്നതും മരിച്ചവരുടെ കോപം കിട്ടാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുന്നതും പ്രധാനമാണ്.”
ചൂസോക്ക്. ഈ ആഘോഷത്തിൽ “മരിച്ചവരുടെ ആത്മാക്കൾക്കു ഭക്ഷണവും വീഞ്ഞും അർപ്പിക്കുന്നത്” ഉൾപ്പെടുന്നെന്നു കൊറിയയുടെ മത-സാമൂഹിക-ധർമ്മ പാരമ്പര്യം (ഇംഗ്ലീഷ്) പറയുന്നു. “ശരീരത്തിന്റെ മരണശേഷവും ആത്മാവ് ജീവിച്ചിരിക്കുന്നു എന്ന വിശ്വാസത്തിന്റെ” അടിസ്ഥാനത്തിലാണ് അവ അർപ്പിക്കുന്നത്.
ആത്മവിദ്യയുമായി ബന്ധമുള്ള വിശേഷദിവസങ്ങൾ. ബൈബിൾ പറയുന്നു: “ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ . . . യഹോവയ്ക്ക് അറപ്പാണ്.” (ആവർത്തനം 18:10-12) ജ്യോതിഷം ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ആത്മവിദ്യയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതിന് ഹലോവീനും പിൻവരുന്ന വിശേഷദിവസങ്ങളും യഹോവയുടെ സാക്ഷികൾ ആഘോഷിക്കില്ല.
സിംഹള-തമിഴ് പുതുവർഷം. “ചില പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ ഈ ആഘോഷത്തോടു ബന്ധപ്പെട്ടുണ്ട്. മുഹൂർത്തം നോക്കി ചില കാര്യങ്ങൾ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.”—ശ്രീലങ്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
സൊങ്ക്രാൻ. ഈ ഏഷ്യൻ ഉത്സവത്തിന്റെ പേര് ‘മാറ്റം,’ ‘നീക്കം’ എന്നൊക്കെ അർഥം വരുന്ന ഒരു സംസ്കൃതപദത്തിൽനിന്ന് വന്നിട്ടുള്ളതാണ്. സൂര്യൻ മേടം രാശിയിലേക്കു കടക്കുന്നതോടെ ഇതിനു തുടക്കമാകുന്നു.”—ഭക്ഷണവും വിരുന്നും വിശ്വാസവും—ലോകമതങ്ങളുടെ ഭക്ഷണസംസ്കാരത്തെക്കുറിച്ചുള്ള ഒരു സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
യേശുവിന്റെ ബലിയോടെ ഇല്ലാതായ മോശയുടെ നിയമത്തിലെ ആചരണങ്ങൾ. “ക്രിസ്തു നിയമത്തിന്റെ അവസാനമാണ്”എന്നു ബൈബിൾ പറയുന്നു. (റോമർ 10:4) പുരാതന ഇസ്രായേലിനു കൊടുത്ത മോശയുടെ നിയമത്തിലെ തത്ത്വങ്ങളിൽനിന്ന് ഇന്നും ക്രിസ്ത്യാനികൾ പ്രയോജനം നേടുന്നു. എങ്കിലും അതിലെ ഉത്സവങ്ങളൊന്നും അവർ ആചരിക്കുന്നില്ല; പ്രത്യേകിച്ച് ഇതിനോടകം വന്നെന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന മിശിഹയുടെ വരവുമായി ബന്ധപ്പെട്ട് ആചരിച്ചിരുന്ന ഉത്സവങ്ങൾ. ബൈബിൾ പറയുന്നു: “അവ വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലാണ്. പക്ഷേ യാഥാർഥ്യം ക്രിസ്തുവാണ്.” (കൊലോസ്യർ 2:17) മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിലും ചില ഉത്സവങ്ങളിൽ തിരുവെഴുത്തുവിരുദ്ധമായ ചില ആചാരങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നതുകൊണ്ടും പിൻവരുന്ന ഉത്സവങ്ങൾ യഹോവയുടെ സാക്ഷികൾ ആഘോഷിക്കുന്നില്ല.
ഹാനക്ക. ജൂതന്മാരുടെ യരുശലേമിലെ ആലയം പുനഃസമർപ്പണം നടത്തിയതിന്റെ ഓർമയ്ക്കായാണ് ഹാനക്ക ആഘോഷിക്കുന്നത്. എന്നാൽ ബൈബിൾ പറയുന്നത് “മഹാപുരോഹിതനായി ക്രിസ്തു വന്നപ്പോൾ കൈകൊണ്ട് പണിതതല്ലാത്ത, അതായത് ഈ സൃഷ്ടിയിൽപ്പെടാത്ത, മഹനീയവും ഏറെ പൂർണവും ആയ കൂടാരത്തിലേക്കു (അഥവാ ആലയത്തിലേക്കു) പ്രവേശിച്ചു” എന്നാണ്. (എബ്രായർ 9:11) ക്രിസ്ത്യാനികൾക്ക് യരുശലേമിലെ യഥാർഥ ആലയത്തിനു പകരമായി ആത്മീയ ആലയം സ്ഥാപിച്ചു.
റോഷ് ഹഷാന. ജൂതവർഷത്തിന്റെ ആദ്യദിവസമാണ് ഇത്. പുരാതനകാലത്ത് ഈ ഉത്സവസമയത്ത് ദൈവത്തിന് പ്രത്യേകബലികൾ അർപ്പിച്ചിരുന്നു. (സംഖ്യ 29:1-6) എന്നാൽ മിശിഹ എന്ന നിലയിൽ യേശുക്രിസ്തു “ബലിയും കാഴ്ചയും അർപ്പിക്കുന്നതു നിന്നുപോകാൻ” ഇടയാക്കിയപ്പോൾ ദൈവമുമ്പാകെ ആ ബലികൾ അസാധുവായി.—ദാനിയേൽ 9:26, 27.
ഈ വിശേഷദിവസം മിശ്രവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണോ?
ബൈബിൾതത്ത്വം: “വിശ്വാസിയും അവിശ്വാസിയും തമ്മിൽ എന്തിലെങ്കിലും സമാനതയുണ്ടോ? ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?”—2 കൊരിന്ത്യർ 6:15-17.
യഹോവയുടെ സാക്ഷികൾ മറ്റുള്ളവരുമായി സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്തു വിശ്വസിക്കണമെന്നു തീരുമാനിക്കാനുള്ള ഓരോ വ്യക്തിയുടെയും അവകാശത്തെ അവർ മാനിക്കുകയും ചെയ്യുന്നു. എന്നാൽ പിൻവരുന്ന രീതികളിൽ മിശ്രവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന ആഘോഷങ്ങൾ അവർ ഒഴിവാക്കുന്നു.
അന്യമതസ്ഥരുമൊത്തുള്ള ആരാധന പ്രോത്സാഹിപ്പിക്കുന്ന മതപരമായ ആഘോഷങ്ങൾ. പുരാതനകാലത്ത് തന്റെ ജനത്തെ ഒരു പുതിയ ദേശത്തേക്കു കൊണ്ടുവന്നപ്പോൾ അവിടെ താമസിച്ചിരുന്ന മറ്റു മതസ്ഥരോടുള്ള ബന്ധത്തിൽ ദൈവം ഇങ്ങനെ പറഞ്ഞു: “നീ അവരുമായോ അവരുടെ ദൈവങ്ങളുമായോ ഉടമ്പടി ചെയ്യരുത്. . . . എങ്ങാനും നീ അവരുടെ ദൈവങ്ങളെ സേവിച്ചാൽ അതു തീർച്ചയായും നിനക്ക് ഒരു കെണിയായിത്തീരും.” (പുറപ്പാട് 23:32, 33) അതുകൊണ്ട് പിൻവരുന്ന ചില ആഘോഷങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കില്ല.
ലോയ് ക്രാതോങ്. ഈ തായ് ഉത്സവത്തിൽ, “ആളുകൾ ഇലകൊണ്ടുള്ള പാത്രങ്ങളുണ്ടാക്കി അതിൽ മെഴുകുതിരികളോ ചന്ദനത്തിരികളോ കത്തിച്ച് വെച്ചിട്ട് അതു വെള്ളത്തിൽ ഒഴുക്കിവിടും. ഈ വള്ളങ്ങൾ ദൗർഭാഗ്യം കൊണ്ടുപോകുന്നതായി കരുതപ്പെടുന്നു. ഈ ഉത്സവം ശരിക്കും ബുദ്ധന്റെ വിശുദ്ധവഴി ഓർമിക്കുന്നതിനുവേണ്ടിയുള്ള ഒന്നാണ്.”—ബുദ്ധമത സർവവിജ്ഞാനകോശം (ഇംഗ്ലീഷ്)
ദേശീയ മാനസാന്തരദിനം. ഈ ചടങ്ങിൽ പങ്കെടുക്കുന്നവർ “ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനങ്ങളോടു യോജിക്കുന്നു” എന്നു പാപ്പുവ ന്യൂഗിനിയിലെ ഒരു പത്രത്തിൽ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. “ഈ രാജ്യത്തിലെ ക്രിസ്തീയതത്ത്വങ്ങളുടെ ഒരു ഉറവിടം” ആ ദിവസമാണ് എന്ന് അദ്ദേഹം പറയുന്നു.
ബുദ്ധപൂർണിമ. “ബുദ്ധന്റെ ജനനം, ബോധോദയം, മരണം അഥവാ നിർവ്വാണം ലഭിച്ചത് എന്നിവ ആചരിക്കുന്ന ഈ ദിവസം ബുദ്ധമതവിശാസികളുടെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്.—ലോകത്തെ വിശേഷദിവസങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും—നിഘണ്ടു (ഇംഗ്ലിഷ്).
ബൈബിളിന്റെ അംഗീകാരമില്ലാത്ത മതപാരമ്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ ആചരണങ്ങൾ. “പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു” എന്നു യേശു മതനേതാക്കന്മാരോടു പറഞ്ഞു. അവരുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും യേശു പറഞ്ഞു. കാരണം “മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി” പഠിപ്പിച്ചിരുന്നത്. (മത്തായി 15:6, 9) യേശുവിന്റെ വാക്കുകൾ ഗൗരവമായി എടുക്കുന്നതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ പല മതപരമായ ചടങ്ങുകളും ആഘോഷിക്കാത്തത്.
പിണ്ടിപ്പെരുന്നാൾ (മൂന്നു രാജാക്കന്മാരുടെ ദിനം, എപ്പിഫനി, പ്രത്യക്ഷീകരണ തിരുനാൾ). യേശുവിനെ സന്ദർശിച്ച ജ്യോത്സ്യന്മാരെയോ യേശുവിന്റെ സ്നാനത്തെയോ ഓർക്കുന്നതിനുവേണ്ടിയാണ് ഇത് ആഘോഷിക്കുന്നത്. ഈ ഉത്സവം “നദികളുടെയും അരുവികളുടെയും പുഴകളുടെയും ദൈവങ്ങളെ ആദരിച്ചുകൊണ്ടുള്ള ചില വസന്തകാല പുറജാതീയ ഉത്സവങ്ങൾക്കു ക്രിസ്തീയപരിവേഷം” നൽകിയതാണ്. [ക്രിസ്തുമസ്സ് എൻസൈക്ലോപീഡിയ (ഇംഗ്ലീഷ്)] ഇതിനു സമാനമായ ഒരു ആഘോഷമായ ടിംകട്ടും “പാരമ്പര്യങ്ങളിൽ ആഴമായ വേരുകളുള്ളതാണ്.”—പുരാതനലോകത്തെ സമൂഹവും സംസ്കാരവും—സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
കന്യാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാൾ. ഈ തിരുനാൾ കൊണ്ടാടുന്നത് യേശുവിന്റെ അമ്മ ജഡശരീരത്തോടെ സ്വർഗത്തിലേക്കു പോയി എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. “ആദിമ ക്രിസ്ത്യാനികൾക്ക് ഈ വിശ്വാസത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഇതിനെക്കുറിച്ച് തിരുവെഴുത്തുകൾ ഒന്നും പറയുന്നുമില്ല” എന്നു മതവും സമൂഹവും—ഉത്ഭവ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
അമലോത്ഭവ തിരുനാൾ. “മറിയയുടെ അമലോത്ഭവത്തെക്കുറിച്ച് തിരുവെഴുത്തുകൾ വ്യക്തമായി ഒന്നും പഠിപ്പിക്കുന്നില്ല. . . .(ഇത്) സഭ എടുത്ത തീരുമാനമാണ്.”—പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
അൻപത് നോമ്പ്. പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, മാനസാന്തരത്തിന്റെയും ഉപവാസത്തിന്റെയും ഈ കാലം “നാലാം നൂറ്റാണ്ടിൽ,” അതായത് ബൈബിളിന്റെ എഴുത്തു പൂർത്തിയായി 200-ലധികം വർഷം കഴിഞ്ഞാണ്, സ്ഥാപിതമായത്. അൻപത് നോമ്പിന്റെ ആദ്യ ദിവസത്തെക്കുറിച്ച് സർവവിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “ക്ഷാരബുധന്റെ അഥവാ കരിക്കുറി പെരുന്നാളിന്റെ അന്ന് വിശ്വാസികൾക്കു നെറ്റിയിൽ ചാരംകൊണ്ട് കുരിശ് അടയാളം ലഭിക്കുന്ന പതിവ് 1091-ലെ ബെനവെന്റോ സുന്നഹദോസ് മുതൽ ഗോളവ്യാപകമായ ഒന്നായി മാറിയിരിക്കുന്നു.”
മെസ്ക്കൽ (മസ്ക്കൽ). “തീ കത്തിച്ച് അതിനു ചുറ്റും നൃത്തം വെച്ച് യഥാർഥ കുരിശ് (യേശു ക്രൂശിക്കപ്പെട്ട കുരിശ്) കണ്ടുപിടിക്കുന്ന” ഇത്യോപ്യൻ ഉത്സവമാണ് ഇതെന്ന് മധ്യകാല ലോകത്തെ സമൂഹവും സംസ്കാരവും—സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. എന്തായാലും, യഹോവയുടെ സാക്ഷികൾ ആരാധനയിൽ കുരിശ് ഉപയോഗിക്കാറില്ല.
ഈ വിശേഷദിവസം ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ ദേശീയചിഹ്നത്തെയോ ഉയർത്തിക്കാട്ടുന്നതാണോ?
ബൈബിൾതത്ത്വം: “യഹോവ പറയുന്നത് ഇതാണ്: ‘യഹോവയിൽനിന്ന് ഹൃദയം തിരിച്ച് നിസ്സാരരായ മനുഷ്യരിലും മനുഷ്യശക്തിയിലും ആശ്രയം വെക്കുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.’”—യിരെമ്യ 17:5.
യഹോവയുടെ സാക്ഷികൾ സഹമനുഷ്യരെ ബഹുമാനിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ഒക്കെ ചെയ്യുമെങ്കിലും പിൻവരുന്നതുപോലുള്ള ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കില്ല.
ഒരു ഭരണാധികാരിയെയോ പ്രമുഖവ്യക്തിയെയോ ആദരിക്കുന്ന വിശേഷദിവസങ്ങൾ. ബൈബിൾ ഇങ്ങനെ പറയുന്നു: “നിനക്കു നന്മ വരേണ്ടതിനു മനുഷ്യനിൽ ആശ്രയിക്കുന്നതു നിറുത്തുക, മൂക്കിലെ ശ്വാസം നിലച്ചാൽ പിന്നെ അവനെ എന്തിനു കൊള്ളാം! നീ അവനു വില കല്പിക്കുന്നത് എന്തിന്!” (യശയ്യ 2:22) അതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ പ്രമുഖ വ്യക്തികളുടെ പിറന്നാളാഘോഷത്തിൽ പങ്കുചേരാത്തത്.
ദേശീയപതാകയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ. യഹോവയുടെ സാക്ഷികൾ പതാകദിനം ആഘോഷിക്കുന്നില്ല. കാരണം “വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിച്ചുകൊള്ളൂ” എന്നാണു ബൈബിൾ പറയുന്നത്. (1 യോഹന്നാൻ 5:21) ഇന്നു ചില ആളുകൾ പതാകയെ ഒരു വിഗ്രഹമായി, അതായത് ഒരു ആരാധനാവസ്തുവായി, കാണുന്നില്ല. എങ്കിലും കാൾട്ടൺ ജെ. എച്ച്. ഹെയ്സ് എഴുതിയത് ഇങ്ങനെയാണ്: “ദേശീയതയുടെ മുഖ്യ വിശ്വാസചിഹ്നവും ആരാധനയുടെ കേന്ദ്രവസ്തുവും പതാകയാണ്.”
ഒരു വിശുദ്ധനെ ഉയർത്തിക്കാട്ടുന്ന വിശേഷദിവസങ്ങളോ ആഘോഷങ്ങളോ. ദൈവഭയമുള്ള കൊർന്നേല്യൊസ് എന്ന വ്യക്തി പത്രോസ് അപ്പോസ്തലന്റെ കാൽക്കൽ വീണ് വണങ്ങിയപ്പോൾ പത്രോസ് എന്തു ചെയ്തു? ബൈബിൾ പറയുന്നു: “‘എഴുന്നേൽക്ക്, ഞാനും വെറും ഒരു മനുഷ്യനാണ്’ എന്നു പറഞ്ഞുകൊണ്ട് കൊർന്നേല്യൊസിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.” (പ്രവൃത്തികൾ 10:25, 26) പത്രോസോ മറ്റേതെങ്കിലും അപ്പോസ്തലന്മാരോ പ്രത്യേകബഹുമതികളോ ഭക്ത്യാദരവോ സ്വീകരിച്ചില്ല. അതുകൊണ്ട് വിശുദ്ധരെന്നു കരുതപ്പെടുന്നവരെ ആദരിക്കുന്ന പിൻവരുന്നതുപോലുള്ള ആഘോഷങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കുന്നില്ല.
സകല വിശുദ്ധന്മാരുടെ ദിനം. “എല്ലാ വിശുദ്ധന്മാരെയും ആദരിച്ചുകൊണ്ടുള്ള തിരുനാൾ . . . ഇതിന്റെ തുടക്കം അജ്ഞാതമാണ്.”—പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്)
ഗ്വാദലൂപേ മാതാവിന്റെ ഉത്സവം. യേശുവിന്റെ അമ്മയായ മറിയയെന്ന് ചിലർ വിശ്വസിക്കുന്ന “മെക്സിക്കോയിലെ പാലകപുണ്യവാളത്തിയെ” ആദരിച്ചുകൊണ്ട് നടത്തുന്ന ഉത്സവമാണ് ഇത്. 1531-ൽ ഈ പുണ്യവാളത്തി ഒരു കർഷകന് അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.—ഗ്രീൻവുഡ് സർവവിജ്ഞാനകോശം—ലാറ്റിൻ അമേരിക്കൻ സാഹിത്യം (ഇംഗ്ലീഷ്).
പേരിടൽ ദിനം. “ജ്ഞാനസ്നാനത്തിന്റെ സമയത്തോ വിശ്വാസം സ്ഥിരീകരിക്കുന്ന സമയത്തോ ഒരു കുട്ടിക്കു വിശുദ്ധന്റെ പേരിടുന്ന തിരുനാൾ ദിനമാണ് പേരിടൽ ദിനം” എന്നു ലോകത്തെങ്ങുമുള്ള ജീവിതാഘോഷശൈലികൾ—ശിശുസ്നാനംമുതൽ ശവമടക്കുവരെ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “മതപരമായ കാര്യങ്ങൾ ഈ ദിവസം ചെയ്യുന്നു” എന്നും അതു കൂട്ടിച്ചേർക്കുന്നു.
രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ ആഘോഷങ്ങൾ. “മനുഷ്യരെ ആശ്രയിക്കുന്നതിനെക്കാൾ യഹോവയെ അഭയമാക്കുന്നതു നല്ലത്” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 118:8, 9) എന്നാൽ യുവജനദിനം, വനിതാദിനം തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക ചായ്വുകളുള്ള ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന ഒരാൾ ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ദൈവത്തിലല്ല പകരം മനുഷ്യരിലാണ് ആശ്രയിക്കുന്നതെന്നാണു തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ യഹോവയുടെ സാക്ഷികൾ അത്തരം പരിപാടികളിൽ പങ്കെടുക്കില്ല.
ഇതേ കാരണത്താൽത്തന്നെയാണ് അടിമത്ത നിരോധന ദിനം പോലുള്ള മറ്റു പല ആഘോഷപരിപാടികളിലും അവർ പങ്കെടുക്കാത്തത്. വർഗീയതയും അസമത്വവും പരിഹരിക്കുന്നതിനായി അവർ നോക്കുന്നതു ദൈവരാജ്യത്തിലേക്കാണ്.—റോമർ 2:11; 8:21.
ഈ വിശേഷദിവസം ഒരു രാജ്യത്തെയോ വംശത്തെയോ മറ്റുള്ളവയെക്കാൾ ഉയർത്തിക്കാട്ടുന്നതാണോ?
ബൈബിൾതത്ത്വം: ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
യഹോവയുടെ സാക്ഷികളിൽ പലർക്കും സ്വന്തം നാടിനോട് ഒരു ഇഷ്ടമുണ്ടെങ്കിലും സ്വന്തം രാജ്യത്തെയോ വംശത്തെയോ മറ്റുള്ളവയെക്കാൾ ഉയർത്തിക്കാട്ടുന്ന പിൻവരുന്നതുപോലുള്ള ആഘോഷങ്ങൾ അവർ ഒഴിവാക്കുന്നു.
സൈന്യത്തെ ആദരിക്കുന്ന പരിപാടികൾ. യുദ്ധത്തിനു പ്രോത്സാഹിപ്പിക്കുന്നതിനു പകരം, യേശു അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.” (മത്തായി 5:44) അതുകൊണ്ട് യഹോവയുടെ സാക്ഷികൾ സൈനികരെ ആദരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നില്ല. അവയിൽ ചിലത് പിൻവരുന്നതാണ്.
അൻസാക് ദിനം. “ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും സൈനികവിഭാഗത്തെ കുറിക്കാൻ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് അൻസാക്.” “ഈ ദിവസം പിന്നീട് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ ആചരിക്കുന്ന ദിവസമായി മാറി.”—ഓസ്ട്രേലിയയുടെ ചരിത്രനിഘണ്ടു (ഇംഗ്ലീഷ്).
വെറ്റെറൻസ് ദിനം (ഓർമദിനം, ഓർമഞായർ, സ്മാരകദിനം). ഈ ദിവസങ്ങൾ “രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത് കൊല്ലപ്പെട്ട സൈനികരെ” ആദരിക്കുന്നതിനുവേണ്ടിയാണ്.—ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
രാജ്യത്തിന്റെ ചരിത്രമോ സ്വാതന്ത്ര്യമോ ആഘോഷിക്കുന്നത്. യേശു അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16) ദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കാൻ അവർക്ക് ഇഷ്ടമാണെങ്കിലും പിൻവരുന്നതുപോലുള്ള ചടങ്ങുകളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കുന്നില്ല.
ഓസ്ട്രേലിയ ദിനം. സംസ്കാരത്തെയും നിത്യജീവിതത്തെയും കുറിച്ചുള്ള വേൾഡ്മാർക്ക് സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതുപോലെ “1788-ൽ ബ്രിട്ടീഷ് സൈനികർ ഓസ്ട്രേലിയയിൽ അവരുടെ കൊടി ഉയർത്തിക്കൊണ്ട് അതിനെ പുതിയ കോളനിയായി പ്രഖ്യാപിച്ച ദിവസം” ഓർക്കുന്നതിനുവേണ്ടിയാണ് ഈ വിശേഷദിവസം.
ഗൈ ഫൗക്സ് ദിനം. “ഗൈ ഫൗക്സും മറ്റു ചില കത്തോലിക്കാ അനുഭാവികളും ജെയിംസ് ഒന്നാമൻ രാജാവിനും (ഇംഗ്ലണ്ട്) പാർലമെന്റിനും എതിരെ 1605-ൽ നടത്തിയ വിഫലശ്രമത്തെ അനുസ്മരിക്കുന്ന ദേശീയ ആഘോഷമാണ് ഇത്.”—ഇംഗ്ലീഷ് നാട്ടറിവ് നിഘണ്ടു (ഇംഗ്ലീഷ്)
സ്വാതന്ത്ര്യദിനം. പല നാടുകളിലും രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് ആഘോഷിക്കാനായി മാറ്റിവെച്ചിരിക്കുന്ന ദിവസമാണ് ഇത്.
ഈ വിശേഷദിവസം അധാർമികവും അസംബന്ധവും ആയ പെരുമാറ്റരീതി പ്രോത്സാഹിപ്പിക്കുന്നതാണോ?
ബൈബിൾതത്ത്വം: “കഴിഞ്ഞ കാലത്ത് നിങ്ങൾ, ജനതകളിൽപ്പെട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും അനിയന്ത്രിതമായ മോഹങ്ങളിലും അമിതമായ മദ്യപാനത്തിലും വന്യമായ ആഘോഷങ്ങളിലും മത്സരിച്ചുള്ള കുടിയിലും മ്ലേച്ഛമായ വിഗ്രഹാരാധനയിലും മുഴുകി വേണ്ടുവോളം ജീവിച്ചു.”—1 പത്രോസ് 4:3.
ഈ തത്ത്വത്തിനു ചേർച്ചയിൽ യഹോവയുടെ സാക്ഷികൾ അമിതമായ മദ്യപാനവും വന്യമായ ആഘോഷങ്ങളും ഉൾപ്പെടുന്ന പരിപാടികൾ ഒഴിവാക്കുന്നു. യഹോവയുടെ സാക്ഷികൾ കൂട്ടുകാരുമൊന്നിച്ച് കൂടാൻ ഇഷ്ടപ്പെടുന്നവരും, മദ്യം ഉപയോഗിക്കുകയാണെങ്കിൽ മിതമായ തോതിൽ ഉപയോഗിക്കുന്നവരും ആണ്. എങ്കിലും പിൻവരുന്ന ബൈബിളുപദേശം പിൻപറ്റാൻ അവർ പരമാവധി ശ്രമിക്കുന്നു: “അതുകൊണ്ട് നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ് എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.”—1 കൊരിന്ത്യർ 10:31.
അതുകൊണ്ട് യഹോവയുടെ സാക്ഷികൾ ബൈബിൾ കുറ്റം വിധിക്കുന്ന പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുന്ന കാർണിവെലുകളിലോ അതുപോലുള്ള ആഘോഷങ്ങളിലോ പങ്കെടുക്കുന്നില്ല. ജൂതന്മാരുടെ ഉത്സവമായ പൂരിം അതിൽ ഒന്നാണ്. ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ജൂതന്മാരുടെ മോചനത്തിന്റെ ഓർമയായിട്ടാണ് അത് ആചരിച്ചുവന്നിരുന്നതെങ്കിലും ഇപ്പോൾ “അത് മർഡി ഗ്രാസിന്റെയും കാർണിവെലിന്റെയും ജൂതപതിപ്പായി മാറിയിരിക്കുന്നു” എന്ന് ജൂതമതത്തിന്റെ അടിസ്ഥാനം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഇതിൽ ഉൾപ്പെടുന്നത് “(പുരുഷന്മാർ മിക്കപ്പോഴും സ്ത്രീകളുടെ) വേഷവിധാനങ്ങൾ അണിയുന്നതും ഒരു നിയന്ത്രണവുമില്ലാതെ കുടിക്കുന്നതും ബഹളം വെക്കുന്നതും ഒക്കെയാണ്.”
ചില വിശേഷദിവസങ്ങൾ ആഘോഷിക്കാത്ത യഹോവയുടെ സാക്ഷികൾ അവരുടെ കുടുംബാംഗങ്ങളെ സ്നേഹിക്കാത്തവരാണോ?
അല്ല. കുടുംബാംഗങ്ങളുടെ വിശ്വാസം എന്തുതന്നെയായിരുന്നാലും അവരെ സ്നേഹിക്കാനും ആദരിക്കാനും ആണ് ബൈബിൾ പഠിപ്പിക്കുന്നത്. (1 പത്രോസ് 3:1, 2, 7) ചില ആഘോഷങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കാതിരിക്കുമ്പോൾ അവരുടെ ബന്ധുക്കൾക്ക് അത് ഒരു മുഷിവായോ അവഗണനയായോ മുറിപ്പെടുത്തലായോ തോന്നിയേക്കാമെന്നതു ശരിയാണ്. അതുകൊണ്ട് പല യഹോവയുടെ സാക്ഷികളും അവർ ബന്ധുക്കളെ സ്നേഹിക്കുന്നുണ്ടെന്ന കാര്യത്തിന് ഉറപ്പു കൊടുക്കാൻ ആഘോഷങ്ങളിൽ പങ്കെടുക്കാത്തതിന്റെ കാരണം നയപൂർവം വിശദീകരിക്കുകയും മറ്റ് അവസരങ്ങളിൽ അവരെ സന്ദർശിക്കുകയും ചെയ്യുന്നു.
ചില വിശേഷദിവസങ്ങൾ ആഘോഷിക്കരുതെന്ന് യഹോവയുടെ സാക്ഷികൾ മറ്റുള്ളവരോടു പറയാറുണ്ടോ?
ഇല്ല. ഓരോ വ്യക്തിയും സ്വന്തമായി തീരുമാനമെടുക്കണമെന്നാണ് അവർ വിശ്വസിക്കുന്നത്. (യോശുവ 24:15) മതവിശ്വാസം കണക്കിലെടുക്കാതെ യഹോവയുടെ സാക്ഷികൾ ‘എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്നു.’—1 പത്രോസ് 2:17.