നാസി കൂട്ടക്കൊലയുടെ സമയത്ത് യഹോവയുടെ സാക്ഷികൾക്ക് എന്തു സംഭവിച്ചു?
ജർമനിയിലും നാസികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിലും ഉണ്ടായിരുന്ന 35,000 യഹോവയുടെ സാക്ഷികളിൽ ഏതാണ്ട് 1,500 പേർ അക്കാലത്ത് മരിച്ചു. എന്നാൽ ഇവരുടെ ഓരോരുത്തരുടെയും മരണകാരണം എന്താണെന്ന് അറിയില്ല. ഇപ്പോഴും പഠനങ്ങൾ നടക്കുന്നതുകൊണ്ട് കണക്കുകളും മറ്റു വിശദാംശങ്ങളും പുതുക്കപ്പെട്ടേക്കാം.
അവർ എങ്ങനെ മരിച്ചു?
വധശിക്ഷ: ജർമനിയിലും നാസിയുടെ അധീനതയിലുള്ള രാജ്യങ്ങളിലും ആയി 400-നോടടുത്ത് സാക്ഷികൾ വധശിക്ഷയ്ക്കു വിധേയരായി. മിക്കവരെയും കോടതിയിൽ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധിച്ചശേഷം തല വെട്ടി കൊല്ലുകയായിരുന്നു. മറ്റു ചിലരെ കോടതിയിൽ വിസ്തരിക്കാതെ വെടിവെച്ചും തൂക്കിയും കൊന്നു.
കഠിനതടവ്: നാസി തടങ്കൽപ്പാളയങ്ങളിലും ജയിലിലുമായി 1,000-ത്തിലധികം സാക്ഷികൾ മരിച്ചു. അവർ കഠിനമായി പണിയെടുത്തതുകൊണ്ടോ ഉപദ്രവമേറ്റോ പട്ടിണി കിടന്നോ തണുപ്പടിച്ചോ രോഗം വന്നോ ചികിത്സ കിട്ടാതെയോ ആണ് മരിച്ചത്. ക്രൂരമായ ഉപദ്രവമേറ്റ ചിലർ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം സ്വാതന്ത്ര്യം കിട്ടി അധികം വൈകാതെ മരിച്ചു.
മറ്റു കാരണങ്ങൾ: ചില സാക്ഷികൾ ഗ്യാസ് ചേമ്പറുകളിൽവെച്ചോ മാരകമായ വൈദ്യപരീക്ഷണങ്ങൾക്കു വിധേയരായതുകൊണ്ടോ വിഷം കുത്തിവെച്ചതുകൊണ്ടോ മരിച്ചു.
എന്തിന് അവരെ ഉപദ്രവിച്ചു?
ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ മുറുകെ പിടിച്ചതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾക്ക് ഉപദ്രവം ഏൽക്കേണ്ടിവന്നത്. ബൈബിൾ വിലക്കുന്ന കാര്യങ്ങൾ ചെയ്യാൻ നാസി ഭരണകൂടം സാക്ഷികളോട് ആവശ്യപ്പെട്ടപ്പോൾ അവർ അതിനു വഴങ്ങിയില്ല. “മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്” എന്നതായിരുന്നു അവരുടെ നിലപാട്. (പ്രവൃത്തികൾ 5:29) അവർ ഈ നിലപാട് എടുത്ത രണ്ടു മേഖലകൾ നോക്കാം.
രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായി നിന്നു. ഇന്നുള്ള എല്ലാ രാജ്യങ്ങളിലെയും യഹോവയുടെ സാക്ഷികളെപ്പോലെ നാസി ഭരണത്തിനു കീഴിൽ കഴിഞ്ഞ സാക്ഷികളും നിഷ്പക്ഷരായിരുന്നു. (യോഹന്നാൻ 18:36) അതുകൊണ്ട് അവർ
സൈനികസേവനത്തിൽ ഏർപ്പെടുകയോ യുദ്ധത്തെ പിന്തുണയ്ക്കുകയോ ചെയ്തില്ല.—യശയ്യ 2:4; മത്തായി 26:52.
തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുകയോ നാസി സംഘടനകളിൽ ചേരുകയോ ചെയ്തില്ല.—യോഹന്നാൻ 17:16.
സ്വസ്തികയെ വന്ദിക്കുകയോ “ഹെയ്ൽ ഹിറ്റ്ലർ!” എന്നു പറയുകയോ ചെയ്തില്ല.—മത്തായി 23:10; 1 കൊരിന്ത്യർ 10:14.
വിശ്വാസങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു. നാസി ഭരണകൂടം യഹോവയുടെ സാക്ഷികൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും സാക്ഷികൾ തുടർന്നും
പ്രാർഥനയ്ക്കും ആരാധനയ്ക്കും ആയി കൂടിവന്നു.—എബ്രായർ 10:24, 25.
ബൈബിൾസന്ദേശം പ്രസംഗിക്കുകയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.—മത്തായി 28:19, 20.
ജൂതന്മാർ ഉൾപ്പെടെയുള്ള തങ്ങളുടെ അയൽക്കാരോടു ദയ കാണിച്ചു.—മർക്കോസ് 12:31.
വിശ്വാസം തള്ളിപ്പറയുന്നതായി പ്രഖ്യാപിക്കുന്ന രേഖയിൽ ഒപ്പിടാൻ വിസമ്മതിച്ചു.—മർക്കോസ് 12:30.
“മൂന്നാം സാമ്രാജ്യത്തിൽ മതപരമായ വിശ്വാസത്തിന്റെ പേരിൽ മാത്രം ഉപദ്രവം ഏൽക്കേണ്ടിവന്ന ഒരേ ഒരു കൂട്ടർ” യഹോവയുടെ സാക്ഷികളാണെന്ന് പ്രൊഫസ്സർ റോബർട്ട് ഗെർവെർത്ത് നിഗമനം ചെയ്യുന്നു. a യഹോവയുടെ സാക്ഷികളെ അവരുടെ ഉറച്ച നിലപാടിനെപ്രതി തടങ്കൽപ്പാളയത്തിലെ മറ്റു തടവുകാർ പ്രശംസിച്ചു. ഒരു ഓസ്ട്രിയൻ തടവുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അവർ യുദ്ധത്തിനു പോകില്ല. മരിക്കേണ്ടിവന്നാലും അവർ മറ്റുള്ളവരെ കൊല്ലില്ല.”
എവിടെവെച്ച് അവർ മരിച്ചു?
തടങ്കൽപ്പാളയങ്ങൾ: യഹോവയുടെ സാക്ഷികളിൽ ഭൂരിഭാഗം പേരും മരിച്ചത് തടങ്കൽപ്പാളയങ്ങളിൽവെച്ചായിരുന്നു. അവർ ഓഷ്വിറ്റ്സ്, ബൂക്കെൻവോൾട്ട്, ഡെക്കാവൂ, ഫ്ലോസൻബെർഗ്, മൗട്ട്ഹൗസെൻ, ന്യൂൻഗാമേ, നിഡാർഹെഗൻ, റാവൻസ്ബ്രൂക്, സാക്സെൻഹൗസെൻ എന്നീ തടങ്കൽപ്പാളയങ്ങളിൽ തടവുകാരായിരുന്നു. സാക്സെൻഹൗസെനിൽ മാത്രമായി ഏകദേശം 200 യഹോവയുടെ സാക്ഷികൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ജയിലുകൾ: ചില സാക്ഷികൾ ജയിലുകളിലെ ക്രൂരമായ ഉപദ്രവമേറ്റ് മരിച്ചു. മറ്റു ചിലർ മരിച്ചത് ചോദ്യം ചെയ്യലിനിടെ ഉണ്ടായ ഉപദ്രവത്തിന്റെ ഫലമായിട്ടാണ്.
വധശിക്ഷ നടപ്പാക്കിയിരുന്ന സ്ഥലങ്ങൾ: യഹോവയുടെ സാക്ഷികൾ പ്രധാനമായും വധിക്കപ്പെട്ടത് ബർലിൻ പ്ലോസെൻസീ, ബ്രാൻഡെൻബർഗ്, സാലെ ഹാലെ എന്നീ ജയിലുകളിൽവെച്ചായിരുന്നു. ഇതു കൂടാതെ മറ്റ് 70 സ്ഥലങ്ങളിലായി യഹോവയുടെ സാക്ഷികൾ വധിക്കപ്പെട്ടതിന്റെ രേഖകളുമുണ്ട്.
വധശിക്ഷയ്ക്ക് ഇരയായ ചിലർ
പേര്: ഹെലൻ ഗോട്ടോൾഡ്
വധശിക്ഷ നടപ്പാക്കിയ സ്ഥലം: പ്ലോസെൻസീ (ബെർലിൻ)
രണ്ടു കുട്ടികളുടെ അമ്മയായ ഹെലൻ പല തവണ അറസ്റ്റിലായി. 1937-ൽ ഒരു ചോദ്യം ചെയ്യലിനിടെ ഹെലൻ ക്രൂരമായ പെരുമാറ്റത്തിനിരയായി. അവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞു മരിച്ചു. 1944 ഡിസംബർ 8-ന് ബെർലിനിലെ പ്ലോസെൻസീ ജയിലിൽവെച്ച് ഹെലനെ തല വെട്ടി കൊന്നു.
പേര്: ഗെഹാഡ് ലെബോൾഡ്
വധശിക്ഷ നടപ്പാക്കിയ സ്ഥലം: ബ്രാൻഡെൻബർഗ്
ഗെഹാഡിനെ 1943 മെയ് 6-ന്, 20-ാം വയസ്സിൽ തല വെട്ടി കൊന്നു. രണ്ടു വർഷം മുമ്പ് ഇതേ ജയിലിൽവെച്ച് അദ്ദേഹത്തിന്റെ പിതാവിന്റെയും തല വെട്ടിയിരുന്നു. വീട്ടുകാർക്കും പ്രതിശ്രുതവധുവിനും അദ്ദേഹം എഴുതിയ അവസാനകത്തിലെ വാക്കുകൾ ഇതായിരുന്നു: “കർത്താവിന്റെ ശക്തി ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ വഴിയിലൂടെ നടക്കാൻ കഴിയില്ലായിരുന്നു.”
പേര്: റുഡോൾഫ് ഓസ്ക്കനർ
വധശിക്ഷ നടപ്പാക്കിയ സ്ഥലം: സാലെ ഹാലെ
1944 സെപ്റ്റംബർ 22-ന് വെറും 17 വയസ്സുണ്ടായിരുന്ന റുഡോൾഫിനെ തല വെട്ടി കൊന്നു. തന്റെ അമ്മയ്ക്കുള്ള അവസാനകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഈ വഴിയിലൂടെ അനേകം സഹോദരങ്ങൾ നടന്നിരിക്കുന്നു, ഞാനും ആ വഴിയേ പോകുന്നു.”
a ഹിറ്റ്ലറിന്റെ ആരാച്ചാർ: ഹൈഡ്രിച്ചിന്റെ ജീവിതം (ഇംഗ്ലീഷ്), പേജ് 105.