യഹോവയുടെ സാക്ഷികൾ എന്തുകൊണ്ടാണ് അവരുടെ പഠിപ്പിക്കലുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്?
ഞങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിളാണ്. അതുകൊണ്ടുതന്നെ തിരുവെഴുത്തുകളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിക്കുന്നതനുസരിച്ച് ഞങ്ങൾ ഉപദേശങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താറുണ്ട്. a
ഞങ്ങൾ അത്തരം മാറ്റങ്ങൾ വരുത്തുന്നത് സുഭാഷിതങ്ങൾ 4:18-ൽ പറയുന്ന ബൈബിൾതത്ത്വത്തിനു ചേർച്ചയിലാണ്. “നീതിമാന്മാരുടെ പാത പ്രഭാതത്തിൽ തെളിയുന്ന വെളിച്ചംപോലെയാണ്; നട്ടുച്ചവരെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.” സൂര്യൻ ഉദിച്ചുവരുന്നതനുസരിച്ച് ഒരു സ്ഥലത്തിന്റെ മനോഹാരിത തെളിഞ്ഞുവരുന്നതുപോലെ, ദൈവം ഉചിതമായ സമയത്ത് ദൈവികസത്യങ്ങളെക്കുറിച്ച് പടിപടിയായി വെളിപ്പെടുത്തിത്തരുന്നു. (1 പത്രോസ് 1:10-12) ‘അവസാനകാലത്ത്’ ദൈവം ഇതു കൂടുതലായി ചെയ്യുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു.—ദാനിയേൽ 12:4.
ഗ്രാഹ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഞങ്ങളെ അതിശയിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നില്ല. മുൻകാലത്തെ ദൈവദാസർക്ക് ഞങ്ങളെപ്പോലെതന്നെ മാറ്റം വരുത്തേണ്ടതായ പല തെറ്റായ ആശയങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു.
ദൈവത്തിന്റെ നിയമിതസമയത്തിന് 40 വർഷങ്ങൾക്കു മുമ്പേ ഇസ്രായേൽ ജനതയുടെ വിമോചകനായി പ്രവർത്തിക്കാൻ മോശ തീരുമാനിച്ചു.—പ്രവൃത്തികൾ 7:23-25, 30, 35.
മിശിഹായുടെ മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഉള്ള പ്രവചനം ശരിയായി മനസ്സിലാക്കാൻ അപ്പോസ്തലന്മാർ പരാജയപ്പെട്ടു.—യശയ്യ 53:8-12; മത്തായി 16:21-23.
‘യഹോവയുടെ ദിവസം’ വരുന്ന സമയത്തെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾക്ക് തെറ്റായ ചിന്താഗതികൾ ഉണ്ടായിരുന്നു.—2 തെസ്സലോനിക്യർ 2:1, 2.
അവരുടെ അത്തരം തെറ്റിദ്ധാരണകൾ ദൈവം പിന്നീട് തിരുത്തി. ദൈവം ഇന്നും ഞങ്ങൾക്കുവേണ്ടി അങ്ങനെ ചെയ്യാനാണ് ഞങ്ങൾ പ്രാർഥിക്കുന്നത്.—യാക്കോബ് 1:5.
a ബൈബിളിനെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയ പുതുക്കിയ ഗ്രാഹ്യങ്ങൾ മറച്ചുവെക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. പകരം ഞങ്ങൾ അത് രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിൽ “പുതുക്കിയ പഠിപ്പിക്കലുകൾ” (Beliefs Clarified) എന്നതു നോക്കുക.