യഹോവയുടെ സാക്ഷികൾ വാക്സിനെടുക്കുന്നതിന് എതിരാണോ?
അല്ല. യഹോവയുടെ സാക്ഷികൾ വാക്സിനെടുക്കുന്നതിന് എതിരല്ല. വാക്സിനെടുക്കണോ വേണ്ടയോ എന്നത് ഓരോ ക്രിസ്ത്യാനിയും സ്വന്തമായി എടുക്കേണ്ട തീരുമാനമാണ്. യഹോവയുടെ സാക്ഷികളിൽ പലരും വാക്സിനെടുക്കാൻ തീരുമാനിക്കുന്നുണ്ട്.
രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിൽ വൈദ്യശാസ്ത്രരംഗം ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. അതെല്ലാം ഞങ്ങൾ വിലമതിക്കുന്നു. നല്ല ചികിത്സ കിട്ടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും അർപ്പണമനോഭാവം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. പ്രത്യേകിച്ച് ഈ പ്രതിസന്ധികളുടെ സമയത്ത് അവർ കൈയും മെയ്യും മറന്ന് പ്രവർത്തിക്കുന്നു. അതിനും ഞങ്ങൾ നന്ദിയുള്ളവരാണ്.
യഹോവയുടെ സാക്ഷികൾ ആരോഗ്യപ്രവർത്തകരുമായും ഗവൺമെന്റ് അധികാരികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൂറുകണക്കിനു ഭാഷകളിൽ ഈ വെബ്സൈറ്റിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് അതിലൂടെയെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. ഈ സുരക്ഷാമാനദണ്ഡങ്ങളിൽ രോഗവ്യാപനം തടയുന്നതിനുവേണ്ടി അധികാരികൾ ആവശ്യപ്പെടുന്ന എല്ലാ മുൻകരുതലുകളും ഉൾപ്പെടുന്നു. സാമൂഹിക അകലം പാലിക്കുന്നതും ക്വാറന്റീനിലിരിക്കുന്നതും കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതും പൊതുകൂടിവരവുകളെക്കുറിച്ചുള്ള നിർദേശങ്ങൾ പാലിക്കുന്നതും എല്ലാം.—റോമർ 13:1, 2.
ആരോഗ്യകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ എടുത്തുപറയാറുള്ള തത്ത്വങ്ങൾ ഇവയാണ്:
ആരോഗ്യകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തിയുമാണ്.—ഗലാത്യർ 6:5.
“(ഈ മാസിക) ഏതെങ്കിലും ചികിത്സാരീതിയോ മരുന്നോ മറ്റൊന്നിനെക്കാൾ നല്ലതാണെന്ന് പറയുന്നില്ല. വൈദ്യോപദേശവും നൽകുന്നില്ല. വസ്തുതകൾ അവതരിപ്പിക്കുക എന്നതു മാത്രമാണ് ഈ മാസികയുടെ ലക്ഷ്യം. തീരുമാനമെടുക്കേണ്ടത് ഓരോ വായനക്കാരനുമാണ്.”—ഉണരുക!, ഫെബ്രുവരി 8, 1987.
“നിങ്ങളും നിങ്ങളുടെ മക്കളും വാക്സിനെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.”—ഉണരുക!, ആഗസ്റ്റ് 22, 1965.
ഞങ്ങൾ ജീവനെ വളരെ വിലപ്പെട്ടതായി കാണുന്നു. അതുകൊണ്ടാണ് ഞങ്ങൾ വൈദ്യചികിത്സ സ്വീകരിക്കുന്നത്.—പ്രവൃത്തികൾ 17:28.
“ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സാക്ഷികൾ പല ആരോഗ്യവിദഗ്ധരുടെയും സഹായം തേടുന്നു. അവർ ജീവനെ വളരെ വിലയേറിയതായി കാണുന്നു. അതുകൊണ്ടുതന്നെ തിരുവെഴുത്തുകൾ വിലക്കാത്ത ന്യായമായ എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് ജീവൻ നിലനിറുത്താനാണ് അവർ ആഗ്രഹിക്കുന്നത്.”—വീക്ഷാഗോപുരം, ജൂലൈ 1, 1975.
“വൈദ്യചികിത്സ സ്വീകരിക്കാനോ മരുന്നുകൾ കഴിക്കാനോ യഹോവയുടെ സാക്ഷികൾക്ക് ഒരു മടിയുമില്ല. നല്ല ആരോഗ്യത്തോടെയിരിക്കാനും ജീവൻ നിലനിറുത്താനും അവർ ശരിക്കും ആഗ്രഹിക്കുന്നു. യഹോവയുടെ സാക്ഷികൾക്കിടയിൽ ചിലർ ഡോക്ടർമാർ പോലുമാണ്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയായ ലൂക്കോസിനെപ്പോലെ. . . . ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ കഠിനാധ്വാനവും അർപ്പണമനോഭാവവും യഹോവയുടെ സാക്ഷികൾ ശരിക്കും വിലമതിക്കുന്നു. രോഗിയായിരിക്കുമ്പോൾ അവരിൽനിന്ന് കിട്ടുന്ന ആശ്വാസത്തിനും സേവനത്തിനും യഹോവയുടെ സാക്ഷികൾ വളരെ നന്ദിയുള്ളവരാണ്.”—വീക്ഷാഗോപുരം, ഫെബ്രുവരി 1, 2011.