യഹോവയുടെ സാക്ഷികളുടെ വിവാഹം എങ്ങനെയാണ്?
യഹോവയുടെ സാക്ഷികളുടെ വിവാഹം പൊതുവേ ലളിതവും ആദരണീയവും ആയ ഒരു ചടങ്ങാണ്. ബൈബിളിൽനിന്നുള്ള ഒരു പ്രസംഗം അതിലുണ്ടായിരിക്കും, അതിനെ തുടർന്ന് പലപ്പോഴും ഒരു വിവാഹവിരുന്നും മറ്റു പരിപാടികളും നടത്താറുണ്ട്. a തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ യേശു, കാനാ നഗരത്തിൽവെച്ച് നടന്ന ഒരു വിവാഹവിരുന്നിൽ പങ്കെടുത്തിട്ടുണ്ട്.—യോഹന്നാൻ 2:1-11.
യഹോവയുടെ സാക്ഷികളുടെ വിവാഹച്ചടങ്ങ് എങ്ങനെയാണു നടത്തുന്നത്?
യഹോവയുടെ സാക്ഷികളുടെ വിവാഹച്ചടങ്ങിൽ മുഖ്യമായും ഒരു വിവാഹപ്രസംഗം ഉണ്ടായിരിക്കും. ഏതാണ്ട് 30 മിനിട്ട് നീളുന്ന ഈ പ്രസംഗം നടത്തുന്നത് യഹോവയുടെ സാക്ഷികളുടെ ഒരു മതശുശ്രൂഷകനായിരിക്കും. സ്നേഹവും സന്തോഷവും തുളുമ്പുന്ന, നിലനിൽക്കുന്ന ഒരു വിവാഹജീവിതം ഉണ്ടായിരിക്കാൻ ദമ്പതികളെ ബൈബിൾ എങ്ങനെ സഹായിക്കുമെന്നു പ്രസംഗകൻ വിശദീകരിക്കും. സൗഹൃദഭാവത്തോടെ, പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും ഇതു നടത്തുന്നത്.—എഫെസ്യർ 5:33.
പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ മതശുശ്രൂഷകർക്കു വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരം ഗവൺമെന്റ് നൽകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പ്രസംഗത്തിന്റെ അവസാനം ദമ്പതികൾ പ്രതിജ്ഞ പറയും, മോതിരം കൈമാറും, തുടർന്ന് മതശുശ്രൂഷകൻ അവർ ഭാര്യാഭർത്താക്കന്മാർ ആണെന്നുള്ള ഒരു അറിയിപ്പു നടത്തും.
ഇനി, മറ്റു ചില രാജ്യങ്ങളിലെ നിയമമനുസരിച്ച്, വിവാഹം ഒരു ഗവൺമെന്റ് ഓഫീസിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനു ശേഷം, അധികം താമസിക്കാതെ വിവാഹപ്രസംഗം നടത്തും. രജിസ്ട്രോഫീസിൽവെച്ച് ദമ്പതികൾ പ്രതിജ്ഞ പറഞ്ഞിട്ടില്ലെങ്കിൽ പ്രസംഗത്തിന്റെ അവസാനം അവർക്ക് അതു ചെയ്യാവുന്നതാണ്. ഇനി, അവിടെവെച്ച് പ്രതിജ്ഞ പറഞ്ഞിട്ടുണ്ടെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് അതു വീണ്ടും ചെയ്യാം, പക്ഷേ വാചകങ്ങൾ ഭൂതകാലരൂപത്തിൽ ആയിരിക്കും എന്നുമാത്രം. നവദമ്പതികളുടെ മേൽ ദൈവത്തിന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിക്കും.
എവിടെവെച്ചാണു വിവാഹച്ചടങ്ങുകൾ നടത്താറുള്ളത്?
വിവാഹച്ചടങ്ങു രാജ്യഹാളിൽവെച്ച് നടത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാനാണു പല സാക്ഷികളും ആഗ്രഹിക്കുന്നത്. b അതിനെ തുടർന്ന് വിവാഹവിരുന്നു നടത്തുന്നുണ്ടെങ്കിൽ അതു മറ്റ് എവിടെയെങ്കിലുംവെച്ചായിരിക്കും.
ആർക്കൊക്കെ അതിൽ പങ്കെടുക്കാം?
രാജ്യഹാളിൽവെച്ച് നടക്കുന്ന വിവാഹച്ചടങ്ങിൽ ആർക്കുവേണമെങ്കിലും—സാക്ഷികൾക്കും അല്ലാത്തവർക്കും—പങ്കെടുക്കാം. എന്നാൽ വിവാഹവിരുന്നു നടത്തുന്നുണ്ടെങ്കിൽ ആരെ ക്ഷണിക്കണമെന്നു ദമ്പതികൾ തീരുമാനിക്കും.
അതിഥികൾ ഏതെങ്കിലുമൊരു പ്രത്യേകതരം വസ്ത്രം ധരിക്കേണ്ടതുണ്ടോ?
രാജ്യഹാളിൽവെച്ച് നടക്കുന്ന വിവാഹച്ചടങ്ങിൽ ഏതെങ്കിലുമൊരു പ്രത്യേകതരം വസ്ത്രം ധരിക്കണമെന്നു നിയമമൊന്നും ഇല്ലെങ്കിലും അനാവശ്യശ്രദ്ധ ആകർഷിക്കുന്ന, മാന്യമല്ലാത്ത വസ്ത്രധാരണം യഹോവയുടെ സാക്ഷികൾ ഒഴിവാക്കും. ചടങ്ങിൽ സംബന്ധിക്കുന്ന എല്ലാവരും അങ്ങനെ ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 2:9) ഇനി, വിവാഹവിരുന്നു നടത്തുന്നുണ്ടെങ്കിൽ അപ്പോഴും ഇതേ തത്ത്വംതന്നെ ബാധകമാണ്.
സമ്മാനങ്ങൾ കൊടുക്കുമോ?
ഉദാരത കാണിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 37:21) സമ്മാനങ്ങൾ കൊടുക്കാനും വാങ്ങാനും യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. (ലൂക്കോസ് 6:38) എന്നാൽ സമ്മാനം ചോദിക്കുകയോ സമ്മാനങ്ങൾ നൽകിയവരുടെ പേര് പരസ്യമായി വിളിച്ചുപറയുകയോ ചെയ്യുന്ന രീതി അവർക്കില്ല. (മത്തായി 6:3, 4; 2 കൊരിന്ത്യർ 9:7; 1 പത്രോസ് 3:8) കാരണം അത്തരം രീതികൾ തിരുവെഴുത്തുവിരുദ്ധമാണ്. അതു മാത്രമല്ല, ചടങ്ങിൽ പങ്കെടുക്കുന്ന പലരെയും അത് അസ്വസ്ഥരാക്കുകയും ചെയ്തേക്കാം.
ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ച് ‘ചിയേഴ്സും’ മറ്റും പറയുന്ന രീതിയുണ്ടോ?
ഇല്ല. യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യില്ല. കാരണം “ചിയേഴ്സ്” എന്നോ മറ്റോ പറഞ്ഞുകൊണ്ട് ഗ്ലാസ്സുകൾ ഉയർത്തി പരസ്പരം കൂട്ടിമുട്ടിക്കുന്ന രീതിക്കു വ്യാജമതാചാരങ്ങളുമായി ബന്ധമുണ്ട്. c യഹോവയുടെ സാക്ഷികൾ നവദമ്പതികൾക്കു ശുഭാശംസകൾ നേരുന്നതു മറ്റു വിധങ്ങളിലാണ്.
അരിയോ വർണക്കടലാസുകളോ നവദമ്പതികളുടെ മേൽ വിതറുമോ?
ഇല്ല. ചില സ്ഥലങ്ങളിൽ അരിയോ വർണക്കടലാസുകളോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആളുകൾ വധൂവരന്മാരുടെ മേൽ വിതറാറുണ്ട്. ഇത് അവർക്കു ഭാഗ്യവും സന്തോഷവും ദീർഘായുസ്സും നൽകുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഹോവയുടെ സാക്ഷികൾ ഒഴിവാക്കുന്നു. ഇതിൽ ഭാഗ്യം കൊണ്ടുവരാനായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടും. ഇതൊക്കെ ബൈബിൾതത്ത്വങ്ങൾക്കു വിരുദ്ധമാണ്.—യശയ്യ 65:11.
വിവാഹവിരുന്നിൽ ഭക്ഷണവും മദ്യവും വിളമ്പുമോ?
വിവാഹച്ചടങ്ങു രാജ്യഹാളിൽവെച്ച് നടത്തുമ്പോൾ അവിടെ ഭക്ഷണവും മദ്യവും വിളമ്പില്ല. എന്നാൽ പിന്നീട് ഒരു വിവാഹവിരുന്നു നടത്താനോ ലഘുഭക്ഷണം വിതരണം ചെയ്യാനോ ദമ്പതികൾ തീരുമാനിച്ചേക്കാം. (സഭാപ്രസംഗകൻ 9:7) ഇനി മദ്യം വിളമ്പുന്നുണ്ടെങ്കിൽ അതു മിതമായ അളവിൽ, നിയമപരമായി അതു കഴിക്കാൻ പ്രായമായവർക്കു മാത്രമേ നൽകുന്നുള്ളൂ എന്ന് അവർ ഉറപ്പുവരുത്തും.—ലൂക്കോസ് 21:34; റോമർ 13:1, 13.
പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരിക്കുമോ?
ഒരു വിവാഹവിരുന്നു നടത്തുന്നുണ്ടെങ്കിൽ അതിന്റെകൂടെ പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരിക്കാൻ ചില ദമ്പതികൾ ആഗ്രഹിച്ചേക്കാം. (സഭാപ്രസംഗകൻ 3:4) അവർക്കും അതിഥികൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സംഗീതമായിരിക്കും അവർ തിരഞ്ഞെടുക്കുന്നത്. എന്നാൽ രാജ്യഹാളിൽവെച്ച് നടക്കുന്ന വിവാഹച്ചടങ്ങിൽ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള പാട്ടുകളായിരിക്കും ഉണ്ടായിരിക്കുക.
യഹോവയുടെ സാക്ഷികൾ വിവാഹവാർഷികം ആഘോഷിക്കുമോ?
വിവാഹവാർഷികം ആഘോഷിക്കാമെന്നോ വേണ്ടെന്നോ പറയുന്ന ബൈബിൾതത്ത്വങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ അത് ആഘോഷിക്കണോ വേണ്ടയോ എന്ന് ഓരോ ദമ്പതികളും തീരുമാനിക്കും. ഇനി ആഘോഷിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു സ്വകാര്യമായോ കുടുംബാംഗങ്ങളുടെയും വീട്ടുകാരുടെയും ഒപ്പമോ ആഘോഷിച്ചേക്കാം.
a ഇതിനോടു ബന്ധപ്പെട്ട ആചാരങ്ങളും ചടങ്ങുകളും ഗവൺമെന്റ് നിയമങ്ങളും എല്ലാം ഓരോ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
b രാജ്യഹാൾ ഉപയോഗിക്കുന്നതിനോ മതശുശ്രൂഷകൻ പ്രസംഗം നടത്തുന്നതിനോ ഫീസ് കൊടുക്കേണ്ടതില്ല.
c ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ച് “ചിയേഴ്സ്” എന്നോ മറ്റോ പറയുന്ന രീതിയുടെ വ്യാജമത ഉത്ഭവത്തെക്കുറിച്ച് അറിയാൻ 2007 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗം കാണുക.