യഹോവയുടെ സാക്ഷികളുടെ സംഘടനയിൽനിന്ന് ഒരാൾക്കു രാജിവെക്കാനാകുമോ?
ആകും. രണ്ടു വിധത്തിൽ ഒരു വ്യക്തിക്ക് സംഘടനയിൽനിന്ന് രാജിവെക്കാനാകും:
നേരിട്ട് അപേക്ഷിക്കുന്നതിലൂടെ. വാമൊഴിയാലോ എഴുത്തുരൂപേണയോ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന തീരുമാനം അറിയിക്കാനാകും.
പ്രവൃത്തിയിലൂടെ. ലോകവ്യാപക സഹോദരകുടുംബത്തിന്റെ അംഗത്വം നഷ്ടപ്പെടുത്തിയേക്കാവുന്ന പ്രവൃത്തികളിൽ ഒരാൾ ഏർപ്പെട്ടേക്കാം. (1 പത്രോസ് 5:9) ഉദാഹരണത്തിന്, മറ്റൊരു മതത്തിൽ അംഗത്വം സ്വീകരിക്കുകയും അതിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കുകയും ചെയ്താൽ.—1 യോഹന്നാൻ 2:19.
ഒരു വ്യക്തി സുവിശേഷം പ്രസംഗിക്കാതിരിക്കുകയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ ആണെങ്കിലോ? അദ്ദേഹം അംഗത്വം രാജിവെച്ചതായി നിങ്ങൾ കരുതുമോ?
ഒരിക്കലുമില്ല. രാജിവെക്കുന്നതും അല്ലെങ്കിൽ കൂട്ടത്തോടൊപ്പം വരാതിരിക്കുന്നതും, വിശ്വാസത്തിൽ ദുർബലനാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മിക്കപ്പോഴും ഒരു വ്യക്തി അല്പസമയത്തേക്ക് മന്ദീഭവിക്കുന്നതോ ആരാധനക്രിയകൾ നിറുത്തുന്നതോ വിശ്വാസം ഉപേക്ഷിച്ചിരിക്കുന്നു എന്ന് അർഥമാക്കുന്നില്ല. പകരം അവർ നിരുത്സാഹിതരാണ് എന്നാണ് അതു സൂചിപ്പിക്കുന്നത്. അവരെ സഭയിൽനിന്ന് പുറത്താക്കുന്നതിനു പകരം അവർക്കു വേണ്ട ആശ്വാസവും പിന്തുണയും നൽകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. (1 തെസ്സലോനിക്യർ 5:14; യൂദ 22) ആ വ്യക്തിക്ക് സഹായം ആവശ്യമാണെങ്കിൽ അദ്ദേഹത്തിനു വേണ്ട ആത്മീയ സഹായം നൽകുന്നതിന് സഭയിലെ മൂപ്പന്മാർ നേതൃത്വമെടുക്കും.—ഗലാത്യർ 6:1; 1 പത്രോസ് 5:1-3.
എന്നിരുന്നാലും ഒരു യഹോവയുടെ സാക്ഷിയായി നിലനിൽക്കുന്നതിനുവേണ്ടി ബലം പ്രയോഗിക്കാനോ സമ്മർദം ചെലുത്താനോ മൂപ്പന്മാർക്ക് അധികാരമില്ല. ഓരോ വ്യക്തിക്കും സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. (യോശുവ 24:15) ദൈവത്തെ ആരാധിക്കുന്നവർ സ്വമനസ്സാലെ അങ്ങനെ ചെയ്യണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.—സങ്കീർത്തനം 110:3; മത്തായി 22:37.