ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 1 (2015 ജനുവരി-ആഗസ്റ്റ്)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബ്രാഞ്ചോഫീസ് ലണ്ടനിലെ മിൽഹിലിൽനിന്ന് 70 കിലോമീറ്റർ കിഴക്കു മാറി എസ്സെക്സിലുള്ള കെംസ്‌ഫോർഡ് നഗരത്തിന് അടുത്തേക്കു മാറ്റുന്നു. 2015 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കെട്ടിടംപണി തുടങ്ങാൻ ആവശ്യമായ മറ്റു സൗകര്യങ്ങൾ ജോലിക്കാർ ക്രമീകരിച്ചു.
2015 ജനുവരി 23—ബ്രാഞ്ചിനായുള്ള സ്ഥലം
അധികാരികളുടെ അനുമതിയോടെ ബ്രാഞ്ചിനായുള്ള സ്ഥലം ഒരുക്കാൻ അവിടെയുള്ള മരങ്ങൾ നീക്കം ചെയ്‌തു. പക്ഷികൾ കൂടു കൂട്ടുന്ന കാലത്തിനു മുമ്പ് പണികൾ തീർക്കാൻ അവർ ഉത്സാഹത്തോടെ പ്രവർത്തിച്ചു. മരച്ചില്ലകൾ ചെറുകഷണങ്ങളാക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് നല്ല നടപ്പാത നിർമിക്കുകയും അതിൻറെ തായ്ത്തടി ബ്രാഞ്ചിൻറെ മറ്റു നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെക്കുകയും ചെയ്‌തു.
2015 ജനുവരി 30—ഊണുമുറിക്കായുള്ള സ്ഥലം
മുമ്പ് ഒരു ഹോട്ടലായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് അകത്ത് വീഡിയോ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. അത് ഇപ്പോൾ അടുക്കളയും ഊണുമുറിയും ആയി ഉപയോഗിക്കുന്നു. ഈ സൗകര്യമുള്ളതുകൊണ്ട് അവിടെയുള്ള നിർമാണപ്രവർത്തകർക്ക് പ്രഭാതാരാധനയും ബഥേൽകുടുംബത്തിൻറെ വീക്ഷാഗോപുരപഠനവും പോലുള്ള ആത്മീയപരിപാടികൾ ആസ്വദിക്കാൻ കഴിയുന്നു.
2015 ഫെബ്രുവരി 23—ബ്രാഞ്ചിനായുള്ള സ്ഥലം
ബ്രാഞ്ചിൻറെ സ്ഥലത്തിന് ചുറ്റും ഇരുമ്പുവേലി നിർമിക്കുന്നു. ഇവിടം ഒരു ഗ്രാമപ്രദേശമായതുകൊണ്ട് കെട്ടിടനിർമാണം അവിടത്തെ വന്യജീവികളെ ഒട്ടുംതന്നെ ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, വേലിയുടെ അടിഭാഗത്ത് 20 സെൻറിമീറ്റർ (8 ഇഞ്ച്) സ്ഥലം വിട്ടിട്ടുണ്ട്. അതുകൊണ്ട് രാത്രിയിൽ സ്വൈരവിഹാരം നടത്താൻ അവിടെയുള്ള മൃഗങ്ങൾക്ക് ഈ വേലി ഒരു തടസ്സമല്ല.
2015 ഫെബ്രുവരി 23—ബ്രാഞ്ചിനായുള്ള സ്ഥലം
താമസസ്ഥലവും നിർമാണസ്ഥലവും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു താത്കാലികപാത നിർമിക്കുന്നു.
2015 മാർച്ച് 5—ബ്രാഞ്ചിനായുള്ള സ്ഥലം
കിഴക്കുനിന്ന് നോക്കിയാൽ, താത്കാലികമായി നിർമിച്ചിരിക്കുന്ന പാത കാണാം. വലതുവശത്ത് അങ്ങേ അറ്റത്ത് കാണുന്നതാണു നിർമാണസ്ഥലം. ഇടതുവശത്തായി കാണിച്ചിരിക്കുന്ന കെട്ടിടങ്ങൾ നിർമാണജോലിക്കാരുടെ താമസസ്ഥലമാക്കി മാറ്റിയിരിക്കുന്നു. കൂടുതൽ താമസസൗകര്യങ്ങൾ ചുറ്റുവട്ടത്ത് പണിയുന്നതാണ്.
2015 ഏപ്രിൽ 20—നിർമാണപ്രവർത്തകർക്കായുള്ള താമസസ്ഥലം
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗവും മറ്റൊരു ലോകാസ്ഥാനപ്രതിനിധിയും നിർമാണപ്രവർത്തകരെ സന്ദർശിക്കുന്നു. പിറ്റേ ആഴ്‌ച ബ്രിട്ടനിലും അയർലൻഡിലും ഉള്ള രാജ്യഹാളുകളിൽ ഒരു പ്രത്യേകയോഗം സംപ്രേഷണം ചെയ്‌തു. അതിനു തലേദിവസം ഈ പദ്ധതി തുടർന്നുകൊണ്ടുപോകാനായി കെംസ്‌ഫോർഡ് നഗരസമിതിയുടെ അനുമതി ലഭിച്ചതായി അറിയിച്ചു.
2015 മെയ് 13—പ്രധാനപണിപ്പുര
പഴക്കമുള്ള രണ്ടു വലിയ ഓക്കു മരങ്ങളുടെ വേരുകൾക്കു കേടൊന്നും തട്ടാതിരിക്കാൻ ജോലിക്കാർ ഒരു പ്രത്യേകസംവിധാനം ഉണ്ടാക്കുന്നു. പ്രധാനപണിപ്പുരയ്ക്കും നിർമാണസ്ഥലത്തിനും ഇടയിലുള്ള ഈ പാതയിലൂടെ ഭാരമുള്ള വസ്‌തുക്കൾ കൊണ്ടുപോകേണ്ടതിനാലാണ് ഇങ്ങനെ ചെയ്‌തത്.
2015 മെയ് 21—നിർമാണപ്രവർത്തകർക്കായുള്ള താമസസ്ഥലം
താത്കാലികതാമസത്തിനായുള്ള കെട്ടിടങ്ങൾക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പ്രവർത്തകർ കാന നിർമിക്കുന്നു. നിർമാണപ്രവർത്തകർക്കു താമസിക്കാനുള്ള 50-ഓളം വരുന്ന കെട്ടിടങ്ങളാണ് പുറകിൽ കാണുന്നത്.
2015 ജൂൺ 16—നിർമാണപ്രവർത്തകർക്കായുള്ള താമസസ്ഥലം
താത്കാലികമായി നിർമിക്കുന്ന കെട്ടിടങ്ങളിലെ പ്ലംബിങ് ജോലികൾ ചെയ്യുന്നു.
2015 ജൂൺ 16—നിർമാണപ്രവർത്തകർക്കായുള്ള താമസസ്ഥലം
താത്കാലികമായി നിർമിച്ച കെട്ടിടങ്ങളുടെ കിഴക്കുഭാഗത്തുനിന്നുള്ള കാഴ്‌ച. കൂടുതൽ താമസസൗകര്യത്തിനു വേണ്ട അടിസ്ഥാനം ഇട്ടിരിക്കുന്നതും ചിത്രത്തിൽ കാണാം. താമസസ്ഥലം ഒരുക്കാനായുള്ള പണിപ്പുരകളാണ് ഇടതുവശത്തായി കാണിച്ചിരിക്കുന്നത്. അതിലാണ് നിർമാണപ്രവർത്തകർക്കായുള്ള ഊണുമുറി. പുറകിൽ മധ്യത്തിലായി കാണിച്ചിരിക്കുന്ന ഒഴിഞ്ഞ സ്ഥലത്താണ് ബ്രാഞ്ചിൻറെ നിർമാണം.
2015 ജൂൺ 16—നിർമാണപ്രവർത്തകർക്കായുള്ള താമസസ്ഥലം
ആശയവിനിമയസംവിധാനങ്ങൾക്കായുള്ള മുറിയിൽ നിന്നുകൊണ്ട് കേബിൾ കൂട്ടിയോജിപ്പിക്കുന്നു. നിർമാണപ്രവർത്തനം ഏകോപിപ്പിക്കാനും മറ്റു ബ്രാഞ്ചുകളുമായി ബന്ധപ്പെടാനും ലോകാസ്ഥാനത്തുനിന്നുള്ള നിർദേശങ്ങൾ തേടാനും ഈ കമ്പ്യൂട്ടർ നെറ്റ്‌വർക്കും ഇൻറർനെറ്റ് സൗകര്യവും ഒക്കെ നിർമാണപ്രവർത്തനത്തിൻറെ തുടക്കത്തിൽത്തന്നെ ആവശ്യമായിരുന്നു.
2015 ജൂലൈ 6—ബ്രാഞ്ചിനായുള്ള സ്ഥലം
പുരാവസ്തുക്കളുള്ള പ്രദേശമാണോ എന്ന് അറിയാനായി കുഴിച്ച കുഴികൾ ഒരു കോൺട്രാക്‌ടർ ജിപിഎസ് ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്നു. മൂല്യവത്തായ എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ ഈ കുഴികൾ സഹായിക്കും. അടുത്ത പ്രദേശമായ കെംസ്‌ഫോർഡ് പണ്ട് റോമാക്കാർ സ്ഥാപിച്ച നഗരമായിരുന്നെങ്കിലും ഇവിടെ 107 കുഴികൾ കുഴിച്ച് പരിശോധിച്ചതിൽ മൂല്യവത്തായതോ കലാമൂല്യമുള്ളതോ ആയ യാതൊന്നും കണ്ടെത്തിയില്ല.
2015 ജൂലൈ 6—പ്രധാനപണിപ്പുര
വാതിലിനായുള്ള കട്ടിളപ്പടികൾ അളവനുസരിച്ച് മുറിക്കുന്നു. പ്രധാനപണിപ്പുരയുള്ള സ്ഥലത്തെ ചില കെട്ടിടങ്ങൾ പുതുക്കിപ്പണിത് വർക്ക്‌ഷോപ്പുകളാക്കി മാറ്റിയിട്ടുണ്ട്. താത്കാലിക ഓഫീസുകളും അതിനെ പിന്തുണച്ചുകൊണ്ടുള്ള മറ്റു പ്രവർത്തനങ്ങളും ഇവിടെയാണ് ക്രമീകരിക്കുന്നത്.
2015 ജൂലൈ 6—പ്രധാനപണിപ്പുര
മണ്ണ് ഇട്ട് കുഴികൾ നികത്തുന്നു.
2015 ജൂലൈ 7—ബ്രാഞ്ചിനായുള്ള സ്ഥലം
85 ഏക്കറോളം വരുന്ന നമ്മുടെ സ്ഥലം ഉൾപ്പെടുന്ന ബ്രിട്ടനിലെ ഉൾനാടൻ പ്രദേശങ്ങളുടെ വശ്യസൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്നു. സീപോർട്ട്, എയർപോർട്ട്, ലണ്ടൻ നഗരം എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാത (ചിത്രത്തിലില്ല) തൊട്ടടുത്തുതന്നെയുണ്ട്.
2015 ജൂലൈ 23—ബ്രാഞ്ചിനായുള്ള സ്ഥലം
പുതിയ കെട്ടിടങ്ങൾ പണിയാനായി പഴയവ പൊളിച്ചുമാറ്റുന്നു.
2015 ആഗസ്റ്റ് 20—പ്രധാനപണിപ്പുര
മുന്നമേ ഇണക്കിച്ചേർത്ത് തയാറാക്കിയ ക്യാബിനുകൾ ക്രെയിൻ ഉപയോഗിച്ച് അതിൻറെ സ്ഥാനത്ത് വെക്കുന്നു.കൂടുതൽ ക്യാബിനുകൾ വെക്കാനുള്ള സ്ഥലമാണ് മുന്നിൽ കാണുന്നത്. ഈ പദ്ധതി ഏകോപിപ്പിക്കാനുള്ള ഓഫീസുകളായിട്ടായിരിക്കും ഈ ക്യാബിനുകൾ ഉപയോഗിക്കുന്നത്.