ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 3 (2016 സെപ്റ്റംബർ–2017 ഫെബ്രുവരി)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2016 സെപ്റ്റംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കാണാം.
2016 സെപ്റ്റംബർ 13—ബ്രാഞ്ച് സൈറ്റ്
ഒരു മണ്ണുമാന്തിയന്ത്രം ട്രക്കുകളിലേക്കു മണ്ണ് കോരിയിടുന്നു. സൈറ്റിൽത്തന്നെയുള്ള മറ്റിടങ്ങളിലെ നിർമാണാവശ്യങ്ങൾക്കായി ഈ മണ്ണ് കൊണ്ടുപോകുന്നു.
2016 സെപ്റ്റംബർ 15—പ്രധാനപണിസ്ഥലം
ഇലക്ട്രിക്കൽ വിഭാഗത്തിലുള്ള ജോലിക്കാർ ഡാറ്റാ കേബിളുകൾ സുരക്ഷിതമാക്കുന്നു. അടുത്തുള്ള പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ നിർമാണം പൂർത്തിയാകുന്നതുവരെ ഈ കെട്ടിടമായിരിക്കും ഓഫീസ് മുറികളായും ഭക്ഷണമുറിയായും ഉപയോഗിക്കുന്നത്.
2016 സെപ്റ്റംബർ 19—ബ്രാഞ്ച് സൈറ്റ്
പുതിയ ട്രാഫിക് സർക്കിളിന്റെയും ബ്രാഞ്ച് സൗകര്യങ്ങളുടെയും മുകളിൽനിന്നുള്ള ദൃശ്യം. ട്രാഫിക് സർക്കിളിന്റെ ഇടതുവശത്തായി ഒരു പൂന്തോട്ടവും കുളവും തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് കാണാം. ചുറ്റുമുള്ളവർക്കും കാണാൻ വരുന്നവർക്കും സ്ഥലങ്ങൾ വീക്ഷിക്കാനുള്ള സൗകര്യവും അതിനോടു ചേർന്നുണ്ട്.
2016 നവംബർ 3—ബ്രാഞ്ച് സൈറ്റ്
പണിസ്ഥലത്തുനിന്ന് ശേഖരിച്ച കോൺക്രീറ്റ് പൊടിച്ച് ചുറ്റുമുള്ള റോഡുകൾ നിർമിക്കാൻ ഉപയോഗിക്കുന്നു.
2016 നവംബർ 4—ബ്രാഞ്ച് സൈറ്റ്
താത്കാലിക ഉപയോഗത്തിനും സ്ഥിരമായ ഉപയോഗത്തിനും വേണ്ടിയുള്ള റോഡുകൾ ജോലിക്കാർ നിർമിക്കുന്നു. റോഡുകൾക്ക് ഉറപ്പേകുക എന്ന ലക്ഷ്യത്തിൽ ഒരു തരം വെളുത്ത ഷീറ്റുകൾ വിരിക്കുന്നു. ഫോട്ടോയുടെ വലതുവശത്തു പുറകിലായി കാണുന്നത് ഈ ഷീറ്റുകൾ വിരിക്കുന്നതിനു മുമ്പ് റോഡ് റോളർ അവിടെയുള്ള നിലം ഉറപ്പിക്കുന്നതാണ്.
2016 നവംബർ 5—ബ്രാഞ്ച് സൗകര്യങ്ങൾ മാറുന്നതിനോടു ബന്ധപ്പെട്ടുള്ള പ്രാദേശിക പരിപാടി
ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിൽ നിർമാണ കമ്മിറ്റി 18 പ്രാദേശികപരിപാടികൾ സംഘടിപ്പിച്ചു. അതിലൊന്നിൽ പങ്കെടുക്കാൻ എത്തിയ സന്നദ്ധസേവകർ വിവരങ്ങൾ ചോദിച്ചറിയുന്നു. 15,000-ത്തിലധികം യഹോവയുടെ സാക്ഷികൾ ആ പരിപാടികളിൽ പങ്കെടുത്തു. അവരിൽ അനേകരും ഈ പ്രോജക്ടിൽ പങ്കെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു.
2016 നവംബർ 28—ബ്രാഞ്ച് സൈറ്റ്
പുതുതായി നട്ട ഒരു മരത്തിനു ചുറ്റും തോട്ടക്കാർ വളവും മറ്റും ഇടുന്നു. അവിടെയുള്ള 700-ലധികം വരുന്ന മരങ്ങളിൽ ഒന്നാണിത്. ഫോട്ടോയിൽ കാണുന്ന കുളം, ശക്തമായ കാറ്റിനു ശേഷമുണ്ടാകുന്ന വെള്ളപ്പൊക്കം തടയാനും മഴവെള്ളം ശേഖരിക്കാനും പിന്നീട് ആവശ്യാനുസരണം കുറേശ്ശെയായി ഉപയോഗിക്കാനും കഴിയുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്.
2016 ഡിസംബർ 5—ബ്രാഞ്ച് സൈറ്റ്
മഞ്ഞുള്ള ഒരു ദിവസം. നിലം നിരപ്പാക്കുന്ന ജോലി അവസാനഘട്ടത്തിലെത്തിയിരിക്കുന്നു. പണി തകൃതിയിൽ നടക്കുകയാണ്. മുഴുവൻ കോൺട്രാക്ടർമാരും കൂടി ഏകദേശം 1,60,000 ഘന മീറ്റർ വരുന്ന മണ്ണും മറ്റും കുഴിച്ചെടുത്ത് അവിടെത്തന്നെ പലയിടങ്ങളിലായി എത്തിച്ചിരിക്കുന്നു, അതായത് 10,000-ത്തിലധികം ട്രക്കുകൾ നിറയ്ക്കാൻ ആവശ്യമായത്ര മണ്ണ്!
2016 ഡിസംബർ 6—ബ്രാഞ്ച് സൈറ്റ്
പൂന്തോട്ടത്തിനു ചുറ്റുമായി കുറ്റിച്ചെടികൾകൊണ്ടുള്ള വേലി ഉണ്ടാക്കുന്നതിനായി തോട്ടപണിക്കാർ മണ്ണ് ഒരുക്കുന്നു. ആ പൂന്തോട്ടത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ആയി അവിടങ്ങളിൽ കണ്ടുവരുന്ന 11 തരം മരങ്ങളും 16 തരം ചെടികളും കാണാം.
2016 ഡിസംബർ 19—താമസത്തിനുള്ള കെട്ടിടങ്ങൾ
കെട്ടിടത്തിന്റെ അടിത്തറ ഇടുന്നതിനായി പൈലിങ്ങ് യന്ത്രം ഉപയോഗിച്ച് തൂണുകൾക്കുള്ള കുഴി എടുക്കുന്നതാണ് ഇടതുവശത്തു കാണുന്നത്. ആദ്യമായി, ഒരു പിരിയാണിയുടെ രൂപത്തിലുള്ള ഓഗർ ബിറ്റ് ഉപയോഗിച്ച് ഡ്രിൽ ചെയ്ത് തറയിൽ കുഴി എടുക്കുന്നു. എന്നിട്ട് ആ കുഴിയിൽ കോൺക്രീറ്റ് നിറയ്ക്കുന്നു. ചിത്രത്തിന്റെ നടുവിൽ കാണുന്നതുപോലെ കോൺട്രാക്ടർമാർ അടിത്തറയുടെ പണി പൂർത്തീകരിക്കുന്നതിനുവേണ്ടി കോൺക്രീറ്റ് നിറച്ച കുഴിയിൽ സ്റ്റീൽ കമ്പികൾ ഇറക്കുന്നു. താമസത്തിനുള്ള കെട്ടിടങ്ങൾക്കുവേണ്ടി ഇങ്ങനെ 360-ലധികം പൈൽതൂണുകൾ നാട്ടിയിരിക്കുന്നു.
2016 ഡിസംബർ 29—ബ്രാഞ്ച് സൈറ്റ്
മഞ്ഞുള്ള ഒരു പ്രഭാതത്തിൽ സൈറ്റിലുള്ള താത്കാലിക ഓഫീസിലേക്ക് വെള്ളം ലഭിക്കുന്നതിനുവേണ്ടി ഒരു പ്ലമ്പർ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നു.
2017 ജനുവരി 16—ബ്രാഞ്ച് സൈറ്റ്
വെള്ളത്തിലും കരയിലും ഉപയോഗിക്കാൻ കഴിയുന്ന മണ്ണുമാന്തിയന്ത്രത്താൽ സൈറ്റിന്റെ അതിരിലുള്ള കുളത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചേറും ചപ്പും എല്ലാം നീക്കുന്നു. പല കുളങ്ങളുടെയും അവസ്ഥ ശോചനീയമായിരുന്നു. അവ പുനരുദ്ധരിക്കണമായിരുന്നു. ഇങ്ങനെ ചെയ്യുന്നത് കുളങ്ങളുടെ ചുറ്റുമുള്ള മണ്ണിടിഞ്ഞുപോകുന്നതു തടയാനും അവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും സഹായിക്കും. പുനരുദ്ധാരണ പണി തുടങ്ങുന്നതിനു മുമ്പ് കുളങ്ങളിലെ 2,500-ലധികം മീനുകളെ സുരക്ഷിതമായി മറ്റു കുളങ്ങളിലേക്കു മാറ്റിയിരുന്നു.
2017 ജനുവരി 17—താമസത്തിനുള്ള കെട്ടിടങ്ങൾ
സൈറ്റിന്റെ കിഴക്കുനിന്നുള്ള ഒരു ദൃശ്യം, മുകളിൽനിന്ന് നോക്കുമ്പോൾ. താമസത്തിനുള്ള രണ്ടു കെട്ടിടങ്ങളുടെ അടിസ്ഥാനം ഇടുന്ന ജോലികൾ പുരോഗമിക്കുന്നത് കാണാം. താഴെ വലത്തെ അറ്റത്ത്, തൂണുകളുടെ മുകൾ ഭാഗം കാണാം. താഴെ ഇടത്തെ അറ്റത്ത്, പൈൽതൂണുകൾക്കു മുകളിലായി വാർത്തുവെച്ചിരിക്കുന്ന വലിയ പൈൽക്യാപുകൾ കാണാം. നടുക്ക്, പൈലിങ്ങ് യന്ത്രം പൈൽതൂണുകൾക്കായി കുഴിയെടുക്കുന്നു.
2017 ജനുവരി 23—പ്രധാനപണിസ്ഥലം
സന്ദർശകർ വരുന്ന സ്ഥലം പെയിന്റ് അടിക്കുന്നതിനു മുമ്പ് വാതിൽപ്പാളി പിടിപ്പിക്കുന്നു. അവിടെ സന്ദർശകർക്ക് പ്രോജക്ടിനെക്കുറിച്ചുള്ള സവിശേഷതകൾ കാണാൻ കഴിയും. കൂടാതെ, നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് ഉയരത്തിൽനിന്ന് കാണാൻ സജ്ജീകരണം ചെയ്തിട്ടുണ്ട്.
2017 ഫെബ്രുവരി 14—താമസത്തിനുള്ള കെട്ടിടങ്ങൾ
ടവർക്രെയിൻ കറങ്ങാൻ സഹായിക്കുന്ന റിംഗ് അതിന്റെ യഥാസ്ഥാനത്തേയ്ക്ക് ഉയർത്തുന്നു. ഈ ക്രെയിനിന് ഏതാണ്ട് 40 മീറ്റർ (131 അടി) ഉയരമുണ്ട്. 18 ടൺ ഭാരം അതിന് ഉയർത്താനാകും.
2017 ഫെബ്രുവരി 15—താമസത്തിനുള്ള കെട്ടിടങ്ങൾ
പൈൽക്യാപ് നിർമിക്കുന്നതിനായി പൈൽതൂണുകളുടെ മുകൾ ഭാഗം മുറിച്ച് നീക്കുന്നു. പൈൽതൂണുകളിലെ കമ്പിയും പൈൽക്യാപിനായുള്ള കമ്പിയും തമ്മിൽ കൂട്ടിക്കെട്ടി വാർക്കും.
2017 ഫെബ്രുവരി 17—ബ്രാഞ്ച് സൈറ്റ്
ബ്രാഞ്ചോഫീസിന്റെ പ്രവേശനകവാടത്തിലുള്ള രണ്ട് JW.ORG സൈൻ ബോർഡുകളിൽ ഒന്ന് സ്ഥാപിക്കുന്ന ഇലക്ട്രീഷ്യന്മാർ.
2017 ഫെബ്രുവരി 17—ബ്രാഞ്ച് സൈറ്റ്
ബ്രാഞ്ചിന്റെ പ്രധാന പ്രവേശനകവാടത്തിനു മുമ്പിലുള്ള തിരക്കുപിടിച്ച റോഡിലെ ട്രാഫിക് സർക്കിളിന്റെ ദൃശ്യം, മുകളിൽനിന്നുള്ള കാഴ്ച. മുകളിലെ ഇടത്തെ അറ്റത്ത്, JW.ORG സൈൻ ബോർഡുകൾ കാണാം. കുളത്തിന്റെയും പൂന്തോട്ടത്തിന്റെയും പണി പൂർത്തിയായാൽ പ്രവേശനവഴിയുടെ മനോഹാരിത കൂടും.
2017 ഫെബ്രുവരി 24—താമസത്തിനുള്ള കെട്ടിടങ്ങൾ
65 മീറ്റർ അർദ്ധവ്യാസത്തിൽ, അതായത് അഞ്ച് താമസത്തിനുള്ള കെട്ടിടങ്ങൾക്കുള്ള സ്ഥലത്ത് ക്രെയിനിന്റെ കൈ എത്തും. താമസത്തിനുള്ള ഒരു കെട്ടിടത്തിന്റെ ബെയ്സ്മെന്റിൽ വണ്ടി പാർക്ക് ചെയ്യുന്നതിനുവേണ്ടി കോൺട്രാക്റ്റർമാർ കോൺക്രീറ്റ് സ്ലാബ് വാർക്കുന്നു. കെട്ടിടത്തിന്റെ പ്രധാനഭിത്തി പണിതുയർത്തുന്നതിനായി കമ്പികൾ തയ്യാറാക്കിവെച്ചിരിക്കുന്നു.