ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 4 (2017 മാർച്ച്—ആഗസ്റ്റ്)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2017 മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കാണാം.
2017 മാർച്ച് 28—ബ്രാഞ്ച് സൈറ്റ്
ചില്ലുപാളികളുള്ള ഒരു ചെറിയ മുറി കരാറുകാരൻ ക്രെയിൻ ഘടിപ്പിച്ച ട്രക്കിൽനിന്ന് ഇറക്കുന്നു. പണിസ്ഥലം മൊത്തത്തിൽ കാണുന്നതിനുള്ള നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നതിനാണ് ഇത്. സന്ദർശനകേന്ദ്രവും നിരീക്ഷണകേന്ദ്രവും 2017 മെയ്യിൽ തുറന്നു. ആഗസ്റ്റോടെ 17,000-ത്തിലധികം പേരാണ് ഇവിടം സന്ദർശിക്കാൻ ബുക്ക് ചെയ്തത്.
2017 മാർച്ച് 29—താമസത്തിനുള്ള കെട്ടിടം എഫ്
ഈ കെട്ടിടത്തിന്റെ നിർമാണത്തിനായി വാർക്കയ്ക്കുള്ള തട്ട് കരാറുകാർ ടവർക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നു. കെട്ടിടത്തിന്റെ ചുറ്റും ധാരാളം സ്ഥലമുള്ളതുകൊണ്ട് അഴിച്ചുപണികളൊന്നും കൂടാതെ ഇവ പെട്ടെന്നു മാറ്റിസ്ഥാപിക്കാനാകും.
2017 ഏപ്രിൽ 7—താമസത്തിനുള്ള കെട്ടിടങ്ങൾ
താമസത്തിനുള്ള അഞ്ചു കെട്ടിടങ്ങളുടെ പണി ഒരേ സമയത്തു നടക്കുന്നു. മുൻവശത്തായി കാണുന്നത് താമസിക്കുന്നതിനുള്ള കെട്ടിടം ബി-യുടെ അടിത്തറ വാർക്കുന്നതിനു മുമ്പ് കരാറുകാർ കമ്പി വളച്ചുകെട്ടുന്നതാണ്. പുറകിൽ വലതുവശത്തായി താമസത്തിനുള്ള കെട്ടിടം ഡി-യുടെ ഒന്നാം നിലയിൽ കരാറുകാർ കോൺക്രീറ്റ് നിറയ്ക്കുന്നു. പുറകിൽ ഇടതുവശത്തായി താമസത്തിനുള്ള കെട്ടിടം ഇ-യുടെ ലിഫ്റ്റിന്റെ ഷാഫ്റ്റും സ്റ്റെയർകേസ് അടങ്ങുന്ന ഭാഗവും കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ചട്ടക്കൂട് ടവർക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നു.
2017 ഏപ്രിൽ 19—ബ്രാഞ്ച് സൈറ്റ്
തീ അണയ്ക്കുന്നതിനുവേണ്ടിയുള്ള വെള്ളം വരുന്ന പ്ലാസ്റ്റിക്ക് പൈപ്പുകൾ തമ്മിൽ ചൂടാക്കി കൂട്ടിയോജിപ്പിച്ചതിനു ശേഷം തള്ളി നിൽക്കുന്ന പ്ലാസ്റ്റിക്ക്, മെക്കാനിക്കൽ ടീമിലെ ഒരാൾ നീക്കം ചെയ്യുന്നു. അതോടൊപ്പം പൈപ്പുകൾ യോജിക്കുന്ന ഭാഗത്തിന്റെ ഗുണനിലവാരവും ബലവും പരിശോധിച്ച് ഉറപ്പുവരുത്തുന്നു. മൊത്തത്തിൽ ഏകദേശം നാലു കിലോമീറ്റർ നീളത്തിൽ ഈ പൈപ്പുകൾ ഇട്ടിട്ടുണ്ട്.
2017 ഏപ്രിൽ 25—താമസത്തിനുള്ള കെട്ടിടങ്ങൾ
സൈറ്റിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള വെള്ളച്ചാലുകൾ, റോഡ് വരുന്ന ഭാഗത്ത് ഒഴുക്കു തടസ്സപ്പെടാതെ കുളത്തിൽ എത്തിച്ചേരാനായി കലുങ്കുകൾ സഹായിക്കുന്നു. ഒട്ടും വെള്ളം ചോർന്നുപോകാത്ത വിധത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ പണി പുരോഗമിക്കുന്ന ഒരു കലുങ്ക് വൃത്തിയാക്കുന്നു.
2017 ഏപ്രിൽ 28—താമസത്തിനുള്ള കെട്ടിടം എഫ്
ഇടനാഴിയുടെ ഭിത്തി വരാനുള്ള സ്ഥലം ഒരു ഭാര്യയും ഭർത്താവും അടങ്ങുന്ന ടീം തറയിൽ അടയാളപ്പെടുത്തുന്നു.
2017 മെയ് 5—താമസത്തിനുള്ള കെട്ടിടങ്ങൾ
പണി പുരോഗമിക്കുന്ന താമസത്തിനുള്ള അഞ്ച് കെട്ടിടങ്ങളുടെ കിഴക്കുനിന്നുള്ള ആകാശദൃശ്യം. സെപ്റ്റംബറോടെ താമസത്തിനുള്ള കെട്ടിടം എഫിന്റെ (പുറകിൽ വലതുവശത്ത്) വാർക്കപ്പണി കഴിഞ്ഞു. അകത്തെ ഭിത്തിയുടെ പണി പുരോഗമിക്കുന്നു, തേപ്പും പെയിന്റിങ്ങും തുടങ്ങി. അതേസമയം താമസത്തിനുള്ള കെട്ടിടം ഇ-യുടെ (പുറകിൽ ഇടതുവശത്ത്) പുറംഭിത്തിയുടെയും ജനലുകളുടെയും പണി തുടങ്ങി. താമസത്തിനുള്ള കെട്ടിടം ബി, സി, ഡി (മുൻവശത്ത്) എന്നിവ നിലകെട്ടൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ ജോലികൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
2017 മെയ് 18—മെയിൻ സപ്പോർട്ട് സൈറ്റ്
ഭരണസംഘത്തിന്റെ പബ്ലിഷിങ് കമ്മിറ്റിയുടെ സഹായിയും ലോകവ്യാപക ഡിസൈൻ/നിർമാണ ഡിപ്പാർട്ടുമെന്റിന്റെ മേൽവിചാരകനുമായ റോബർട്ട് ലൊക്ചിയൊണി ഒരു ബൈബിളധിഷ്ഠിത പ്രസംഗത്തിലൂടെ നിർമാണപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നു. ലോകവ്യാപക ഡിസൈൻ/നിർമാണ ഡിപ്പാർട്ടുമെന്റ്, ബ്രാഞ്ച് സൗകര്യങ്ങളുടെ നിർമാണത്തിനും ഡിസൈനിങ്ങിനും നേതൃത്വം എടുക്കുകയും ജോലികളെല്ലാം കാര്യക്ഷമമായും കുറഞ്ഞ ചെലവിലും നടക്കുന്നെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
2017 മെയ് 25—ബ്രാഞ്ച് സൈറ്റ്
ഗ്യാസ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ വെക്കുന്നതിനുള്ള സ്ഥലത്തിന്റെ സ്ലാബ് വാർക്കുന്നു. വലതുവശത്ത്, ഉപകരണങ്ങളിൽനിന്ന് വരുന്ന ശബ്ദം കുറയ്ക്കുന്നതിനായി നിർമിക്കുന്ന ശബ്ദപ്രതിരോധമതിലിന്റെ അടിത്തറ കോൺക്രീറ്റ് പമ്പ് ഉപയോഗിച്ച് നിറയ്ക്കുന്നു.
2017 ജൂൺ 7—താമസത്തിനുള്ള കെട്ടിടം ഇ
സ്റ്റീൽ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം അടയാളപ്പെടുത്തുന്നതിനു മുമ്പ് പ്ലാൻ പരിശോധിക്കുന്ന നിർമാണ ടീം.
2017 ജൂൺ 13—താമസത്തിനുള്ള കെട്ടിടം എഫ്
പുറത്തെ ഭിത്തിയുടെ സ്റ്റീൽ ചട്ടക്കൂട് ഉറപ്പിക്കുന്ന ഒരു ജോലിക്കാരൻ.
2017 ജൂൺ 22—താമസത്തിനുള്ള കെട്ടിടം ഇ
പുറം ഭിത്തിയിലെ പണികൾ എളുപ്പം ചെയ്യുന്നതിനുവേണ്ടി താമസത്തിനുള്ള കെട്ടിടം ഇ-യ്ക്കു ചുറ്റും തട്ട് ഇടുന്നു.
2017 ജൂലൈ 11—താമസത്തിനുള്ള കെട്ടിടം എഫ്
പുതുതായി സ്ഥാപിച്ച ജനലിനു പ്രത്യേക സംരക്ഷണാവരണം പൂശുന്നു. ഇത് ഉണങ്ങുമ്പോൾ ഒരു പ്ലാസ്റ്റിക്ക് പാളിയായി മാറും. മറ്റു പണികൾ നടക്കുമ്പോൾ ജനലിനു കേടുപറ്റാതിരിക്കാൻ ഇതു സഹായിക്കും. ആവശ്യം കഴിയുമ്പോൾ ഇതു നീക്കം ചെയ്യും.
2017 ജൂലൈ 13—താമസത്തിനുള്ള കെട്ടിടം എഫ്
മെക്കാനിക്കൽ ടീം, ഒരു മുറിയുടെ തറ ചൂടാക്കുന്ന സംവിധാനം മർദം കൊടുത്ത് പരിശോധിക്കുന്നു. എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അത് വരുത്തിയിട്ട്, കുഴലുകൾ മൂടുന്നതിനായി അവസാനത്തെ കോൺക്രീറ്റ് പാളി ഇടും.
2017 ജൂലൈ 19—ബ്രാഞ്ച് സൈറ്റ്
ബ്രാഞ്ചിന്റെ പ്രധാന പ്രവേശനകവാടത്തിനു മുമ്പിലെ തിരക്കു പിടിച്ച ഹൈവേയോടു ചേർന്നുള്ള സർക്കിളിൽ ഒരു തോട്ടക്കാരൻ പുൽത്തകിടി വെക്കുന്നു. ഇത് കള വളരാത്ത പുൽത്തകിടിയായതുകൊണ്ട് ഇവിടം പരിപാലിക്കാൻ കുറച്ച് സമയവും അധ്വാനവും മതി.
2017 ആഗസ്റ്റ് 1—ഓഫീസ് കെട്ടിടം
ഒരു സർവ്വേയർ ജി.പി.എസ് ഉപയോഗിച്ച് ഓഫീസ് സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടത്തിനായുള്ള സ്ഥലത്ത് കമ്പി നാട്ടി അടയാളപ്പെടുത്തിയതിനു ശേഷം അത് വ്യക്തമായി കാണുന്നതിനുവേണ്ടി പെയിന്റടിക്കുന്നു. സമുച്ചയത്തിന്റെ ഈ ഭാഗത്ത് ഊണുമുറിയായും ഓഡിറ്റോറിയമായും ഉപയോഗിക്കാവുന്ന ഒരു ഹാളും അടുക്കളയും വരും. താമസത്തിനായുള്ള കെട്ടിടങ്ങൾ പിന്നിലായി കാണാം.
2017 ആഗസ്റ്റ് 8—താമസത്തിനുള്ള കെട്ടിടം
മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാതിരിക്കാനായി ഉപയോഗിക്കുന്ന സംവിധാനത്തിന്റെ കോൺക്രീറ്റ് റിങ്ങിനുള്ള ചട്ടക്കൂട് തയ്യാറാക്കുന്ന ഒരു ഭാര്യയും ഭർത്താവും. പുറകിലായി താമസത്തിനുള്ള കെട്ടിടങ്ങൾ ഇ, എഫ് എന്നിവ കാണാം. ഏതു കാലാവസ്ഥയിലെയുംപോലെ മഞ്ഞുകാലത്തും പണി നടക്കുന്നതിന് അവ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടു മൂടിയിരിക്കുകയാണ്.
2017 ആഗസ്റ്റ് 9—ബ്രാഞ്ച് സൈറ്റ്
വാക്വം ഹോസ് ലിഫ്റ്റർ ഉപയോഗിക്കാൻ ഒരാളെ പരിശീലിപ്പിക്കുന്നു. ഇത് ഉപയോഗിച്ച് ഏകദേശം 70-കിലോഗ്രാം ഭാരം വരുന്ന സിമെന്റ് കട്ടകൾ എടുത്തുകൊണ്ടുവരാനും നിലത്തു പാകാനും കഴിയും. കട്ടകൾ കൃത്യമായി വെച്ചിട്ട് ഇരുവശത്തുനിന്നും കോൺക്രീറ്റ് ഒഴിച്ച് അവ ഉറപ്പിക്കുന്നു.
2017 ആഗസ്റ്റ് 16—ബ്രാഞ്ച് സൈറ്റ്
വെള്ളത്തിനുള്ള പൈപ്പ് ഇടുന്നതിനായി പൈപ്പ് വലിക്കുന്നതോടൊപ്പം മെക്കാനിക്കൽ ടീമിലെ ഒരാൾ അതിന്റെ ഫിറ്റിങ്ങിന്റെ ദിശ മാറാതെ പിടിച്ചിരിക്കുന്നു. പുതിയ ബ്രാഞ്ചോഫീസിൽ വെള്ളം എത്തിക്കുന്നതിന് ഏകദേശം അഞ്ചു കിലോമീറ്റർ നീളത്തിൽ പൈപ്പുകൾ വേണം.
2017 ആഗസ്റ്റ് 22—താമസത്തിനുള്ള കെട്ടിടം ഇ
കട്ട മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ഒരാൾ മുറിക്കട്ടകൾ ഉണ്ടാക്കുന്നു. താമസത്തിനുള്ള കെട്ടിടത്തിന്റെ അറ്റങ്ങളിൽ ഫ്ലെമിഷ് ബോണ്ട് എന്ന് അറിയപ്പെടുന്ന ആകർഷകമായ ഒരു ഡിസൈൻ ഉണ്ടാക്കാനാണ് ഈ മുറിക്കട്ടകൾ ഉപയോഗിക്കുന്നത്. താമസത്തിനുള്ള കെട്ടിടങ്ങൾക്കായി മൂന്നു ലക്ഷത്തിലധികം കട്ടകൾ വേണ്ടിവരും.