കൂലി വാങ്ങാതെ...
കഴിഞ്ഞ 28 വർഷമായി 11,000-ത്തിലധികം യഹോവയുടെ സാക്ഷികൾ സ്വന്തം നാടും വീടും വിട്ട് നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനു പോയിരിക്കുന്നു. സന്തോഷത്തോടെ അവർ തങ്ങളുടെ കഴിവുകളും ആരോഗ്യവും ചെലവഴിച്ചു. ഒരു ചില്ലിക്കാശുപോലും അവർ അതിനു കൂലി വാങ്ങിയില്ലെന്നും ഓർക്കണം. 120 രാജ്യങ്ങളിൽ അവരുടെ സേവനം ലഭ്യമായി.
പലരും സ്വന്തം ചെലവിലാണ് എത്തിയത്. ചിലർ തങ്ങളുടെ അവധിക്കാലം അതിനുവേണ്ടി നീക്കിവെച്ചു. മറ്റു ചിലർ വലിയ സാമ്പത്തികനഷ്ടം സഹിച്ചുകൊണ്ട് ജോലിയിൽനിന്ന് അവധിയെടുത്തു.
ആരും നിർബന്ധിച്ചിട്ടല്ല അവർ ഇത്തരം ത്യാഗങ്ങളൊക്കെ ചെയ്തത്. ദൈവരാജ്യത്തെക്കുറിച്ചുള്ള നല്ല വാർത്ത ലോകമെങ്ങും പ്രസംഗിക്കുന്ന വേലയുടെ പുരോഗതിക്കുവേണ്ടി അവർ മനസ്സോടെ തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയായിരുന്നു. (മത്തായി 24:14) ഓഫീസുകൾ, താമസത്തിനുള്ള കെട്ടിടങ്ങൾ, ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ അവർ നിർമിച്ചു. 10,000 പേർക്ക് ഇരിക്കാവുന്ന സമ്മേളനഹാളുകളും 300 പേർക്ക് ഇരിക്കാവുന്ന രാജ്യഹാളുകളും വരെ യഹോവയുടെ സാക്ഷികൾ പണിതു.
ഇത്തരം പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ജോലിക്കാർ ഒരു നിർമാണസ്ഥലത്ത് എത്തിയാൽ അവരുടെ താമസസൗകര്യം, ഭക്ഷണം, അലക്ക്, മറ്റ് ദൈനംദിനാവശ്യങ്ങൾ എന്നിവയ്ക്ക് അതാതു ദേശത്തെ ബ്രാഞ്ച് ഓഫീസ് സൗകര്യം ചെയ്തുകൊടുക്കുന്നു. ആ പ്രദേശത്ത് താമസിക്കുന്ന സാക്ഷികളും നിർമാണവേലയിൽ സന്തോഷത്തോടെ പങ്കുചേരുന്നു.
ഈ വിപുലമായ പ്രവർത്തനം സംഘടിതമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് 1985-ൽ ഒരു അന്താരാഷ്ട്ര പദ്ധതിക്കു രൂപം കൊടുത്തു. ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് സന്നദ്ധസേവകർ 19-നും 55-നും ഇടയ്ക്കു പ്രായമുള്ള യഹോവയുടെ സാക്ഷികളായിരിക്കണം. നിർമാണപ്രവർത്തനത്തോടു ബന്ധപ്പെട്ട ഏതെങ്കിലും ഒരു മേഖലയിൽ വൈദഗ്ധ്യമുള്ളവരുമായിരിക്കണം. സാധാരണഗതിയിൽ ഒരു നിയമനം രണ്ടാഴ്ചമുതൽ മൂന്നു മാസംവരെ നീളും. ചിലപ്പോൾ അത് ഒരു വർഷമോ അതിൽ കൂടുതലോ ആയേക്കാം.
നിർമാണപ്രവർത്തകരുടെ ഭാര്യമാരിൽ ചിലർക്ക്, കമ്പി കെട്ടാനും ടൈൽ ഇടാനും സാൻഡ്പേപ്പർ ഉപയോഗിച്ച് മിനുക്കാനും പെയിന്റ് ചെയ്യാനും ഒക്കെ പരിശീലനം ലഭിക്കുന്നു. മറ്റുള്ളവർ നിർമാണപ്രവർത്തകർക്ക് ആഹാരം പാകം ചെയ്യുകയും അവർ താമസിക്കുന്ന സ്ഥലം വൃത്തിയാക്കുകയും ചെയ്യുന്നു.
തങ്ങളുടെ വീടുകളിലേക്കു മടങ്ങുന്ന പല സന്നദ്ധസേവകരും, ഈ സേവനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിൽ നന്ദിയുണ്ടെന്ന് എഴുതി അറിയിക്കാറുണ്ട്. ഒരു ഭാര്യയും ഭർത്താവും ഇങ്ങനെ എഴുതി: “ബുഡാപെസ്റ്റിലെ ബ്രാഞ്ചിന്റെ നിർമാണത്തിൽ പങ്കെടുക്കാൻ അവസരം തന്നതിൽ ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. ഹംഗറിയിലെ സാക്ഷികൾ എത്ര സ്നേഹവും നന്ദിയും ഉള്ളവരായിരുന്നെന്നോ! ഒരു മാസം അവിടെ ജോലി ചെയ്തിട്ട് അവരെ പിരിയുക എന്നത് ഭയങ്കര സങ്കടമായിരുന്നു. അതുപിന്നെ സ്വാഭാവികമാണല്ലോ. വസന്തകാലത്ത് വീണ്ടും ഇങ്ങനെ പോകണമെന്നാണു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയങ്ങളായിരുന്നു ഇത്തരം ഓരോ നിയമനവും.”