വാൾക്കിലിലും വോർവിക്കിലും നിർമാണം പുരോഗമിക്കുന്നു!
അമേരിക്കൻ ഐക്യനാടുകളിൽ യഹോവയുടെ സാക്ഷികളുടെ സുപ്രധാനമായ രണ്ടു നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരുടെ കഠിനാധ്വാനമാണ് ഈ പദ്ധതികൾ ഒരു യാഥാർഥ്യമാക്കുന്നത്.
വാൾക്കിൽ, ന്യൂയോർക്ക്: ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികൾക്കുവേണ്ട പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. 1,600-ലേറെ സാക്ഷികൾ ഇവിടെ താമസിക്കുന്നുണ്ട്. ഓഫീസുകൾക്കായി ഒരു മൂന്നു നില കെട്ടിടവും ജോലി ചെയ്യുന്നവർക്കു താമസിക്കാനായി മറ്റൊരു മൂന്നു നില കെട്ടിടവും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഒരു കെട്ടിടവും ആണ് ഇവിടെ ഇപ്പോൾ പണിയുന്നത്. ഈ വിപുലീകരണപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പലരും കൂലി വാങ്ങാതെയാണു ജോലി ചെയ്യുന്നത്. ഇലക്ട്രിക് ഉപകരണങ്ങൾക്കും കമ്പ്യൂട്ടർ ഉപകരണങ്ങൾക്കും വേണ്ടിയുള്ള ഒരു കെട്ടിടം 2012-ൽ പൂർത്തിയായി. കൂടാതെ, 200 പേരെയുംകൂടെ ഇരുത്താവുന്ന വിധത്തിൽ പൊതുഭക്ഷണമുറി വിപുലപ്പെടുത്തുകയും ചെയ്തു.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി ജർമനി, ബ്രസീൽ, മെക്സിക്കോ പോലുള്ള പല രാജ്യങ്ങളിലും ഓഫീസുകളുണ്ട്. ബ്രാഞ്ചോഫീസ് എന്നാണ് അതിനെ വിളിക്കുന്നത്. യഹോവയുടെ സാക്ഷികൾക്ക് അമേരിക്കയിലെ ന്യൂയോർക്കിലുള്ള പാറ്റേഴ്സണിൽ ഒരു വിദ്യാഭ്യാസകേന്ദ്രവും ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഓഫീസുകളും ഉണ്ട്. പണി പൂർത്തിയാകുമ്പോൾ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്നതിൽവെച്ച് ഏറ്റവും വലിയ കെട്ടിടസമുച്ചയമായിരിക്കും വാൾക്കിലിലേത്.
വോർവിക്ക്, ന്യൂയോർക്ക്: യഹോവയുടെ സാക്ഷികളുടെ പുതിയ ലോകാസ്ഥാനം ഇവിടെയാണു പണിയുന്നത്. ആ സ്ഥലത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടങ്ങളൊക്കെ പൊളിച്ച് മാറ്റി. പണിക്കുള്ള സാധനങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ അവിടെനിന്ന് പത്തു കിലോമീറ്റർ അകലെ ടക്സീഡോയിൽ കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. വോർവിക്കിലെ നിർമാണം പരിസ്ഥിതിയെ എത്രത്തോളം ബാധിക്കും എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ അധികാരികളുടെ പരിഗണനയിലാണ്. സ്ഥലത്തിന്റെ പ്ലാൻ പാസ്സായിക്കഴിഞ്ഞ് കെട്ടിടനിർമാണത്തിനുള്ള പെർമിറ്റിന് അപേക്ഷ സമർപ്പിക്കണം. ഇവിടുത്തെ പണി തീരുന്നതുവരെ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം ന്യൂയോർക്കിലെ ബ്രൂക്ലിനിൽത്തന്നെയായിരിക്കും.