ടക്സീഡോയിലെ സ്ഥലം—സന്നദ്ധപ്രവർത്തകർ അതിന്റെ മുഖച്ഛായ മാറ്റുന്നു
സമയം രാവിലെ ആറേ മുക്കാൽ; ന്യൂയോർക്കിലെ ടക്സീഡോ നഗരത്തിലെ ഒരു പതിവ് പ്രഭാതം. നീലക്കുട പിടിച്ച ആകാശത്തിനു താഴെ മഞ്ഞിന്റെ നേർത്ത ആവരണം അണിഞ്ഞ കൊച്ചു തടാകം. അതിന്റെ കരയിലുള്ള നാലു-നില കെട്ടിടത്തിലേക്ക് ജോലിക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ബൂട്ടുകളും അണിഞ്ഞ് ഏതാനും ചെറുപ്പക്കാർ കയറിപ്പോകുന്നു. ആ പ്രദേശത്തുള്ള വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും പാറ്റേർസൺ, വാൾക്കിൽ എന്നീ സ്ഥലങ്ങളിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ബ്രൂക്ലിനിൽനിന്നുപോലും യാത്ര ചെയ്താണ് അവർ വന്നിരിക്കുന്നത്.
എന്നാൽ പലരും ഇപ്പറഞ്ഞ സ്ഥലങ്ങളിലെ സ്ഥിരതാമസക്കാരല്ല. അമേരിക്കൻ ഐക്യനാടുകളുടെ പല ഭാഗങ്ങളിൽനിന്നും രാജ്യത്തിനു പുറത്തുനിന്നും വന്നവരാണു മിക്കവരും. ചിലർ വന്നിരിക്കുന്നത് ഒരാഴ്ചത്തേക്കുമാത്രമാണ്. മറ്റു ചിലരാകട്ടെ ആറ് ആഴ്ചയോ അതിൽ കൂടുതലോ സേവിക്കാൻ വന്നവരാണ്. എന്നാൽ ഇത്തരം സേവനങ്ങൾക്ക് അവർ പ്രതിഫലമൊന്നും വാങ്ങുന്നില്ല; യാത്രയ്ക്കുള്ള പണംപോലും സ്വന്തം കീശയിൽനിന്നാണ് അവർ മുടക്കുന്നത്. ഇവിടെയായിരിക്കാൻ അവർക്കെല്ലാം വളരെ ഇഷ്ടമാണ്.
ഇന്ന് ഏകദേശം 120 പേർ വന്നിട്ടുണ്ട്. (ഇനിയുള്ള മാസങ്ങളിൽ കൂടുതൽ പേർ വരും.) അവരെല്ലാം ഊണുമുറിയിൽ ചെന്ന് മേശയ്ക്കു ചുറ്റും ഇരുന്നു; ഒരു മേശയ്ക്കു ചുറ്റും പത്തു പേർ എന്ന കണക്കിലാണ് ഇരിക്കുന്നത്. പലരും കാപ്പി എടുത്ത് കുടിക്കുന്നുണ്ട്. അടുക്കളയിൽനിന്ന് ബേക്കണിന്റെ (പന്നിയിറച്ചികൊണ്ടുള്ള ഒരു വിഭവം.) മണം ഒഴുകിയെത്തുന്നു. ഏഴു മണിയായതും ഊണുമുറിയിലുണ്ടായിരുന്ന ടിവി-കളിൽ, ഒരു ബൈബിൾവാക്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേക പരിപാടി പ്രക്ഷേപണം ചെയ്യാൻ തുടങ്ങി. 15 മിനിട്ടു കഴിഞ്ഞ് വെയ്റ്റർമാർ ഭക്ഷണം വിളമ്പി. ബേക്കണിനോടൊപ്പം ബ്രഡും മുട്ടയും ഓട്ട്സും അവർ കൊണ്ടുവന്നു. എല്ലാവരും വേണ്ടുവോളം കഴിച്ചു!
പ്രാതൽ കഴിഞ്ഞ് ഒരു പ്രാർഥനയ്ക്കു ശേഷം എല്ലാവരും നേരെ ജോലിസ്ഥലത്തേക്കു പോയി. നിർമാണവേലയിലുള്ളവർ കട്ടിത്തൊപ്പിയും സുരക്ഷാകണ്ണടകളും ദൂരെനിന്നുപോലും കാണാവുന്ന വിധത്തിലുള്ള മേൽക്കുപ്പായവും ഉപകരണങ്ങൾ തൂക്കാനുള്ള ബെൽറ്റും എടുത്തണിഞ്ഞു. അതിനിടെ ഓരോരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുമുണ്ട്.
വോർവിക്ക് പട്ടണത്തിന് അടുത്താണ് യഹോവയുടെ സാക്ഷികൾ അവരുടെ ലോകാസ്ഥാനം പണിയുന്നത്. അതിന്റെ നിർമാണപ്രവർത്തനത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണു വോർവിക്കിൽ നിന്ന് അൽപ്പം മാറി ടക്സീഡോയിൽ സ്ഥലം ഒരുക്കുന്നത്. പണ്ട് അവിടെ ഇന്റർനാഷണൽ പേപ്പർ കമ്പനിയാണു പ്രവർത്തിച്ചിരുന്നത്. ഇപ്പോഴുള്ള കെട്ടിടങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി കിടപ്പുമുറികളും ഓഫീസ് മുറികളും പലതരം പണികൾക്കുള്ള വർക്ക്ഷോപ്പുകളും സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറികളും ഉണ്ടാക്കാനാണു പരിപാടി. 2013 മാർച്ച് 12-ന് പ്രാദേശിക ആസൂത്രണ ബോർഡ് വ്യവസ്ഥകൾക്കു വിധേയമായി പ്ലാൻ അംഗീകരിച്ചു.
സന്നദ്ധപ്രവർത്തകർ ആദ്യമായി താമസസ്ഥലത്ത് എത്തുമ്പോൾ എങ്ങനെയുള്ള ഒരു വരവേൽപ്പാണ് അവർക്കു ലഭിക്കുന്നത്? ന്യൂ ജേഴ്സിയിൽനിന്നുള്ള വില്യം പറയുന്നു: “നിങ്ങൾ അവിടെയെത്തി പേര് രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ സന്ദർശകമുറിയിലെ സഹോദരങ്ങൾ ചില അടിസ്ഥാന കാര്യങ്ങൾ നിങ്ങൾക്കു പറഞ്ഞുതരും: താമസിക്കാനുള്ള മുറി എവിടെയാണ്, ഓരോ സ്ഥലത്തും ചെന്നെത്താനുള്ള വഴികൾ, താക്കോലിന്റെ ഉപയോഗം അങ്ങനെ പലതും. സഹായിക്കാൻ മനസ്സുള്ളവരാണ് എല്ലാവരും. ടക്സീഡോയിൽ എത്തി പ്രാതൽ കഴിച്ചശേഷം, നമ്മുടെ ടീമിന്റെ ചുമതലയുള്ള ആളെ കാണണം. ചെയ്യേണ്ട ജോലിയെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞുതരും.”
നിർമാണപ്രവർത്തകർക്ക് ഇവിടുത്തെ സേവനത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? യെഹൈരെയും ഭർത്താവും പോർട്ടോറിക്കോയിൽനിന്ന് എത്തിയവരാണ്. ചട്ടങ്ങളും ചുവരുകളും നിർമിക്കാൻ സഹായിക്കുകയാണ് അവർ. ഇവിടെ സേവിക്കുന്നതിനെക്കുറിച്ച് യെഹൈരെ പറയുന്നു: “വെളുപ്പിനു നാലരയാകുമ്പോഴേക്കും ഉണരും. മുറിയൊക്കെ ഒന്നു വൃത്തിയാക്കി, ഒരു കപ്പ് കാപ്പിയും കുടിച്ചിട്ട് ഞങ്ങൾ ഇറങ്ങും. ഞങ്ങളെ കൊണ്ടുപോകാൻ ബസ്സുണ്ട്. വൈകുന്നേരമാകുമ്പോഴേക്കും നല്ല ക്ഷീണം കാണും. പക്ഷേ, എല്ലാവരും എപ്പോഴും എത്ര സന്തോഷത്തിലാണെന്നോ! തമാശ പറച്ചിലിനും പൊട്ടിച്ചിരിക്കും ഒരു കുറവുമില്ല.”
വോർവിക്കിലെ സ്ഥലത്തിനു ചുറ്റും കാടാണ്. കെട്ടിടനിർമാണത്തിനായി സ്ഥലം ഒരുക്കിയെടുക്കേണ്ടതുണ്ട്. അതിൽ സഹായിക്കുകയാണ് മിനിസോട്ടയിൽനിന്നുള്ള സാക്കും ഭാര്യ ബത്തും. ഇവിടെ വരാൻ എന്താണു പ്രചോദനമായതെന്നു ചോദിച്ചപ്പോൾ ബത്ത് പറഞ്ഞു: “യഹോവയെ സേവിക്കുന്നതല്ലേ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഗതി? അതുകൊണ്ട് ഞങ്ങളുടെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു.”