അമസോൺ മഴക്കാട്ടിൽ ഒരു സമ്മേളനഹാൾ
അമസോൺ മഴക്കാടുകളുടെ ഹൃദയഭാഗത്ത് യഹോവയുടെ സാക്ഷികളുടെ ഒരു പുതിയ സമ്മേളനഹാൾ തല ഉയർത്തി നിൽക്കുന്നു. ബ്രസീലിലെ മനൗസ് നഗരത്തിനു വടക്കു സ്ഥിതിചെയ്യുന്ന 52 ഹെക്‌ടർ (128 ഏക്കർ) ഏറെയും വനമാണ്. ഏഞ്ചലിം പെഡ്രാ മരങ്ങളുടെയും ബ്രസീൽ അണ്ടി ഉണ്ടാകുന്ന കുപ്പാസു മരങ്ങളുടെയും മുകളിൽ ഇരുന്ന് ട്യൂക്കൻ പക്ഷികളും വർണപ്പകിട്ടുള്ള മക്കൗസ് പക്ഷികളും മറ്റനേകം പക്ഷികളും ചിലയ്ക്കുന്നതു നമുക്കു കേൾക്കാം. പക്ഷേ എന്തിനാണ് ഇങ്ങനെയൊരു സ്ഥലത്ത് ഒരു സമ്മേളനഹാൾ പണിതത്?
ആമസോൺ നദിയുടെ അഴിമുഖത്തുനിന്ന് 1,450 കിലോമീറ്റർ (900 മൈൽ) മാറിയാണ് 20 ലക്ഷത്തോളം ജനസംഖ്യയുള്ള മനൗസ് നഗരം. മനൗസിലും ചുറ്റുമുള്ള പട്ടണങ്ങളിലും, അതുപോലെ ആമസോണിന്റെയും അതിന്റെ പോഷകനദികളുടെയും അടുത്തുള്ള ജനവാസകേന്ദ്രങ്ങളിലും താമസിക്കുന്ന 7,000-ത്തോളം യഹോവയുടെ സാക്ഷികൾക്ക് ഈ ഹാൾ പ്രയോജനപ്പെടും. മനൗസിനു പടിഞ്ഞാറ് 800-ലേറെ കിലോമീറ്റർ (500 മൈൽ) മാറി സ്ഥിതി ചെയ്യുന്ന സാവോ ഗബ്രിയേൽ ഡാ കാച്ചോയിറ എന്ന പട്ടണത്തിൽനിന്നുള്ളവർപോലും ഇവിടെയാണു സമ്മേളനങ്ങൾക്കായി കൂടിവരാറ്. ഇവിടെ നടക്കുന്ന സമ്മേളനത്തിലോ കൺവെൻഷനിലോ സംബന്ധിക്കുന്നതിനു ചില സാക്ഷികൾ മൂന്നു ദിവസം ബോട്ടിൽ യാത്ര ചെയ്യേണ്ടിവരുന്നു!
അമസോൺ മേഖലയുടെ മധ്യഭാഗത്ത് ഒരു സമ്മേളനഹാൾ പണിയുക എന്നതു വളരെ ബുദ്ധിമുട്ടുപിടിച്ച ഒരു സംരംഭമായിരുന്നു. സാവോ പൗലോയിലെ സാന്റോസ് തുറമുഖത്ത് എത്തിയ 13 കണ്ടെയ്‌നർ നിർമാണസാമഗ്രികൾ, ബ്രസീൽ തീരം വഴിയും തുടർന്ന് ആമസോൺ നദിയിലൂടെയും ആണ് അവിടെ എത്തിച്ചത്.
ബ്രസീലിൽ പണിയുന്ന 27-ാമത്തെ സമ്മേളനഹാളാണ് ഇത്. 2014 മേയ് 4 ഞായറാഴ്ച നടന്ന സമർപ്പണച്ചടങ്ങിൽ 1,956 പേർ ഹാജരായി. അവിടെ എത്തിയ പലർക്കും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്; കാരണം ആദ്യമായിട്ടായിരുന്നു ഒരു സമ്മേളനഹാളിൽവെച്ച് അവർ ഒരു പരിപാടി കൂടുന്നത്.
മുമ്പ് പൊതുസ്ഥലത്തുവെച്ച് സമ്മേളനങ്ങൾ നടക്കുമ്പോൾ മിക്കവർക്കും പ്രസംഗകനെ എന്നല്ല, സ്റ്റേജുപോലും കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ ഈ ഹാളിൽ കൂടിവരുന്നവർക്കു പ്രസംഗകനെ കണ്ടുകൊണ്ട് പരിപാടി ആസ്വദിക്കാനാകും. ഒരു സാക്ഷി പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ കൺവെൻഷൻ കൂടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ, ഒരിക്കൽപ്പോലും ബൈബിൾനാടകങ്ങൾ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല, കേൾക്കാനേ കഴിഞ്ഞിരുന്നുള്ളൂ.” പക്ഷേ ഇപ്പോൾ, കൂടിവരുന്ന എല്ലാവർക്കും സ്റ്റേജിൽ നടക്കുന്ന പരിപാടികൾ കാണാനാകുന്നു.