“സ്ത്രീകൾക്ക് കെട്ടിടനിർമാണത്തിൽ നല്ലൊരു സ്ഥാനമുണ്ട്”
ബ്രിട്ടനിലെ ഒരു പ്രമുഖ കെട്ടിടനിർമാണ സംഘടന യഹോവയുടെ സാക്ഷികളെ അഭിനന്ദിച്ചു. എന്തായിരുന്നു കാരണം? എസെക്സിലെ ചെംസ്ഫോർഡിന് അടുത്തുള്ള, സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ പണിസ്ഥലത്ത് വലിയ യന്ത്രോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാക്ഷികൾ സ്ത്രീകൾക്കും പരിശീലനം കൊടുത്തിരുന്നു. സ്ത്രീകളെ കെട്ടിടനിർമാണത്തിൽ പരിശീലിപ്പിക്കാൻ സാക്ഷികൾ നടത്തിയ ശ്രമത്തിന് കൺസിഡറേറ്റ് കൺസ്ട്രക്ടേഴ്സ് സ്കീം a (സിസിഎസ്) ഏറ്റവും ഉയർന്ന മാർക്ക്—10-ൽ 10—കൊടുത്തു. അതൊരു “പുത്തൻ ചുവടുവെപ്പാണ്” എന്ന് അവർ അഭിപ്രായപ്പെട്ടു. ഇത്രയും മാർക്ക് കൊടുക്കാൻ കാരണം?
ബ്രിട്ടനിൽ കെട്ടിട നിർമാണത്തൊഴിലിൽ 13 ശതമാനത്തിനു താഴെ സ്ത്രീകളേ ഉള്ളൂ. ഒരു ബ്രിട്ടീഷ് കമ്പനി നടത്തിയ സർവേ അനുസരിച്ച് പെൺകുട്ടികളിൽ വളരെ കുറച്ച് പേർ മാത്രമേ ഇത്തരം ജോലികളെക്കുറിച്ച് ചിന്തിക്കുന്നുപോലും ഉള്ളൂ. എന്നാൽ ചെംസ്ഫോർഡിലെ പണിസ്ഥലത്ത് 40 ശതമാനത്തോളം ജോലിക്കാർ സ്ത്രീകളാണ്. വലിയ യന്ത്രോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നവരിൽ അത് 60 ശതമാനത്തിലധികംവരെ വരും.
ഇതെല്ലാം വളരെ നന്നായി ചെയ്യാൻ സാക്ഷികളായ സ്ത്രീകളെ സഹായിക്കുന്നത് എന്താണ്? പരിശീലനത്തിനും പിന്തുണയ്ക്കും അതിൽ ഒരു പ്രധാനപങ്കുണ്ട്. സിസിഎസ് വെച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ അവയും ഉൾപ്പെടുന്നു. ‘എല്ലാവർക്കും ആദരവും പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്ന, എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു പണിസ്ഥലം ഒരുക്കിക്കൊണ്ടും പരിശീലനം കൊടുത്തുകൊണ്ടും’ തൊഴിലാളികളോടു വിലമതിപ്പു കാണിക്കാനാണ് കെട്ടിടനിർമാതാക്കളെ സിസിഎസ് പ്രോത്സാഹിപ്പിക്കുന്നത്.
വലിയ യന്ത്രോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സ്ത്രീകൾക്കു പരിശീലനം
പണിസ്ഥലത്ത് മണ്ണുമാന്തിയും വലിയ ട്രക്കുകളും പ്രവർത്തിപ്പിക്കാൻ പരിശീലനം കിട്ടിയ സ്ത്രീകളിൽ ഒരാളായ ജെയ്ഡ് പറയുന്നു: “ഇതൊക്കെ എന്നെക്കൊണ്ട് പറ്റുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. ചിലപ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടെങ്കിലും, എനിക്ക് എപ്പോഴും പരിശീലനം കിട്ടുന്നുണ്ട്, പുതിയപുതിയ കാര്യങ്ങൾ പഠിക്കാനും പറ്റുന്നു.” ജെയ്ഡിനെപ്പോലെ വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ലൂസിക്കും ഇപ്പോൾ അറിയാം. ലൂസി ഓർക്കുന്നു: “ആദ്യം പണിസ്ഥലത്തു വന്നപ്പോൾ പണിക്ക് ആവശ്യമായിരുന്ന ഒരു കഴിവും എനിക്കില്ലെന്നു തോന്നി. പക്ഷേ, വന്ന ആദ്യദിവസംതൊട്ട് എനിക്കു പരിശീലനം കിട്ടി. അന്നുമുതൽ ഞാൻ അഞ്ചു ടീമുകളോടൊപ്പം പണി ചെയ്തിട്ടുണ്ട്. അങ്ങനെ എനിക്കു ഒരുപാട് പരിശീലനം കിട്ടി.”
ടീമിലുള്ള സ്ത്രീകൾ യന്ത്രം വെറുതെ പ്രവർത്തിപ്പിക്കുന്നവർ മാത്രമല്ല. ഒരു ടീം ലീഡറായ എറിക്ക് പറയുന്നു: “സ്ത്രീകൾ ഈ യന്ത്രങ്ങൾ പുരുഷന്മാരെക്കാൾ നന്നായി സൂക്ഷിക്കും. ഇനി യന്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് അവർ പെട്ടെന്നു മനസ്സിലാക്കുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യും.”
സ്ത്രീകളെ പിന്തുണയ്ക്കുന്നു
വലിയ യന്ത്രങ്ങൾ ഉപയോഗിക്കുന്ന പല കൂട്ടങ്ങൾക്കു നേതൃത്വം കൊടുക്കുന്ന കാൾ പറയുന്നു: “ഈ യന്ത്രങ്ങളൊക്കെ പ്രവർത്തിപ്പിക്കാൻ സ്ത്രീകൾ പഠിച്ചെടുക്കുന്നത് കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. അനുഭവപരിചയമുള്ള പുരുഷന്മാരുള്ളപ്പോഴും ഈ പണിക്കൊക്കെ ചിലപ്പോൾ ഞാൻ സ്ത്രീകളെ നിയമിക്കുന്നു.”
ടീം ലീഡർമാർ സഹജോലിക്കാരെ പിന്തുണയ്ക്കുമ്പോൾ ജോലിക്കാരുടെ ആത്മവിശ്വാസം കൂടുന്നു. തെരേസയുടെ അനുഭവം അതാണു കാണിക്കുന്നത്. വലിയ യന്ത്രോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ അനുഭവപരിചയമുള്ള തെരേസയ്ക്ക് അവ ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നതും സുരക്ഷിതത്വം ഉറപ്പാക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതും എത്ര പ്രധാനമാണെന്ന് അറിയാം. തെരേസ പറയുന്നു: “എനിക്കു ടീം ലീഡറിന്റെ പിന്തുണയുണ്ടെന്ന അറിവും എന്നെ ആശ്രയയോഗ്യയായി കാണുന്നുവെന്ന തോന്നലും സാധാരണ ചെയ്യുന്നതിനെക്കാൾ കൂടുതൽ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു.”
ട്രക്കുകളും മണ്ണുമാന്തിയന്ത്രങ്ങളും പ്രവർത്തിപ്പിക്കുന്ന അബിഗേൽ തനിക്കു ലഭിക്കുന്ന പിന്തുണയെയും സഹകരണത്തെയും കുറിച്ച് വിലമതിപ്പോടെ ഇങ്ങനെ പറയുന്നു: “ഇവിടെയുള്ള പുരുഷന്മാർ എന്നെ വിലകുറച്ച് കാണുന്നില്ല. അവർ സഹായിക്കാൻ മനസ്സുള്ളവരാണ്. എങ്കിലും എല്ലാം അവർതന്നെ ഏറ്റെടുക്കാതെ, എന്നെ പണി തുടരാൻ അനുവദിക്കുന്നു.”
ഏകാഗ്രതയോടെയും ശ്രദ്ധയോടെയും
വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന പണി മാത്രമല്ല മറ്റു പല ജോലികൾക്കുമുള്ള പരിശീലനവും ഇവിടെ സ്ത്രീകൾക്കു കിട്ടുന്നുണ്ട്; ഭൂമി അളക്കൽ, ഭൂപരിപാലനം, യന്ത്രങ്ങളുടെ കേടുപോക്കൽ, ചട്ടക്കൂട് കെട്ടൽ തുടങ്ങിയവയ്ക്കൊക്കെ. പല പ്രോജക്ടുകളിൽ സ്ത്രീകൾക്കൊപ്പം ജോലി ചെയ്ത റോബർട്ട് പറയുന്നതനുസരിച്ച് അവർ “ചെറിയചെറിയ കാര്യങ്ങൾപോലും ശ്രദ്ധയോടെ ചെയ്തുകൊണ്ട് ജോലിയിൽ മുഴുകുന്നു.” ഭൂമി അളക്കുന്നവരോടൊപ്പം പണി ചെയ്യുന്ന ടോം കൂട്ടിച്ചേർക്കുന്നു: “എന്റെ ടീമിലെ സ്ത്രീകൾ വളരെ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും ജോലി ചെയ്യുന്നവരാണ്. എല്ലാം വളരെ കൃത്യമായി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു.”
ടീം ലീഡറായ ഫെർഗസ് ആവേശത്തോടെ ഇങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല: “ഒരു സംശയവും വേണ്ടാ, സ്ത്രീകൾക്ക് കെട്ടിടനിർമാണത്തിൽ നല്ലൊരു സ്ഥാനമുണ്ട്!”
a ബ്രിട്ടനിലെ കെട്ടിടനിർമാണ വ്യവസായത്തിന്റെ മുഖച്ഛായ മെച്ചപ്പെടുത്തുന്നതിനു പ്രവർത്തിക്കുന്ന ഒരു സ്വതന്ത്രസംഘടനയാണ് കൺസിഡറേറ്റ് കൺസ്ട്രക്ടേഴ്സ് സ്കീം.