റോമിലെ തഗലോഗ് കൺവെൻഷൻ—“ഒരു വലിയ കുടുംബകൂട്ടായ്മ!”
തഗലോഗ് ഭാഷ സംസാരിക്കുന്ന ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ജന്മദേശമായ ഫിലിപ്പീൻസിൽനിന്ന് 10,000 കിലോമീറ്ററിലധികം (6,200 മൈൽ) ദൂരമുള്ള ഇറ്റലിയിലുള്ള റോമിൽ, ജൂലൈ 24-26 തീയതികളിൽ ഒരു കൺവെൻഷനായി കൂടിവന്നു.
ഒരു ഏകദേശ കണക്കനുസരിച്ച് യൂറോപ്പിൽ 8,50,000-ത്തിലധികം ഫിലിപ്പീൻസുകാർ ഉണ്ട്. യൂറോപ്പിലുള്ള 60-ഓളം സഭകളും ചെറിയ കൂട്ടങ്ങളും തഗലോഗ് ഭാഷയിൽ യോഗങ്ങൾ നടത്തുന്നു, അവരുടെ ഇടയിലുള്ള ഫിലിപ്പീൻസുകാരോട് സുവിശേഷം പ്രസംഗിക്കുന്നു.
ഈ എല്ലാ സഭകളും കൂട്ടങ്ങളും, തങ്ങളുടെ സ്വന്തഭാഷയിൽ റോമിൽവെച്ച് നടത്തപ്പെട്ട മൂന്നു ദിവസത്തെ കൺവെൻഷനുവേണ്ടി ആദ്യമായി കൂടിവന്നു. അവിടെ കൂടിവന്ന 3,239 പേരും ആവേശഭരിതരായിരുന്നു. ഫിലിപ്പീൻസ് ബ്രാഞ്ചിൽ സേവനം അനുഷ്ഠിച്ചിരുന്ന, ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ മാർക്ക് സാൻഡെഴ്സൺ സഹോദരനായിരുന്നു ഓരോ ദിവസത്തെയും ഉപസംഹാരപ്രസംഗം.
“നേരെ എന്റെ ഹൃദയത്തിലേക്ക്”
ഒരു വ്യക്തി മാതൃഭാഷയിൽ കൺവെൻഷൻ കൂടുന്നതും മറ്റൊരു ഭാഷയിൽ കൂടുന്നതും തമ്മിൽ എന്താണ് വ്യത്യാസം? ഈവ എന്നു പേരുള്ള ഒരു ഏകാകിയായ അമ്മ പറയുന്നു, “എനിക്ക് ഇംഗ്ലീഷ് കുറച്ച് മനസ്സിലാകും. എന്നാലും തഗലോഗ് ഭാഷയിലുള്ള കൺവെൻഷനു നന്ദി, ബൈബിൾപഠിപ്പിക്കലുകൾ നേരെ എന്റെ ഹൃദയത്തിലേക്കു ചെന്നു.” സ്പെയിനിൽനിന്ന് ഇറ്റലിയിലേക്കു പോകാനുള്ള പണം സ്വരുക്കൂട്ടാൻ ഈവയും രണ്ടു മക്കളും ഒരു തീരുമാനമെടുത്തു. എല്ലാ ആഴ്ചയും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന രീതി അവർ നിറുത്തി. പകരം മാസത്തിലൊരിക്കൽ എന്നാക്കി. ഈവ പറയുന്നു: “ആ ത്യാഗത്തിന് ഫലമുണ്ടായി. കൺവെൻഷനിലെ എല്ലാ പരിപാടികളും എനിക്കു മനസ്സിലായി.”
ജർമനിയിലുള്ള ജാസ്മിൻ കൺവെൻഷനു പോകാൻ ജോലിയിൽനിന്ന് അവധി ചോദിച്ചു. ജാസ്മിൻ പറയുന്നു: “ഞാൻ പോകുന്നതിനു തൊട്ടു മുമ്പ് ബോസ് എന്നോടു പറഞ്ഞു, ഒരുപാട് ജോലിയുള്ളതിനാൽ അവധി തരാൻ ബുദ്ധിമുട്ടാണെന്ന്. ഞാൻ ഒരു നിമിഷം ശാന്തമായി നിന്ന് യഹോവയോടു പ്രാർഥിച്ചു. എന്നിട്ടു ബോസിനെ സമീപിച്ചു. എനിക്കു ചെയ്യാനുള്ള ജോലി പുനഃക്രമീകരിച്ചുകൊണ്ട് കൺവെൻഷനു ഹാജരാകാൻ ബോസ് സമ്മതിച്ചു. ഫിലിപ്പീൻസ് ഭാഷ സംസാരിക്കുന്ന യൂറോപ്പിലുള്ള എല്ലാ സഹോദരീസഹോദരന്മാരുടെയും കൂടെയായിരിക്കാനായത് അവിശ്വസനീയമായി എനിക്കു തോന്നുന്നു.”
തീർച്ചയായും, യൂറോപ്പിലുള്ള പല ഫിലിപ്പീൻസുകാർക്കും തങ്ങളുടെ നാടു മാത്രമല്ല യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കു കുടിയേറിയ അവരുടെ സുഹൃത്തുക്കളെയും പിരിയേണ്ടിവന്നു. എന്തായാലും ഈ സുഹൃത്തുക്കളിൽ അനേകർക്കും അവരുടെ ആത്മീയ സഹോദരീസഹോദരന്മാരുമായുള്ള സൗഹൃദം പുതുക്കാൻ ഈ കൺവെൻഷൻ അവസരമേകി. (മത്തായി 12:48-50) ഫാബ്രിസ് പറയുന്നു: “എന്നെ അറിയാവുന്നവരെ കാണുമ്പോൾ എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറയുന്നു!” കൺവെൻഷന്റെ ഒടുവിൽ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു: “ഇത് ഒരു വലിയ കുടുംബ കൂട്ടായ്മതന്നെയായിരുന്നു.”