റഷ്യയിലെയും യുക്രെയിനിലെയും സാക്ഷികൾക്ക് പ്രോത്സാഹനവുമായി ഭരണസംഘം
“ഞങ്ങളെ സ്നേഹംകൊണ്ടു പൊതിയുകയാണെന്നു തോന്നിപ്പോയി!” യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽപ്പെട്ട സ്റ്റീഫൻലെറ്റ് സഹോദരൻ സുപ്രധാനമായ ഒരു കത്ത് വായിച്ചു കേൾപ്പിച്ചപ്പോൾ യുക്രെയിനിലുള്ള ഒരു സ്ത്രീ അഭിപ്രായപ്പെട്ടതാണ് ഇത്. 2014 മെയ് 10, 11 തീയതികളിൽ യുക്രെയിൻ സന്ദർശിച്ച ലെറ്റ് സഹോദരന്റെ പ്രസംഗം കേട്ട 1,65,000 യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു ഈ സ്ത്രീ.
ബൈബിളധിഷ്ഠിതമായ പ്രസംഗങ്ങളും ആ കത്തിന്റെ വായനയും അഞ്ചു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. അവ യുക്രെയിനിലെ 1,100 രാജ്യഹാളുകളിൽ കേൾപ്പിച്ചു.
അതേദിവസങ്ങളിൽത്തന്നെ മറ്റൊരു ഭരണസംഘാംഗമായ മാർക്ക് സാൻഡെഴ്സൺ സഹോദരൻ ആ കത്ത് റഷ്യയിലെ സഹോദരങ്ങൾക്കായി നടത്തിയ ഒരു പരിപാടിയിൽ വായിച്ചു. 14 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയ ആ പരിപാടി റഷ്യയിലും ബെലറൂസിലും ഉള്ള 2,500-ലധികം വരുന്ന സഭകളിലെ 1,80,413 പേർക്ക് ഒരേസമയം കേൾക്കാനായി.
റഷ്യയിലെയും യുക്രെയിനിലെയും എല്ലാ സഭകൾക്കും വേണ്ടിയുള്ളതായിരുന്നു ഭരണസംഘത്തിന്റെ ആ കത്ത്. സാൻഡെഴ്സൺ സഹോദരൻ ആ കത്ത് വായിച്ചത് റഷ്യൻ ഭാഷയിൽത്തന്നെയാണ്. റഷ്യയിലെ ബ്രാഞ്ചോഫീസ് അതേക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ലോകത്തിന്റെ ഈ ഭാഗത്തു നടക്കുന്ന പ്രവർത്തനത്തിൽ ഭരണസംഘത്തിന് ഇത്രയേറെ താത്പര്യമുണ്ടെന്ന് അറിഞ്ഞത് സഹോദരങ്ങൾക്കെല്ലാം വലിയ സന്തോഷമായി. ഭരണസംഘം വാത്സല്യത്തോടെ ഞങ്ങളെയെല്ലാം ആലിംഗനം ചെയ്യുന്നതുപോലെ തോന്നിപ്പോയി.”
രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിന്നിരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന സാക്ഷികൾക്ക് ആശ്വാസവും മനോബലവും നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ കത്ത്. ഈ ലോകത്തിന്റെ രാഷ്ട്രീയ വിവാദങ്ങളിൽ ഉൾപ്പെടാതെ നിഷ്പക്ഷത കാത്തുകൊണ്ട്, ‘ലോകത്തിന്റെ ഭാഗമാകാതെ’ തുടരാൻ ആ കത്ത് സഹോദരങ്ങളെ ഉത്സാഹിപ്പിച്ചു.—യോഹന്നാൻ17:16.
അതിനുവേണ്ടി ദൈവവചനത്തിന്റെ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും പ്രാർഥനയിലൂടെയും യഹോവയുമായി ഒരു ഗാഢബന്ധം കാത്തുസൂക്ഷിക്കാൻ ഭരണസംഘം സാക്ഷികൾക്കു പ്രോത്സാഹനമേകി. എന്തൊക്കെ പരിശോധനകൾ ഉണ്ടായാലും യെശയ്യാവു 54:17-ലെ “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്ന ദൈവികവാഗ്ദാനം പരാജയപ്പെടില്ലെന്ന് ഉറച്ചബോധ്യമുണ്ടായിരിക്കാൻ സദസ്സിനെ ഓർമപ്പെടുത്തുന്നതായിരുന്നു കത്ത്.
ഭരണസംഘം കത്ത് ഉപസംഹരിച്ചത് ഇങ്ങനെയാണ്: “നിങ്ങളെയെല്ലാവരെയും ഞങ്ങൾ അതിയായി സ്നേഹിക്കുന്നു. ഞങ്ങളുടെ ചിന്തകളിൽ നിങ്ങൾ എപ്പോഴുമുണ്ട്. യഹോവയുടെ മുമ്പാകെ നിങ്ങൾക്കായി ഞങ്ങൾ സദാ യാചന കഴിക്കുന്നു.”
ഈ സന്ദർശനത്തെക്കുറിച്ച് യുക്രെയിനിലെ ബ്രാഞ്ചോഫീസ് പറഞ്ഞത് ഇങ്ങനെയാണ്: “ഭരണസംഘത്തിന് അവരെക്കുറിച്ച് ഇത്രമാത്രം സ്നേഹവും കരുതലും ഉണ്ടെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലെറ്റ് സഹോദരനും സാൻഡെഴ്സൺ സഹോദരനും ഒരേ സമയത്തുതന്നെ യുക്രെയിനും റഷ്യയും സന്ദർശിച്ചത് ദൈവജനത്തിന്റെ ഐക്യത്തിനു വ്യക്തമായ തെളിവു നൽകി. കൂടാതെ, യഹോവയും യേശുവും ഇവിടുത്തെ സഹോദരങ്ങൾക്കായി എത്രമാത്രം കരുതുന്നുവെന്നും അതു വ്യക്തമാക്കി. ഇങ്ങനെയൊരു സന്ദർശനത്തിന് ഏറ്റവും പറ്റിയ സമയമായിരുന്നു ഇത് എന്നതിനു രണ്ടുപക്ഷമില്ല. എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും യഹോവയെ സേവിക്കുന്നതിൽ തുടരാൻ ഇതു ഞങ്ങൾക്കു പുതുവീര്യം പകർന്നിരിക്കുന്നു.”