സമ്മാനമായി 19,000 വിമാനയാത്രകൾ
മിഷനറിമാർക്കും വിദേശരാജ്യങ്ങളിൽ പ്രത്യേക മുഴുസമയസേവനത്തിലുള്ളവർക്കും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽനിന്ന് 2013 ജൂലൈയിൽ ആകാംക്ഷ ഉണർത്തുന്ന ഒരു കത്ത് ലഭിച്ചു. 2014-ലും 2015-ന്റെ തുടക്കത്തിലുമായി നടക്കുന്ന മേഖലാ കൺവെൻഷനിലും അന്താരാഷ്ട്ര കൺവെൻഷനിലും സംബന്ധിക്കുന്നതിനുള്ള യാത്രാക്രമീകരണത്തെക്കുറിച്ച് പറയുന്ന ഒരു കത്തായിരുന്നു അത്.
വിദേശരാജ്യത്ത് സേവിക്കുന്നവരെ അവരുടെ നാട്ടിലുള്ള കൺവെൻഷനിൽ പങ്കെടുപ്പിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിക്കാൻ അവരെ സഹായിക്കുക എന്നതുമായിരുന്നു ഈ ക്രമീകരണത്തിന്റെ ഉദ്ദേശ്യം. അതിനുള്ള യാത്രാച്ചെലവുകൾ സംഘടന വഹിക്കുമെന്നും ആ കത്തിൽ സൂചിപ്പിച്ചിരുന്നു.
സമാനമായ ക്രമീകരണങ്ങൾ മുമ്പുണ്ടായിരുന്നെങ്കിലും ഇത് തികച്ചും വ്യത്യസ്തമായിരുന്നു. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഭരണസംഘത്തിലെ ടീച്ചിങ് കമ്മിറ്റി ലോകാസ്ഥാന(WHQ) യാത്ര എന്ന പേരിൽ ഒരു ഡിപ്പാർട്ടുമെന്റ് രൂപീകരിച്ചു. അവരാണ് യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തത്.
യാത്രയ്ക്കായുള്ള ക്ഷണം ലഭിച്ച ഉടൻതന്നെ ഈ ഡിപ്പാർട്ടുമെന്റിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകൾ പ്രവഹിച്ചുതുടങ്ങി. 2014 ജനുവരിയായപ്പോഴേക്കും ഡിപ്പാർട്ടുമെന്റിലേക്കുള്ള അപേക്ഷകളുടെ ഈ പ്രവാഹം ഒരു പ്രളയമായിത്തീർന്നു. യാത്രകൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ നിയമനം ലഭിച്ച സഹോദരങ്ങൾ യാത്രകളെക്കുറിച്ച് ഗവേഷണം നടത്തുകയും ഓരോരുത്തർക്കും വേണ്ട യാത്രാവിവരണപ്പട്ടിക തയാറാക്കുകയും ചെയ്തു.
ചില യാത്രാവിവരണപ്പട്ടികകൾ ക്രമീകരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഐസ്ലാൻഡിലെ റെയ്ക് ജവികിൽ നിന്ന് ചിലർക്ക് ബൊളീവിയിലെ കോച്ചുബാമ്പയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നു. ന്യൂകലഡോണിയിലെ നോമിയയിൽനിന്ന് വരുന്ന മറ്റുചിലർക്ക് മഡഗാസ്കറിലെ അന്റനാനാറിവോയിലേക്കാണ് പോകേണ്ടിയിരുന്നത്. പാപ്പുവ ന്യൂഗിനിയിലെ പോർട്ട്മോർസ്ബിയിൽ നിന്ന് ചിലർ ഐക്യനാടുകളിലെ വാഷിങ്ടണിലുള്ള സിയാറ്റിനിലേക്ക് യാത്രചെയ്തു. അതുപോലെ, ബുർക്കിനാ ഫാസോയിലെ ഉവാഗഡൂഗുവിൽനിന്നുള്ളവർക്കാകട്ടെ കനഡയിലെ വിനിപെഗിലേക്കും.
അഞ്ച് പേർ അടങ്ങിയ ലോകാസ്ഥാന യാത്രാഡിപ്പാർട്ടുമെന്റിലെ അംഗങ്ങൾ 19,000-ത്തോളം ടിക്കറ്റുകളാണ് ഈ യാത്രകൾക്കുവേണ്ടി ബുക്ക് ചെയ്തത്. ഈ ഉദ്ദേശ്യത്തിനായി സഭകൾ പ്രത്യേകം നൽകിയ സംഭാവന ഉപയോഗിച്ച് 176 രാജ്യങ്ങളിലെ 4,300-റോളം യാത്രക്കാർക്ക് വിമാനടിക്കറ്റ് വാങ്ങുകയും അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
സംഘടനയുടെ ഈ ക്രമീകരണത്തെ സഹോദരങ്ങൾ വളരെയധികം വിലമതിച്ചു. മിഷനറിമാരായ ഒരു ദമ്പതികൾ അതിനെക്കുറിച്ച് ഇങ്ങനെ എഴുതി: “തെക്കുകിഴക്കൻ ഏഷ്യയിലെ നിയമിതസ്ഥലത്തേക്ക് ഞങ്ങൾ ഇന്നു മടങ്ങുകയാണ്. നീണ്ട അഞ്ച് വർഷത്തിനു ശേഷം ഞങ്ങളുടെ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് വരാനും കുടുംബാംഗങ്ങളോടൊപ്പമായിരിക്കാനും ഞങ്ങളെ സഹായിച്ചതിന് തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരാണ്. ഇങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും അതിന് കഴിയില്ലായിരുന്നു. ഇത് സാധ്യമാക്കിത്തന്നതിന് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി ഈ കത്തിലൂടെ അറിയിക്കുന്നു.”
പരാഗ്വേയിൽ സേവിക്കുന്ന ഒരു മിഷനറി ഇങ്ങനെ എഴുതി: “യു.എസ്.എ-യിലെ ന്യൂ ജേഴ്സിയിലുള്ള അന്താരാഷ്ട്ര കൺവെൻഷന് പങ്കെടുക്കാൻ അവസരം തന്നതിനുള്ള നന്ദി അറിയിക്കാൻ ഞാനും എന്റെ ഭാര്യയും അതിയായി ആഗ്രഹിക്കുന്നു. 2011-ന്റെ ആരംഭത്തിൽ ഐക്യനാടുകളിലുള്ള ലോകാസ്ഥാനം കാണുന്നതിനുവേണ്ടി ഞങ്ങൾ ചില പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിനായി ഞങ്ങൾ അല്പം പണം സ്വരൂപിക്കുകയും ചെയ്തു. എന്നാൽ, ആ വർഷം ജൂൺ ആയപ്പോഴേക്കും പരാഗ്വേയിലുള്ള ആംഗ്യഭാഷാ സഭകൾ സന്ദർശിക്കാനുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. വളരെയധികം യാത്രകൾ അതിൽ ഉൾപ്പെട്ടിരുന്നു. ഇതെക്കുറിച്ച് നന്നായി ചിന്തിച്ചതിനു ശേഷം ഐക്യനാടുകളിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കുകയും അതിനുപകരം ഞങ്ങളുടെ പുതിയ നിയമനം എളുപ്പമാക്കുന്നതിനായി ഒരു കാർ വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് അന്താരാഷ്ട്ര കൺവെൻഷനിൽ സംബന്ധിക്കാനുള്ള ക്ഷണം ലഭിച്ചത്. ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു! ഈ വിധത്തിൽ യഹോവ ഞങ്ങളോട് കാണിച്ച നന്മയെയും വാത്സല്യത്തെയും പ്രതി ഞങ്ങൾ നന്ദിയുള്ളവരാണ്.”
“ഞങ്ങളുടെ വലിയ നന്ദി അറിയിക്കാനായി ഒരു ചെറിയ ഇ-മെയിൽ ഞങ്ങൾ അയയ്ക്കുന്നു. ലോകത്തെമ്പാടുമുള്ള സഹോദരങ്ങളുടെ യാത്രാപ്പട്ടിക തയാറാക്കുന്നതിനുവേണ്ടി എത്ര സമയവും ശ്രമവും ചെലവും ആയിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഊഹിക്കാനേ കഴിയൂ! ഞങ്ങളുടെ സ്വന്തം നാട്ടിലേക്ക് പോയി കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിനും അന്താരാഷ്ട്ര കൺവെൻഷനിൽ സംബന്ധിക്കുന്നതിനും വേണ്ടി നിങ്ങൾ ചെയ്ത കഠിനശ്രമത്തിനും അതിനെക്കാളുപരി യഹോവയുടെ സംഘടന ഞങ്ങളോടു കാണിച്ച ഉദാരമനസ്കതയ്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു” എന്ന് മലാവിയിൽനിന്നുള്ള ഒരു ദമ്പതികൾ എഴുതി.
തങ്ങൾക്കു ലഭിച്ച ഈ നിയമനം ലോകാസ്ഥാന യാത്രാഡിപ്പാർട്ടുമെന്റിലെ അംഗങ്ങൾക്ക് വളരെയധികം ഇഷ്ടമായി. “കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുന്നതിനായി സ്വന്തം നാട്ടിലേക്ക് പോകാൻ മിഷനറിമാരെ സഹായിക്കുക എന്നത് അനുഭൂതി പകരുന്ന ഒരു അനുഭവമായിരുന്നു” എന്ന് ഇതിലെ ഒരു അംഗമായ മിലാവെ പറഞ്ഞു. “വിദേശ രാജ്യങ്ങളിൽ നിയമനം ലഭിച്ച് അവിടെ സേവിക്കുന്നവരെ സംഘടന എത്രയധികം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഈ നിയമനം എന്നെ സഹായിച്ചു” എന്ന് ഡോറിസ് കൂട്ടിച്ചേർത്തു. ഈ ഡിപ്പാർട്ടുമെന്റിന്റെ മേൽവിചാരകനായി സേവിച്ച റോഡ്നിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു: “ഈ സേവനപദ്ധതിയിൽ ആയിരുന്നത് എനിക്ക് വളരെ സന്തോഷം നൽകി.”
കഠിനാധ്വാനം ചെയ്യുന്നവരും ആത്മത്യാഗമനോഭാവം ഉള്ളവരും ആയ നമ്മുടെ സഹോദരീസഹോദരന്മാർക്ക് ഇങ്ങനെയൊരു സ്നേഹസമ്മാനം കൊടുക്കാൻ അവസരം ലഭിച്ചതിന് ഭൂമിയിലെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരുന്നു!