സ്വാതന്ത്ര്യപ്രേമികൾ അർമാഡയിൽ സംഗമിച്ചപ്പോൾ
രണ്ടായിരത്തിപ്പതിമൂന്ന് ജൂൺ 6 മുതൽ 16 വരെ നടന്ന അർമാഡ മഹോത്സവത്തിന് വടക്കൻ ഫ്രാൻസിലെ റൂവെൻ തുറമുഖം സാക്ഷ്യം വഹിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് പായ്ക്കപ്പലുകളുടെ വലിയ അതിമനോഹരമായ ഈ സംഗമം കാണാൻ എത്തിച്ചേർന്നത്.
പ്രശാന്തസുന്ദരമായ നോർമൻഡിയിലെ സെൻ നദിയിലൂടെ 120 കിലോമീറ്റർ സഞ്ചരിച്ചാണ് ലോകത്തിലെ തന്നെ മികച്ച വലിയ 45 പായ്‌ക്കപ്പലുകൾ പത്തിലേറെ ദിവസം നീണ്ടുനിന്ന ഈ സംഗമത്തിന് എത്തിച്ചേർന്നത്. ഏഴു കിലോമീറ്റർ നീളമുള്ള നദീതീരത്ത് ആ നൗകകൾ നങ്കൂരമിട്ടിരുന്ന കാഴ്‌ച നയനമനോഹരമായിരുന്നു. അവിടെ എത്തിച്ചേർന്ന സഞ്ചാരികൾക്ക് വലിയ ഈ കപ്പലുകളുടെ ഉള്ളിൽ സൗജന്യമായി കയറാനുള്ള അസുലഭാവസരമാണ് ഇതിലൂടെ ലഭിച്ചത്.
അർമാഡ എന്ന ഈ മഹോത്സവത്തിൽ സംബന്ധിക്കാൻ പ്രായഭേദമെന്യേ അനേകരെ പ്രേരിപ്പിക്കുന്നത് എന്താണ്? “സ്വപ്‌നം കാണാൻ മാത്രം കഴിയുന്ന ഈ ‘കടൽഭീമന്മാരെ’ ഒന്ന് അടുത്ത് കാണാൻ” അത് അവസരം നൽകുന്നു എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് ഈ ആഘോഷത്തിന്റെ സംഘാടകൻ വിവരിക്കുന്നു. ഇതു കാണാൻ വന്ന എല്ലാ പ്രായക്കാരുടെയും മനസ്സിലൂടെ കപ്പലിലൂടെയുള്ള വിദൂരയാത്രകളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉള്ള ചിന്തകൾ കടന്നുപോയിട്ടുണ്ടാകും.
ആയിരക്കണക്കിന് വരുന്ന വിനോദയാത്രികർക്ക് മറ്റൊരു സ്വാതന്ത്ര്യത്തെക്കുറിച്ച് കേൾക്കാനുള്ള അവസരം അവിടെവെച്ച് ലഭിച്ചു, അതായത് ബൈബിൾസത്യം നൽകുന്ന സ്വാതന്ത്ര്യം. (യോഹന്നാൻ 8:31, 32) പ്രസന്നമായ കാലാവസ്ഥയിൽ, ഇടുങ്ങിയതും തിരക്കേറിയതും ആയ ആ റൂവെൻ തെരുവിലൂടെ ചുറ്റിനടന്ന് കാണവെ തദ്ദേശീയരായ യഹോവയുടെ സാക്ഷികൾ പ്രദർശിപ്പിച്ച സാഹിത്യ കൈവണ്ടിയും സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു. സാഹിത്യ കൈവണ്ടിയുടെ അടുക്കലേക്കു വരുന്ന സന്ദർശകർക്കോ കപ്പൽ ജീവനക്കാർക്കോ അതിൽ പ്രദർശിപ്പിച്ചിരുന്ന ഏതു പ്രസിദ്ധീകരണവും സൗജന്യമായി സ്വന്തമാക്കാൻ കഴിയുമായിരുന്നു. “മുൻവിധിയില്ലാത്ത ലോകം—എപ്പോൾ” എന്ന വിഷയത്തോടുകൂടിയ വീക്ഷാഗോപുരം മാസിക പലർക്കും ഇഷ്ടപ്പെട്ടു. കൂടാതെ ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളിൽ നടന്ന ബൈബിളധിഷ്ഠിത പ്രസംഗം കേൾക്കാനും സാക്ഷികൾ അവരെ ക്ഷണിച്ചു.
ഈ സംരംഭത്തിൽ പ്രദേശവാസികൾക്കും മതിപ്പുതോന്നി. പൊതുസ്ഥലത്ത് സാഹിത്യ കൈവണ്ടിക്കരികെ നിൽക്കുന്ന സാക്ഷികളെ കണ്ട് ഒരു വ്യക്തിക്ക് ആദ്യം അതിശയം തോന്നിയെങ്കിലും, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളെ ഈ തെരുവിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളുടെ വിശ്വാസത്തോട് എനിക്കു യോജിപ്പില്ലെങ്കിലും, നിങ്ങൾ വിശ്വാസങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതു കാണുമ്പോൾ എനിക്കു നിങ്ങളോടു ബഹുമാനം തോന്നുന്നു.” ഇനി, പ്രായമേറിയ രണ്ടു പേർ പരസ്യസാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു ചെറുപ്പക്കാരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ അഭിമാനിക്കാം.”