കനഡയിലെ ആദിവാസി സമൂഹങ്ങൾക്കിടയിലേക്ക്...
കനഡയിൽ 60-ലേറെ ആദിവാസി (തദ്ദേശ) ഭാഷകളുണ്ട്. അവയിൽ ചിലത് തങ്ങളുടെ മാതൃഭാഷയാണെന്ന് 2,13,000-ത്തോളം കനഡക്കാർ അഭിപ്രായപ്പെട്ടു.
ഈ തദ്ദേശവാസികളുടെ ഹൃദയത്തിൽ എത്താൻ അവരുടെ ഭാഷ പഠിക്കാൻ യഹോവയുടെ സാക്ഷികളിൽ പലരും തീരുമാനിച്ചു. 2015-ന്റെ ഒടുവിൽ സാക്ഷികൾ സംഘടിപ്പിച്ച ഒരു തദ്ദേശ ഭാഷാ ക്ലാസിൽ 250-ലധികം പേർ പങ്കെടുത്തു.
ഇതിനു പുറമെ, കനഡയിലെ എട്ടു തദ്ദേശ ഭാഷകളായ ആൾഗോൻക്വിൻ, ബ്ലാക്ക്ഫൂട്ട്, പ്ലെയിൻസ് ക്രീ, വെസ്റ്റ് സ്വാംപി ക്രീ, ഇനുക്തിടുത്, മോഹാക്, ഓട്ടവാ, വടക്കൻ ഒജിബ്വാ a എന്നീ ഭാഷകളിൽ ബൈബിളിനെ അടിസ്ഥാനമാക്കിയ പ്രസിദ്ധീകരണങ്ങൾ, ലഘുവീഡിയോകൾ എന്നിവ യഹോവയുടെ സാക്ഷികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ ഭാഷ പഠിക്കുന്നവർ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം ഇത് അത്ര എളുപ്പമുള്ള പണിയല്ല എന്നാണ്. കർമ പറയുന്നു: “ബ്ലാക്ക്ഫൂട്ട് പരിഭാഷാ സംഘത്തോടൊപ്പം പ്രവർത്തിച്ചപ്പോൾ എനിക്കു തോന്നിയത് കണ്ണുകെട്ടിക്കൊണ്ട് ജോലി ചെയ്യുന്നതുപോലെയാണ്. എനിക്കു ഭാഷ ഒട്ടും അറിയില്ലായിരുന്നു. ബ്ലാക്ക്ഫൂട്ട് ഭാഷയിൽ വായിക്കാനോ ആ ഭാഷയിൽ സംസാരിക്കുന്നതു മനസ്സിലാക്കാനോ എനിക്കു പറ്റിയില്ല.”
വെസ്റ്റ് സ്വാംപി ക്രീ പരിഭാഷാവിഭാഗത്തോടൊപ്പം ജോലി ചെയ്യുന്ന ടെറൻസ് പറയുന്നത്, “പല വാക്കുകളും വളരെ നീളമുള്ളതും ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതും ആണ്” എന്നാണ്. ഒണ്ടേറിയോയിലെ, മണിടൗളിൻ ദ്വീപിൽ മുഴുസമയം ശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഡാനിയേൽ പറയുന്നു: “പഠനോപകരണങ്ങൾ കുറവാണ്. ഓട്ടവാ ഭാഷ പഠിക്കാനുള്ള ഒറ്റ വഴി ആ സമൂഹത്തിലെ മുത്തച്ഛന്മാരുടെയോ മുത്തശ്ശിമാരുടെയോ സഹായം തേടുക എന്നതാണ്. ”
വാസ്തവത്തിൽ ഇത്രയും കഷ്ടപ്പെടുന്നതിന് എന്തെങ്കിലും പ്രയോജനമുണ്ടോ? ഒജിബ്വാ സംസാരിക്കുന്ന ഒരു സ്ത്രീ പറഞ്ഞത് യഹോവയുടെ സാക്ഷികളെ മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തരാക്കുന്നത് അവർ എടുക്കുന്ന തീവ്രപരിശ്രമമാണ് എന്നാണ്. ഓരോ വീട്ടുകാർക്കും വളരെ എളുപ്പത്തിൽ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയേണ്ടതിന് അവർ ഒജിബ്വാ ഭാഷയിലെ ബൈബിളിൽനിന്ന് വായിക്കുന്നു.
ആൽബെർട്ടയിലെ ഒരു തനതുസമൂഹത്തിൽ വളർന്നുവന്ന ഒരു പരിഭാഷകനായ ബെർട്ട് പറയുന്നത്: “ബ്ലാക്ക്ഫൂട്ട് ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ നെഞ്ചോടു ചേർത്ത് ‘ഇത് എന്റെ ഭാഷയാണ്. ഇത് എനിക്കുവേണ്ടിയാണ്!’ എന്നു പറയുന്ന അനേകരെ എനിക്കറിയാം. അവരുടെ ഭാഷയിലുള്ള വീഡിയോകൾ കാണുമ്പോൾ അവരിൽ ചിലരുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
ക്രീ ഭാഷ സംസാരിക്കുന്ന ഒരു സ്ത്രീ ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ തന്റെ ഭാഷയിൽ കാണാനായതിൽ ഒരുപാട് സന്തോഷിച്ചു. അമ്മ തന്നോട് സംസാരിക്കുന്നതുപോലെയാണ് അവർക്കു തോന്നിയത്.
ഉള്ളറകളിലേക്ക്...
ആശ്വാസം നൽകുന്ന ബൈബിൾസന്ദേശം ആദിവാസികളായ ആളുകൾക്കിടയിലേക്ക് എത്തിക്കാൻ പല സാക്ഷികളും എടുത്തുപറയത്തക്ക പരിശ്രമങ്ങളാണ് ചെയ്തിരിക്കുന്നത്. ടെറൻസും ഭാര്യ ഒർലീനും അത്തരം ഒരു സുദീർഘയാത്ര നടത്തി. അതെക്കുറിച്ച് അവർ വിവരിക്കുന്നു: “ലിറ്റിൽ ഗ്രാൻറ് റാപ്പിഡ് എന്നറിയപ്പെടുന്ന ഒരു സംവരണസമൂഹത്തിലേക്കു ഹിമപാതയിലൂടെ ഞങ്ങൾ 12 മണിക്കൂർ വണ്ടിയോടിച്ചു. അതിശയിപ്പിക്കുന്ന പ്രതികരണമാണ് ഞങ്ങൾക്ക് അവിടെ ലഭിച്ചത്.”
ഇനി മറ്റനേകർ, തങ്ങളുടെ വീടുകളിലെ സുഖവാസം ഉപേക്ഷിച്ച് ഈ സമൂഹത്തിന്റെ അടുത്തേക്കു നീങ്ങിയിരിക്കുന്നു. മണിടൗളിൻ ദ്വീപിലെ മൂന്നു മാസത്തെ സാക്ഷീകരണ പ്രചാരണം ഇഷ്ടപ്പെട്ട ഡാനിയേലും ഭാര്യ ലീആനും അവിടെ താമസമാക്കാൻ തീരുമാനിച്ചു. ഡാനിയേൽ പറയുന്നു: “ആളുകൾക്കു ഞങ്ങളിലുള്ള വിശ്വാസവും അവരുടെ താത്പര്യവും കൂട്ടാൻ ഇപ്പോൾ സമയം കിട്ടുന്നതിൽ ഞങ്ങൾ അതീവസന്തുഷ്ടരാണ്.”
“ഞാൻ അവരെ ആത്മാർഥമായി സ്നേഹിക്കുന്നു”
എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ആദിവാസികളായ ആളുകളുടെ ഇടയിലേക്കു ചെല്ലാൻ ഇത്രത്തോളം പരിശ്രമം നടത്തുന്നത്? ബെർട്ടിന്റെ ഭാര്യ റോസ് പറയുന്നു: “ഒരു തദ്ദേശവാസിയായ എനിക്ക് ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നന്നായി ബോധ്യമായി. ഇതു മറ്റുള്ളവരെ സഹായിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.“
“നമ്മുടെ സ്രഷ്ടാവിന്റെ വഴിനടത്തിപ്പിനു കീഴിൽ ക്രീ ജനത മുന്നോട്ടു പോകുന്നതു കാണാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്തെ പ്രശ്നങ്ങൾ മറികടക്കാനും യഹോവയോടു കൂടുതൽ അടുത്തുവരാനും അവരെ സഹായിക്കുന്നത് വലിയൊരു പദവിതന്നെയാണ്.” ഇതാണ് ഒർലീന്റെ അഭിപ്രായം.
ബ്ലാക്ക്ഫൂട്ട് പരിഭാഷാവിഭാഗത്തോടൊപ്പമാണ് മാർക്ക് പ്രവർത്തിക്കുന്നത്. എന്തിനാണ് തന്റെ സമൂഹത്തിലെ ആദിവാസികളായ ആളുകളുടെ അടുക്കലേക്കു കടന്നു ചെല്ലാൻ മാർക്ക് ആഗ്രഹിക്കുന്നത് എന്നു ചോദിച്ചാൽ, മാർക്ക് പറയും: “കാരണം, ഞാൻ അവരെ ആത്മാർഥമായി സ്നേഹിക്കുന്നു.”
a ഈ ഭാഷകളിൽ ചിലത് ഐക്യനാടുകളിലെ ആദിവാസികളായ ചിലരും ഉപയോഗിക്കുന്നു.