കപ്പൽജോലിക്കാർക്ക് സന്തോഷവാർത്ത!
ഏതാണ്ട് 15 ലക്ഷം കപ്പൽജോലിക്കാർ ലോകമെങ്ങുമുണ്ടെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു തുറമുഖത്തുനിന്ന് മറ്റൊന്നിലേക്കു സ്ഥിരമായി സഞ്ചരിക്കുന്ന അവർക്കെല്ലാം എങ്ങനെയാണ് യഹോവയുടെ സാക്ഷികൾ ബൈബിൾ സന്ദേശം എത്തിക്കുന്നത്? തുറമുഖത്ത് ഒരു കപ്പൽ വന്നാൽ പരിശീലനം നേടിയ യഹോവയുടെ സാക്ഷികൾ കപ്പലിനുള്ളിലെ ഉദ്യോഗസ്ഥരോടും ജോലിക്കാരോടും ബൈബിളിൽനിന്നുള്ള പല വിഷയങ്ങൾ ചർച്ച ചെയ്യുന്നു, സൗജന്യമായി. അവർക്കുവേണ്ട ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും കൊടുക്കുന്നു.
ഇതിനോട് അവർ എങ്ങനെയാണ് പ്രതികരിച്ചത്? കാനഡയിലെ വാൻകൂവർ തുറമുഖത്ത് സ്വമേധയാ പ്രവർത്തിക്കുന്ന ഒരു യഹോവയുടെ സാക്ഷിയായ സ്റ്റെഫാനോ ഇങ്ങനെ പറയുന്നു: “ചിലർ വിചാരിക്കുന്നത് കപ്പൽജോലിക്കാരെല്ലാം പരുക്കൻ സ്വഭാവം ഉള്ളവരാണെന്നാണ്. അങ്ങനെ ചിലരുണ്ടെങ്കിലും ഞങ്ങൾ കണ്ട ഭൂരിഭാഗം പേരും താഴ്മയുള്ളവരും കാര്യങ്ങൾ പഠിക്കാൻ ഉത്സാഹമുള്ളവരും ആണ്. മിക്കവരും ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മിക്കപ്പോഴും നല്ല സ്വീകരണമാണ് ലഭിക്കുന്നത്.” വാൻകൂവറിൽ മാത്രം 2015 സെപ്റ്റംബർ മുതൽ 2016 ആഗസ്റ്റ് വരെയുള്ള സമയത്ത് യഹോവയുടെ സാക്ഷികൾക്ക് കപ്പലുകൾക്കുള്ളിലേക്ക് ഏതാണ്ട് 1,600 പ്രാവശ്യം ക്ഷണം ലഭിച്ചിട്ടുണ്ട്. കപ്പലിലുള്ളവർ പല ഭാഷകളിലുള്ള 1000-ത്തിലധികം പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു. 1,100-ലധികം പേർ ബൈബിൾ പഠിക്കാനും തുടങ്ങി.
കപ്പൽജോലിക്കാരുമായുള്ള ബൈബിൾ ചർച്ചകൾ തുടർന്നുകൊണ്ടുപോകുന്നത് എങ്ങനെ?
ലോകത്തിന്റെ വിവിധ തുറമുഖങ്ങളിൽ യഹോവയുടെ സാക്ഷികൾ ഉള്ളതുകൊണ്ട് ബൈബിൾ ചർച്ചകൾ തുടർന്നുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കപ്പൽജോലിക്കാർക്ക് അടുത്ത തുറമുഖത്ത് ഏതെങ്കിലും ഒരു സാക്ഷിയോടൊപ്പം ചർച്ച നടത്തുന്നതിനുള്ള അവസരമുണ്ട്. ഉദാഹരണത്തിന്, 2016 മെയിൽ വാൻകൂവറിലുള്ള യഹോവയുടെ സാക്ഷികൾ ഒരു ചരക്കുകപ്പലിലെ പ്രധാന പാചകക്കാരനായ വോർലിറ്റോയെ കണ്ടുമുട്ടി. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ അവർ അദ്ദേഹത്തെ കാണിച്ചു. തുടർന്ന് ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രിക ഉപയോഗിച്ച് ബൈബിൾപഠനം ആരംഭിച്ചു. വോർലിറ്റോയ്ക്ക് സാക്ഷികളുടെ ആ സന്ദർശനം വളരെ ഇഷ്ടപ്പെട്ടു. ബൈബിൾപഠനം തുടർന്നുകൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ കപ്പൽ അടുത്തതായി അടുക്കുന്നത് കുറെദൂരെയുള്ള ബ്രസീലിലെ തുറമുഖമായ പരാനാഗ്വയിലായിരുന്നു.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ കപ്പൽ പരാനാഗ്വ തുറമുഖത്തെത്തി. വോർലിറ്റോയെ അമ്പരപ്പിച്ചുകൊണ്ട് അതാ ബ്രസീലിലുള്ള രണ്ട് യഹോവയുടെ സാക്ഷികൾ! അവർ കപ്പലിലേക്കുള്ള നടവഴിയിലൂടെ തന്നെ അന്വേഷിച്ചു വരുന്നത് വോർലിറ്റോ കണ്ടു. വാൻകൂവറിലുള്ള യഹോവയുടെ സാക്ഷികളാണ് അദ്ദേഹത്തിന്റെ മേൽവിലാസം കൊടുത്തതെന്ന് അവർ വോർലിറ്റോയോടു പറഞ്ഞു. വോർലിറ്റോയ്ക്ക് ബ്രസീലിലുള്ള യഹോവയുടെ സാക്ഷികളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ബൈബിൾ പഠിക്കുന്നതിനുള്ള അവസരം ഒരുക്കിയതിന് അവരോട് അദ്ദേഹം ഹൃദയപൂർവം നന്ദി പറഞ്ഞു. അടുത്ത തുറമുഖത്തും ബൈബിൾ പഠിക്കുന്നതിനായി അദ്ദേഹം ആകാംക്ഷയോടെ നോക്കിയിരുന്നു.