ജർമനിയിലെ കാർട്ടുകൾ “അവധിക്കു പോകുന്നു”
ലോകത്തെ പല പ്രമുഖനഗരങ്ങളിലെയും കാൽനടയാത്രക്കാർക്ക് സുപരിചിതമായ ഒരു കാഴ്ചയുണ്ട്: ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന കാർട്ടുകൾ. ഉദാഹരണത്തിന്, ജർമനിയിലെ ബർലിൻ, ഹാംബർഗ്, മ്യൂണിക്, കൊളോൺ തുടങ്ങി പല തിരക്കേറിയ നഗരങ്ങളിലും യഹോവയുടെ സാക്ഷികളുടെ ഈ കാർട്ടുകൾ കാണാം.
ജർമൻകാർ അവധിക്കാലം ചെലവിടാൻപോകുന്ന ചെറിയ പട്ടണങ്ങളിലും ഈ കാർട്ടുകൾ ഫലപ്രദമാണോ? വടക്കുള്ള വിനോദസഞ്ചാര നഗരങ്ങളിലും തീരദേശങ്ങളിലും ബാൾട്ടിക്കിലെയും വടക്കൻ കടലിലെയും ദ്വീപുകളിലും ഉള്ള ആളുകളുടെ പ്രതികരണം എന്തായിരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 2016-ൽ മധ്യയൂറോപ്പിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ് സംഘടിപ്പിച്ച പ്രത്യേകപരിപാടി. മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ 800-ഓളം യഹോവയുടെ സാക്ഷികളാണ് മെട്രോ നഗരങ്ങളിൽ കാർട്ടുകൾ ഉപയോഗിച്ചുള്ള ഈ പരിപാടിയിൽ പങ്കെടുത്തത്. വടക്കൻ ജർമനിയുടെ 60 സ്ഥലങ്ങളിൽ കാർട്ടുകൾ പ്രദർശിപ്പിക്കാനായി അങ്ങ് ഓസ്ട്രിയയിലെ വിയന്നയിൽനിന്നുവരെ ചിലർ എത്തിയിരുന്നു.
“നഗരത്തിന്റെതന്നെ ഭാഗം”
ഈ പ്രദർശനപരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഈ പരിപാടിയിൽ പങ്കെടുത്ത ഒരാൾ ഇങ്ങനെ പറഞ്ഞു: “ആളുകളെല്ലാവരും നല്ല താത്പര്യം കാണിച്ചു. അവർ നല്ല സൗഹൃദഭാവമുള്ളവരും ആകാംക്ഷയുള്ളവരും സംസാരിക്കാൻ മനസ്സുള്ളവരും ആയിരുന്നു.” പ്ലോൺ എന്ന നഗരത്തിലേക്ക് യാത്ര ചെയ്ത ഹെയ്ഡി പറയുന്നു: “കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളെ ഈ നഗരത്തിന്റെതന്നെ ഭാഗമായി ആളുകൾ കരുതി. ഞങ്ങളെ കാണുമ്പോൾത്തന്നെ പലരും കൈവീശി കാണിക്കുമായിരുന്നു.” ബധിരനായ ഒരാൾ ആംഗ്യഭാഷയിൽ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എല്ലായിടത്തുമുണ്ടല്ലോ!” അദ്ദേഹവും കൂട്ടുകാരും ജർമനിയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബധിരർക്കുവേണ്ടി നടത്തിയ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. അവിടെയും അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടിരുന്നു.
ചില തദ്ദേശവാസികൾപോലും അവരെ പിന്തുണച്ചു. വാംഗറൂങ്ങ് എന്ന ദ്വീപിലെ ഒരു പോലീസ് ഓഫീസർ സാക്ഷികളെ കണ്ടിട്ട്, കൂടുതൽ ആളുകളുടെ അടുക്കൽ എങ്ങനെ എത്താമെന്ന് പറഞ്ഞുകൊടുത്തു. വാറൻ ആൻ ഡെർ മ്യൂരിറ്റ്സ് എന്ന സ്ഥലത്തുള്ള ഒരു ടൂറിസം ബോട്ടിന്റെ ക്യാപ്റ്റൻ തന്റെ യാത്രികരെ പല ആകർഷകമായ പ്രദേശങ്ങളും കാണിച്ചുകൊടുത്തു. തുറമുഖത്തു വെച്ചിരിക്കുന്ന കാർട്ട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “അവിടെ, നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് പഠിക്കാം.” പല വിനോദസഞ്ചാരികളും കാർട്ടിന് അടുത്ത് എത്തുകയും പോസ്റ്ററുകൾ വായിക്കുകയും ചെയ്തു.
വിനോദസഞ്ചാരികൾക്കും തദ്ദേശവാസികൾക്കും പിൻവരുന്ന മൂന്നു ലഘുപത്രികകളാണ് കൂടുതൽ ഇഷ്ടപ്പെട്ടത്:
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? ഒരു വിനോദസഞ്ചാരി പറഞ്ഞു: “ഈ ചോദ്യം കുറെ നാളായി എന്റെ മനസ്സിലുള്ളതാണ്. ഏതായാലും ഈ അവധിക്കാലത്ത് അതെക്കുറിച്ച് വായിക്കാമല്ലോ!”
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! മതം തന്നെ നിരാശപ്പെടുത്തി എന്നാണ് പ്രായമുള്ള ഒരാൾ യഹോവയുടെ സാക്ഷികളോടു പറഞ്ഞത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മനുഷ്യനും കഴിയില്ലെന്നും ദൈവത്തിനു മാത്രമേ സാധിക്കൂ എന്നും യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അദ്ദേഹം സന്തോഷത്തോടെ ഈ ലഘുപത്രിക വാങ്ങി വായിക്കാമെന്നു പറഞ്ഞു.
എന്റെ ബൈബിൾപാഠങ്ങൾ. കൊച്ചുകുട്ടികൾക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഈ ലഘുപത്രിക എടുക്കാൻ തന്റെ കുട്ടിയോടു ഒരു പിതാവ് പറഞ്ഞു. എന്റെ ബൈബിൾ കഥാപുസ്തകംകൂടി എടുത്തിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇത് എന്റെ കുടുംബത്തിന് ഗുണം ചെയ്യും.”
3,600-ലധികം പ്രസിദ്ധീകരണങ്ങളാണ് വിവിധ കാർട്ടുകളിൽനിന്ന് ആളുകൾ സ്വീകരിച്ചത്. ചില ആളുകൾ വീണ്ടും സന്ദർശിക്കാനും ചർച്ചകൾ നടത്താനും യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെട്ടു.
ഈ പരിപാടിയിൽ പങ്കെടുത്തവർ അത് നന്നേ ആസ്വദിച്ചു. ജോർജും ഭാര്യ മരീനയും ബാൾട്ടിക് കടലിന് അടുത്തുള്ള പ്രദേശത്താണു പോയത്. അവർ പറയുന്നു: “ആ പരിപാടി ഒരു ഉഗ്രൻ സമ്മാനംതന്നെയായിരുന്നു. ദൈവത്തിന്റെ സൃഷ്ടിക്രിയകൾ ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു, അതേസമയം ആ ദൈവത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാനും.” 17 വയസ്സുള്ള ലുകെസ് പറയുന്നു: “എനിക്ക് അത് ഒരുപാട് ഇഷ്ടമായി. ഈ പരിപാടി ഭയങ്കര രസമായിരുന്നെന്ന് മാത്രമല്ല, ആളുകൾക്ക് മൂല്യവത്തായ എന്തെങ്കിലും കൊടുക്കാനും എനിക്കു കഴിഞ്ഞു.”