ഒരു സവിശേഷ ബൈബിൾപ്രദർശനം—ഫ്രാൻസ്
2014-ൽ വടക്കൻ ഫ്രാൻസിലെ റൂഓൻ പട്ടണത്തിൽ ഒരു അന്താരാഷ്ട്ര പ്രദർശനമേള അരങ്ങേറി. അതിലെ ഒരു പ്രദർശനശാല ആയിരക്കണക്കിന് ആളുകളുടെ ശ്രദ്ധ കവർന്നു. “ബൈബിൾ—ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു അത്.
ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ശാലയുടെ പുറത്തു പ്രദർശിപ്പിച്ച പുരാതന ബൈബിൾ കൈയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പ് ആണ്. ശാലയ്ക്ക് അകത്താകട്ടെ, അനുദിനജീവിതത്തിൽ ബൈബിളിന്റെ പ്രായോഗികതയും ബൈബിളിന്റെ ശാസ്ത്രീയവും ചരിത്രപരവും ആയ കൃത്യതയും വ്യാപകമായ വിതരണവും സംബന്ധിച്ചു മനസ്സിലാക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
കൂടാതെ, ബൈബിൾ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളെ ഇക്കാലമത്രയും അത് അതിജീവിച്ചത് എങ്ങനെയെന്നും ഇന്നും ദശലക്ഷങ്ങൾക്ക് അതിന്റെ പ്രതികൾ അച്ചടിച്ച രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ ലഭ്യമായിരിക്കുന്നത് എങ്ങനെയെന്നും വിശദീകരിക്കുന്നതായിരുന്നു പ്രദർശനം. യഹോവയുടെ സാക്ഷികൾ 120-ലധികം ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ബൈബിൾ പരിഭാഷയായ പുതിയ ലോക ഭാഷാന്തരത്തിന്റെ ഒരു പ്രതിയും സന്ദർശകർക്ക് സൗജന്യമായി ലഭിച്ചു.
പൊതുജനങ്ങൾക്ക് ബൈബിൾ ലഭ്യമാക്കാൻ സാക്ഷികൾ ചെയ്ത ഈ ശ്രമത്തെ സന്ദർശകരിൽ അനേകരും അഭിനന്ദിക്കുകയുണ്ടായി. ചെറുപ്പക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തക ഒരു കൂട്ടം ചെറുപ്പക്കാരോടൊപ്പം പ്രദർശനം കണ്ടിട്ട് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “നമ്മുടെയെല്ലാം പൈതൃകസ്വത്താണ് ബൈബിൾ. അതിനു ജീവനുണ്ട്. ഓരോ തവണ വായിക്കുമ്പോഴും എന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അത് തരുന്നു.”
സൗജന്യമായി ബൈബിൾ ലഭിക്കും എന്നറിഞ്ഞത് 60 വയസ്സു പ്രായമുള്ള ഒരു വല്യമ്മയ്ക്ക് അത്ഭുതമായി തോന്നി. അവർ പറഞ്ഞു: “നമ്മളെല്ലാം ഇതു വീണ്ടും വായിച്ചുതുടങ്ങണം, കാരണം നമുക്കെല്ലാം ഇത് ആവശ്യമാണ്.”