ന്യൂയോർക്ക് നഗരത്തിലെ തദ്ദേശവാസികൾക്കുവേണ്ടി നടത്തിയ ആഘോഷപരിപാടികൾ
തദ്ദേശീയ അമേരിക്കക്കാർ താമസിക്കുന്നത് അവർക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്ന രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലാണെന്നാണ് പലരുടെയും ധാരണ. എന്നാൽ അവരിൽ 70 ശതമാനത്തോളം ആളുകളും താമസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. ഐക്യനാടുകളിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ “ജനതകൾക്കുള്ള വാതായനം” എന്ന പേരിൽ തദ്ദേശീയ അമേരിക്കക്കാർക്കായി 2015 ജൂൺ 5-7 തീയതികളിൽ ഒരു ആഘോഷപരിപാടിയും പോവ്-വോവും a സംഘടിപ്പിക്കുകയുണ്ടായി. ഇത് അറിഞ്ഞ ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ ഈ പരിപാടികളിൽ സംബന്ധിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. എന്തിനായിരിക്കും അത്?
യഹോവയുടെ സാക്ഷികൾ നൂറുകണക്കിന് ഭാഷകളിലേക്കാണ് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ മൊഴിമാറ്റം നടത്തുന്നത്. അതിൽ തദ്ദേശീയ അമേരിക്കൻ ഭാഷകളായ ബ്ലാക്ക് ഫൂട്ട്, ഡക്കോട്ട, ഹോപി, മോഹാക്, നവഹൊ, ഒഡാവാ, പ്ലെയ്ൻസ് ക്രീ എന്നിവയും ഉൾപ്പെടുന്നു. ഈ ഭാഷകളിലുള്ള നമ്മുടെ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സാക്ഷികൾ “ജനതകൾക്കുള്ള വാതായനം” എന്ന ഈ പരിപാടിയിൽ ടേബിളുകളും കാർട്ടുകളും മനോഹരമായി സജ്ജീകരിച്ചു. അതിൽ നിങ്ങൾക്ക് സ്രഷ്ടാവിനെ വിശ്വസിക്കാം! എന്ന ലഘുലേഖയും അവർ പ്രദർശിപ്പിച്ചു.
നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ് മേൽപ്പറഞ്ഞ ഭാഷകളിലുള്ള ഓഡിയോ-വീഡിയോ റെക്കോർഡിങ്ങുകൾ വിശേഷവത്കരിച്ചിട്ടുണ്ട്. ഇത്തരം റെക്കോർഡിങ്ങുകൾ സാക്ഷികൾ ആകാംക്ഷാഭരിതരായ സന്ദർശകരെ കാണിച്ചു. മറ്റ് പ്രദർശനങ്ങളും ബോർഡുകളും പരിപാടികളും ഇംഗ്ലീഷിലും സ്പാനിഷിലും മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം സന്ദർശകർ പ്രത്യേകം ശ്രദ്ധിച്ചു.
ധാരാളം തദ്ദേശീയഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ മാത്രമല്ല, നഗരങ്ങളിലും സംവരണമേഖലകളിലും നമ്മൾ നടത്തുന്ന ബൈബിൾവിദ്യാഭ്യാസവേലയും അനേകരിൽ മതിപ്പുളവാക്കി. ഉദാഹരണത്തിന്, അവിടെ ജോലി ചെയ്ത ഒരു വ്യക്തി നമ്മുടെ പ്രവർത്തനങ്ങളൊക്കെ നിരീക്ഷിച്ചശേഷം അതിൽ താത്പര്യം തോന്നി തന്നെ ബൈബിൾ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. “ഞാൻ നിങ്ങളുടെ വരവിനായി നോക്കിപ്പാർത്തിരിക്കും!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബധിരരായ ഒരു ദമ്പതികൾ സാക്ഷികൾ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന മേശയുടെ അടുത്ത് ചെന്നെങ്കിലും അവിടെയുണ്ടായിരുന്ന സാക്ഷികൾക്ക് ആംഗ്യഭാഷ അറിയാത്തതിനാൽ അവരോട് സംസാരിക്കാൻ കഴിഞ്ഞില്ല. ഈ സമയത്ത് ആംഗ്യഭാഷ അറിയാവുന്ന ഒരു സാക്ഷി അവിടെ എത്തി. ആ സഹോദരി, ദമ്പതികളോട് അര മണിക്കൂർ സമയം സംസാരിച്ചു. ആ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ ആംഗ്യഭാഷയിലുള്ള കൺവെൻഷനെക്കുറിച്ചും അവരോടു പറഞ്ഞു.
ഈ ബൈബിൾവിദ്യാഭ്യാസ ഉദ്യമത്തിൽ 50-ലധികം യഹോവയുടെ സാക്ഷികൾ അണിചേർന്നു. മൂന്നു ദിവസത്തെ ആ പരിപാടിയിൽ 150-ലധികം പ്രസിദ്ധീകരണങ്ങളാണ് സന്ദർശകർ വാങ്ങിയത്.
a “സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന കൂടിവരവുകളിലെ ഒരുതരം നൃത്തത്തിന് അകമ്പടിയായി സംഘംചേർന്ന് ഗാനം ആലപിക്കുന്ന ഒരു സാമൂഹികപരിപാടിയാണ് ആധുനിക നാളിലെ പോവ്-വോവ്” എന്ന് നരവംശശാസ്ത്രജ്ഞനായ വില്യം കെ. പവേഴ്സ് പറയുന്നു.—നരവംശസംഗീതപഠനം (ഇംഗ്ലീഷ്), 1968 സെപ്റ്റംബർ, പേജ് 354.