ബൈബിളിൽനിന്നുള്ള പ്രത്യാശ പാരീസിൽ
ഫ്രാൻസിലെ പാരീസിൽവെച്ച് 2015 നവംബർ 30 മുതൽ ഡിസംബർ 12 വരെ നടന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ (COP21) 195 ദേശങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ആഗോള കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതായിരുന്നു ചർച്ചാവിഷയം. ഗവൺമെന്റ് അധികാരികൾ, ശാസ്ത്രജ്ഞർ, പരിസ്ഥിതിപ്രവർത്തകർ, ബിസിനെസ്സ് പ്രമുഖർ തുടങ്ങി 38,000-ത്തോളം ആളുകൾ കോൺഫറൻസിൽ പങ്കെടുത്തു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മനസ്സിലാക്കാൻ അടുത്തുള്ള പൊതുവിവരസ്ഥാപനത്തിൽ പതിനായിരക്കണക്കിന് ആളുകൾ സന്ദർശിക്കുകയും ചെയ്തു.
ആ കോൺഫറൻസിൽ യഹോവയുടെ സാക്ഷികൾ പങ്കെടുത്തില്ലെങ്കിലും പരിസ്ഥിതിസംരക്ഷണത്തിൽ അവർക്കും വളരെയധികം താത്പര്യമുണ്ട്. മലിനീകരണമില്ലാത്ത ഒരു ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ള ബൈബിളധിഷ്ഠിത പ്രത്യാശ ആളുകൾക്കു പകർന്നുകൊടുക്കുന്ന ഒരു പ്രത്യേക പ്രചാരണ പരിപാടിയിൽ പാരീസിലെ നൂറുകണക്കിന് സാക്ഷികൾ പങ്കെടുത്തു.
പെറുവിലെ വേഷം ധരിച്ച അവിടത്തുകാരനായ ഒരാളോട് യാത്രയ്ക്കിടയിൽ സാക്ഷികളിൽ ഒരാൾ സംസാരിച്ചു. നല്ല ആരോഗ്യത്തോടെ മനോഹരമായ ഒരു പർവതപ്രദേശത്താണ് താമസിക്കുന്നതെങ്കിലും ഭൂമിയുടെ ഭാവിയെക്കുറിച്ച് തനിക്ക് ഉത്കണ്ഠയുണ്ടെന്ന് അയാൾ പറഞ്ഞു. എന്നാൽ ശോഭനമായ ഭാവിയെക്കുറിച്ച് കേട്ടപ്പോൾ അയാൾക്കു വളരെ സന്തോഷമായി. നമ്മുടെ വെബ്സൈറ്റായ www.pr418.com-ലേക്കു ശ്രദ്ധ ക്ഷണിക്കുന്ന സന്ദർശക കാർഡ് നിറപുഞ്ചിരിയോടെ അയാൾ സ്വീകരിച്ചു.
ഒരു ട്രെയിനിൽവെച്ച് രണ്ടു സാക്ഷികൾ അമേരിക്കയിലുള്ള ഒരു പരിസ്ഥിതിശാസ്ത്രജ്ഞനോടു സംസാരിച്ചു. കെട്ടിടങ്ങളുടെ നിലവാരം നിർണയിക്കുന്ന ഒരു സ്ഥാപനം (Green Building Initiative) നൽകുന്ന ഫോർ ഗ്രീൻ ഗ്ലോബ്സ് (Four Green Globes) എന്ന അവാർഡ് യഹോവയുടെ സാക്ഷികൾക്ക് രണ്ടു പ്രാവശ്യം കിട്ടിയെന്നു കേട്ടപ്പോൾ അദ്ദേഹം അതിശയിച്ചുപോയി. ന്യൂയോർക്കിലെ വാൾക്കിലിലുള്ള ഐക്യനാടുകളിലെ ബ്രാഞ്ചിലെ പുതിയ രണ്ടു കെട്ടിടങ്ങൾ പരിസ്ഥിതിയോട് ഇണങ്ങിച്ചേരുംവിധം പണിയാൻ പ്ലാൻ തയ്യാറാക്കിയതിനാണ് ഈ അവാർഡുകൾ ലഭിച്ചത്. അദ്ദേഹവും സന്തോഷത്തോടെ നമ്മുടെ സന്ദർശക കാർഡ് സ്വീകരിച്ചു.
പരിസ്ഥിതിസംരക്ഷണത്തിലുള്ള യഹോവയുടെ സാക്ഷികളുടെ ആത്മാർഥമായ താത്പര്യത്തിൽ മതിപ്പു തോന്നിയ ധാരാളം ആളുകൾ നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കാമെന്നു വാക്കു തന്നു. ന്യൂയോർക്കിലെ വാർവിക്കിലുള്ള നമ്മുടെ പുതിയ ലോകാസ്ഥാനം നിർമിക്കുന്നിടത്ത് ബ്ലൂബേർഡുകളുടെ കൂടുകൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് കേട്ടപ്പോൾ കാനഡയിൽനിന്നുള്ള ഒരു പ്രതിനിധി ഇങ്ങനെ പറഞ്ഞു: “പരിസ്ഥിതിസംരക്ഷണ മേഖലയിലേക്കു വരുന്നതിനു മുമ്പ് ഞാൻ ഒരു പക്ഷിനിരീക്ഷകയായിരുന്നു. വന്യമൃഗങ്ങളോട് യഹോവയുടെ സാക്ഷികൾക്ക് ഇത്രയും താത്പര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയും ചെയ്യും!”