എന്തിനാണു ബംഗാളി പഠിക്കുന്നത്?
ബംഗ്ലാദേശിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും സംസാരിക്കുന്ന ഒരു ഭാഷയാണ് ബംഗാളി. ആ ഭാഷ സംസാരിക്കാനും വായിക്കാനും പഠിക്കുന്നതിന് അടുത്തകാലത്ത് യഹോവയുടെ സാക്ഷികളായ 23 പേർ ന്യൂയോർക്കിലെ ക്വീൻസിൽ ഒരു ക്ലാസ്സിൽ പങ്കെടുത്തു. പെട്ടെന്നു ഭാഷ പഠിക്കാൻ സഹായിക്കുന്ന ഒരു പരിശീലനക്ലാസ്സായിരുന്നു അത്. യഹോവയുടെ സാക്ഷികളിൽപ്പെട്ടവർതന്നെയാണ് അവിടെ പഠിപ്പിക്കുന്നത്.
എന്നാൽ ബംഗാളിയിൽ മാത്രമല്ല, മറ്റു പല ഭാഷകളിലും ഇതുപോലുള്ള ക്ലാസ്സുകൾ നടത്തുന്നുണ്ട്. ഐക്യനാടുകളിലും മറ്റനേകം രാജ്യങ്ങളിലും നടക്കുന്ന ഇത്തരം ഭാഷാപരിശീലനക്ലാസ്സുകളിലൂടെ മറ്റു ഭാഷക്കാരെ ബൈബിൾസന്ദേശം അറിയിക്കാൻ സാക്ഷികൾ പഠിക്കുന്നു.
ബംഗാളി ക്ലാസ്സിൽ പങ്കെടുത്ത മേഗേലീ എന്ന യുവതി പറയുന്നു: “ഞങ്ങളുടെ പ്രദേശത്ത് ബംഗാളിക്കാരുടെ എണ്ണം കൂടിക്കൂടിവരുകയാണ്. അവരുടെയൊക്കെ മനസ്സിൽ ഒരുപാടു ചോദ്യങ്ങളുമുണ്ട്; ‘എന്തുകൊണ്ടാണ് ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകളുള്ളത്’ എന്നതുപോലുള്ള സുപ്രധാനമായ ചോദ്യങ്ങൾ. ഭാവിയെ സംബന്ധിച്ച് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ അവർക്കു കൂടുതൽ അറിയാൻ താത്പര്യമാകും. പക്ഷേ, ഭാഷ അറിഞ്ഞാലല്ലേ അതു നന്നായി പറഞ്ഞുകൊടുക്കാൻ പറ്റൂ?”
പെട്ടെന്നു കാര്യങ്ങൾ പഠിക്കുന്നതിനു വിദ്യാർഥികളെ സഹായിക്കാൻ, രസകരമായ പല വിദ്യകളും അധ്യാപകർ ഉപയോഗിച്ചു. ഉദാഹരണത്തിന്, ശാരീരിക ചലനം ഉൾപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിക്കൊണ്ട് അധ്യാപകർ അവരെ ഭാഷ പഠിപ്പിച്ചു. പഠിച്ച കാര്യങ്ങൾ കൂടുതൽ കാലം ഓർത്തിരിക്കാനുള്ള ഒരു സൂത്രമായിരുന്നു അത്.
പുതുതായി എന്തെങ്കിലുമൊന്നു പഠിച്ചാൽ വിദ്യാർഥികൾ ഉടനെ അതു പരീക്ഷിച്ചുനോക്കുമായിരുന്നു. തങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന ബംഗാളിക്കാരെ ചെന്ന് കണ്ട് അവരുമായി ബൈബിൾവിഷയങ്ങൾ സംസാരിച്ചുകൊണ്ടാണ് അവർ അതു ചെയ്തിരുന്നത്. അതേക്കുറിച്ച് മേഗേലീ പറയുന്നു: “ഞാൻ അവരുടെ ഭാഷ പഠിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ആളുകൾക്കു വലിയ സന്തോഷമായി. ഞാൻ എന്തിനാണ് അവരുടെ ഭാഷ പഠിക്കുന്നതെന്ന് അവർക്ക് അറിയണം. ഇത്ര കഷ്ടപ്പെട്ട് ഞാൻ അതു പഠിക്കുന്നതു കാണുമ്പോൾ, നമ്മുടെ ഈ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു തിരിച്ചറിയാൻ അവർക്കു പറ്റുന്നു.”
യഹോവയുടെ സാക്ഷികൾ പുതിയ ഭാഷ പഠിക്കുക മാത്രമല്ല, ഭാഷാപഠനക്ലാസ്സിൽ പഠിപ്പിക്കാനുള്ള പരിശീലനവും നേടുന്നു. 2006 ജനുവരി മുതൽ 2012 ജനുവരി വരെയുള്ള കാലംകൊണ്ട് ഐക്യനാടുകളിലെ ബ്രാഞ്ചിന്റെ കീഴിലുള്ള പ്രദേശത്തുമാത്രം ഏതാണ്ട് 38 ഭാഷാപഠനശില്പശാലകൾ നടന്നു. അവയിലൂടെ 2,244 പേർക്ക് അധ്യാപകരായി പരിശീലനം ലഭിച്ചു. 2012 സെപ്റ്റംബർ 1 വരെയുള്ള കണക്കനുസരിച്ച്, 37 ഭാഷകൾ പഠിപ്പിക്കാനായി ഐക്യനാടുകളിലെ ബ്രാഞ്ചിന്റെ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികൾ 1,500-ലേറെ ക്ലാസ്സുകൾ നടത്തി.