ലാപ്ലൻഡിൽ ഒരു വിജയകരമായ പ്രചാരണപരിപാടി
ഫിൻലൻഡിലും നോർവേയിലും സ്വീഡനിലും ആയി വ്യാപിച്ചുകിടക്കുന്ന വലിയ ഭൂപ്രദേശത്ത് ജീവിക്കുന്നവരാണു സാമികൾ. അവർക്ക് അവരുടേതായ സംസ്കാരവും പാരമ്പര്യവും ഭാഷയും ഉണ്ട്. അവരെ ബൈബിൾസന്ദേശം അറിയിക്കുന്നതിന് യഹോവയുടെ സാക്ഷികൾ രണ്ടു ശ്രമം നടത്തി.
ആദ്യമായി 2015-ലെ വസന്തകാലത്ത് സാമി ഭാഷയിൽ a യഹോവയുടെ സാക്ഷികൾ ബൈബിൾപ്രസിദ്ധീകരണങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. രണ്ടാമതായി 2016-ലും 2017-ലും, പരിഭാഷ ചെയ്ത വിവരങ്ങൾ സാമികളുമായി പങ്കുവെക്കുന്നതിന് യഹോവയുടെ സാക്ഷികൾ കലമാനുകൾ സ്വൈരവിഹാരം നടത്തുന്ന, ലാപ്ലൻഡിൽ രണ്ടു പ്രത്യേക പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു.
‘സമൂഹത്തിനുവേണ്ടിയുള്ള മൂല്യവത്തായ സേവനം’
2017 മെയ്യിൽ നടന്ന പ്രത്യേക പ്രചാരണപരിപാടിയിൽ ഫിൻലൻഡിൽനിന്നും നോർവേയിൽനിന്നും സ്വീഡനിൽനിന്നും ഉള്ള 200-ലധികം സാക്ഷികൾ ലാപ്ലൻഡിലെ വിസ്തൃതമായ ഭൂപ്രദേശത്ത് ചിതറിക്കിടക്കുന്ന ധാരാളം ചെറുഗ്രാമങ്ങളിലേക്കു പോകാൻ തയ്യാറായി. സാമി ഭാഷയിലെ ചില പദപ്രയോഗങ്ങൾ പഠിച്ചുകൊണ്ട് സാക്ഷികളിൽ ചിലർ തയ്യാറെടുപ്പുകൾ നടത്തി, അതു സാമികളെ ആകർഷിച്ചു. “അവരുടെ ഭാഷ സംസാരിക്കാൻ നമ്മൾ നടത്തിയ ശ്രമങ്ങളെയും നമ്മുടെ ആത്മാർഥതാത്പര്യത്തെയും അവിടുത്തുകാർ വിലമതിച്ചു” എന്നു കരിഗസ്നേയ്മിയിൽ പ്രവർത്തിക്കാൻ പോയ ഡെന്നിസ് പറയുന്നു.
പ്രകൃതിയെയും ജന്തുജാലങ്ങളെയും സ്നേഹിക്കുന്ന സാമികൾക്കു പറുദീസാഭൂമിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം വളരെ ഇഷ്ടമായി. (സങ്കീർത്തനം 37:11) ഉദാഹരണത്തിന്, ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ പഠിക്കാൻ തുടങ്ങിയ ഒരു സാമി സ്ത്രീ ദൈവം മനുഷ്യർക്കു ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ, മതശുശ്രൂഷകൻ പറുദീസാഭൂമിയെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞുതന്നിട്ടില്ലെന്ന് ആശ്ചര്യത്തോടെ പറഞ്ഞു.
സാക്ഷികൾ ചെന്നതിൽ പലരും നന്ദി അറിയിച്ചു. ഒരു കടക്കാരൻ രണ്ടു സാക്ഷികളെ അഭിനന്ദിച്ചു. അവർ “സമൂഹത്തിനുവേണ്ടി വളരെ പ്രധാനപ്പെട്ട, മൂല്യവത്തായ ഒരു സേവനമാണ്” ചെയ്യുന്നതെന്ന് അദ്ദേഹം അവരോടു പറഞ്ഞു. അവരെ കടയിലേക്കു വിളിച്ചിട്ട് അവർക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ എടുത്തുകൊള്ളാൻ അദ്ദേഹം പറഞ്ഞു. അതിന് അദ്ദേഹം കാശൊന്നും വാങ്ങിയില്ല.
പ്രചാരണപരിപാടിയുടെ സമയത്ത്, സാമികൾ ഏകദേശം 180 വീഡിയോകൾ കാണുകയും 500-ലധികം പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുകയും ചെയ്തു. അവരുടെ ഭാഷയിൽ ലഭ്യമായിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ അവർ കൂടെക്കൂടെ ചോദിക്കുമായിരുന്നു. 14 സാമികൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാനും തുടങ്ങി.
“പരിഭാഷ ഒന്നാന്തരമാണ്!”
യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിച്ച അനേകം സാമികളും ഉന്നത നിലവാരമുള്ള പരിഭാഷയെ പ്രശംസിച്ചു. “നിങ്ങളുടെ പരിഭാഷ അത്യുഗ്രനാണ്” എന്നാണ് ഒരു സ്കൂൾ അധ്യാപകനും സാമി പാർലമെന്റിലെ എക്സിക്യൂട്ടിവ് ബോർഡ് അംഗവും ആയ നില്ലാ ടപ്പിയോള പറഞ്ഞത്. പ്രസിദ്ധീകരണങ്ങൾ “വായിക്കാൻ എളുപ്പവുമാണ് ഭാഷാഘടന നല്ലതുമാണ്” എന്നും അദ്ദേഹം പറഞ്ഞു. ഫിൻലൻഡിന്റെ വടക്കേ അറ്റത്തു താമസിക്കുന്ന ഒരു സാമി പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങളുടെ പരിഭാഷ ഒന്നാന്തരമാണ്!”
കരിഗസ്നേയ്മിയിൽ, ഫിൻലൻഡിന്റെയും നോർവേയുടെയും അതിർത്തിയിൽവെച്ച് ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയുടെ ഒന്നാം പാഠം സാക്ഷികൾ ഒരു സാമി അധ്യാപികയുമായി ചർച്ച ചെയ്തു. പരിഭാഷയുടെ ഗുണമേന്മയിൽ മതിപ്പു തോന്നിയ അധ്യാപിക സ്കൂളിൽ സാമി ഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ലഘുപത്രിക ഉപയോഗിച്ചോട്ടേ എന്നു ചോദിച്ചു.
ധാരാളം വീഡിയോകളും ലഘുലേഖകളും ഒരു ലഘുപത്രികയും സാമിയിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. 2016 ഫെബ്രുവരി 29 മുതൽ jw.org വെബ്സൈറ്റ് സാമി ഭാഷയിലുമുണ്ട്. ഓരോ മാസവും സാമി ഭാഷക്കാർ 400-ലധികം തവണ വെബ്സൈറ്റ് സന്ദർശിക്കുകയും ഏകദേശം 350 ഡിജിറ്റൽ, ഓഡിയോ, വീഡിയോ ഫൈലുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നു.
സാമികൾക്കും അവരെ സന്ദർശിച്ചവർക്കും പ്രചാരണ പരിപാടിയിലൂടെ വളരെ പ്രയോജനം കിട്ടി. “ബൈബിൾ പല വിധങ്ങളിൽ സാമി സമൂഹത്തിനു പ്രയോജനം ചെയ്തതായി” പ്രദേശവാസികൾക്കു മനസ്സിലായെന്ന് ഉച്ച്യോക്കിയിലേക്കു പോയ ഹെൻറിക്കിനും ഹില്യ മരിയയ്ക്കും മനസ്സിലായി. അവിടെത്തന്നെയുള്ള ലാരിയും ഇങ്കയും ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ മുഖപക്ഷമില്ലായ്മയാണ് ഈ പ്രചാരണപരിപാടി നമ്മളെ ഓർമിപ്പിക്കുന്നത്. ഈ ഒറ്റപ്പെട്ട പ്രദേശത്തുള്ളവരോടു ദൈവത്തിന്റെ സ്നേഹം പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.”
a ധാരാളം സാമി (സമി എന്നും അറിയപ്പെടുന്നു) ഭാഷകളുണ്ട്. “മൂന്നിൽ രണ്ടു സമികളും സംസാരിക്കുന്നതു വടക്കൻ സമി” ഭാഷയാണ് എന്നു ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരണങ്ങൾ വടക്കൻ സാമി ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നു. എളുപ്പത്തിനുവേണ്ടി, ഭൂരിഭാഗം പേരും സംസാരിക്കുന്ന ഭാഷയെ കുറിക്കാൻ “സാമി” എന്നാണ് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.