വിദൂര വടക്കൻ പ്രദേശങ്ങളിൽ ബൈബിൾസന്ദേശം എത്തിക്കുന്നു
യൂറോപ്പിന്റെയും വടക്കെ അമേരിക്കയുടെയും വിദൂര വടക്കേദിക്കിലേക്ക് ബൈബിൾസന്ദേശം എത്തിക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം 2014-ൽ ഒരു പുതിയ പരിപാടിക്ക് രൂപം നൽകി. (പ്രവൃത്തികൾ 1:8) തുടക്കത്തിൽ, അലാസ്‌ക (യു.എസ്.എ.), ലാപ്‌ലൻഡ് (ഫിൻലൻഡ്), നൂനാവുട്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ (കനഡ) എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സമൂഹങ്ങൾക്കാണ് പരിഗണന നൽകിയത്.
പതിറ്റാണ്ടുകളായി യഹോവയുടെ സാക്ഷികൾ സന്ദർശിച്ചിരുന്ന പ്രദേശങ്ങളായിരുന്നു ഇവ. എങ്കിലും അവർ അവിടെ അധികസമയം തങ്ങാറില്ലായിരുന്നു. അവരുടെ പ്രവർത്തനം ബൈബിൾപ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിൽ മാത്രമായി ഒതുങ്ങി.
അങ്ങനെയിരിക്കെ, ഈ ഭാഗത്തെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ, ചുരുങ്ങിയത് മൂന്നു മാസത്തേക്കെങ്കിലും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ താമസിച്ച് പ്രവർത്തിക്കാൻ സന്നദ്ധരായ മുഴുസമയശുശ്രൂഷകരുടെ (മുൻനിരസേവകർ) അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും പ്രദേശത്ത് ബൈബിൾ പഠിക്കാൻ താത്പര്യമുള്ള കുറച്ച് ആളുകൾ ഉണ്ടെങ്കിൽ ശുശ്രൂഷകർ അവിടെത്തന്നെ കൂടുതൽകാലം താമസിക്കുകയും യോഗങ്ങൾ നടത്തുകയും ചെയ്യും.
വടക്കൻ പ്രദേശമായതുകൊണ്ട് അവിടെ പ്രവർത്തിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അലാസ്കയിലെ ബാരോയിലേക്ക് നിയമനം ലഭിച്ച രണ്ടു മുൻനിരസേവകരിൽ ഒരാൾ, തെക്കൻ കാലിഫോർണിയയിലും മറ്റേയാൾ യു.എസ്.എ-യിലെ ജോർജിയയിലും ആണ് താമസിച്ചിരുന്നത്. ബാരോയിലെ അവരുടെ ആദ്യത്തെ മഞ്ഞുകാലത്ത് താപനില മൈനസ് 38 ഡിഗ്രി സെൽഷ്യസിലേക്ക് താണു! എന്നിട്ടുപോലും, ഏതാനും മാസങ്ങൾക്കുള്ളിൽ അവർ ആ നഗരത്തിലെ ഏതാണ്ട് 95 ശതമാനം വീടുകൾ സന്ദർശിക്കുകയും നാലു ബൈബിൾപഠനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. പഠിക്കാൻ താത്പര്യം കാണിച്ച ഒരാളുടെ പേര് ജോൺ എന്നായിരുന്നു. ആ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ കാമുകിയും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ഉപയോഗിച്ച് പഠനം തുടങ്ങി. പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹം കൂട്ടുകാരോടും സഹജോലിക്കാരോടും പങ്കുവെക്കും. മാത്രമല്ല, ഫോണിൽ ലഭ്യമായിരിക്കുന്ന JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിച്ച് തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കുക എന്നതിൽനിന്ന് ദിനവാക്യം വായിക്കുകയും ചെയ്യുമായിരുന്നു.
കനേഡിയൻ പ്രദേശമായ നൂനാവുടിലെ റാൻകിൻ ഇൻലെറ്റിലേക്ക് റോഡുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടു മുൻനിരസേവകർ ആ ചെറുഗ്രാമത്തിലേക്ക് വിമാനമാർഗം പറന്നെത്തുകയും ഏതാനും ബൈബിൾപഠനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. അവിടെയുള്ള ഒരാളെ, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ കാണിച്ചു. ഇത് കണ്ടപാടെ അദ്ദേഹം, ഇവിടെ എന്നാണ് അങ്ങനെ ഒരെണ്ണം പണിയാൻ പോകുന്നതെന്ന് ചോദിച്ചു. “അത് പണിയുന്ന സമയത്ത് ഞാൻ ഇവിടെങ്ങാനുമുണ്ടെങ്കിൽ തീർച്ചയായും യോഗങ്ങളിൽ സംബന്ധിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൻലൻഡിലെ സാവുകോസ്കിയിലേക്ക് നിയമനം ലഭിച്ച മുൻനിരസേവകർ ആ പ്രദേശത്തെക്കുറിച്ച് “അവിടെ തണുപ്പോടു തണുപ്പാണ്; എങ്ങും മഞ്ഞ് മാത്രമേ കാണാനുള്ളൂ” എന്ന് റിപ്പോർട്ട് ചെയ്‌തു. ആളുകളുടെ പതിന്മടങ്ങാണ് ഹിമമാനുകൾ എന്നും അവർ അഭിപ്രായപ്പെട്ടു. എന്നിട്ടും, കൃത്യസമയത്താണ് അവിടെ എത്തിയത് എന്നാണ് അവരുടെ അഭിപ്രായം. അത് എന്തുകൊണ്ടാണ്? “ഗ്രാമങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ഉള്ള റോഡുകളെല്ലാം മഞ്ഞുനീക്കി സഞ്ചാരയോഗ്യമാക്കിയിരുന്നു. പുറത്തിറങ്ങാൻ പറ്റാത്തത്ര തണുപ്പായതിനാൽ മിക്കവരും വീടുകളിൽത്തന്നെയുണ്ടായിരുന്നു. ഇത്, പ്രദേശം മുഴുവനായും പ്രവർത്തിച്ചുതീർക്കാൻ ഞങ്ങളെ സഹായിച്ചു,” എന്നായിരുന്നു മുൻനിരസേവകർ നൽകിയ വിശദീകരണം.
വടക്കൻ വിദൂരദേശങ്ങളിൽ ബൈബിൾസന്ദേശം എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം ജനശ്രദ്ധയാകർഷിച്ചു. ഉദാഹരണത്തിന്, അലാസ്‌കൻ നഗരങ്ങളിലൊന്നിലെ വനിതാമേയർ തന്നെ സന്ദർശിച്ച മുൻനിരസേവകരുമൊത്തുള്ള ചർച്ചയെക്കുറിച്ച് നല്ല ചില അഭിപ്രായങ്ങളും ഒപ്പം എന്താണ് ദൈവരാജ്യം? എന്ന ലഘുലേഖയുടെ ചിത്രവും ഇന്റർനെറ്റിൽ ഇട്ടു.
മറ്റൊരു അലാസ്‌കൻ നഗരമായ ഹെയ്‌ൻസിൽ രണ്ടു മുൻനിരസേവകർ പബ്ലിക് ലൈബ്രറിയിൽവെച്ച് നടത്തിയ യോഗങ്ങളിലേക്ക് എട്ടു പേരെ ക്ഷണിച്ചു. ടെക്‌സസിൽനിന്നും നോർത്ത് കരോലിനയിൽ നിന്നും ഉള്ള രണ്ടുപേർ നഗരത്തിലുണ്ടെന്നും അവർ താത്പര്യമുള്ളവരുമൊത്ത് വീട്ടിൽച്ചെന്ന് വ്യക്തിപരമായി ബൈബിൾപഠനം നടത്തുന്നുണ്ടെന്നും ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. “കൂടുതൽ വിവരങ്ങൾ അറിയാൻ jw.org സന്ദർശിക്കുക” എന്ന അറിയിപ്പും അതിലുണ്ടായിരുന്നു.