ഷിംഗൂ നദിയിലൂടെ ഒരു സാക്ഷീകരണയാത്ര
28 പേരടങ്ങുന്ന സാക്ഷികളുടെ ഒരു കൂട്ടം 2013 ജൂലൈ ആദ്യം ബ്രസീലിലെ സാവോ ഫെലിക്സ് ഡൂ ഷിംഗൂ പട്ടണത്തിൽനിന്ന് യാത്രതിരിച്ചു. കയാപ്പോ ഇൻഡ്യക്കാരും യുറൂനാ ഇൻഡ്യക്കാരും താമസിക്കുന്ന പ്രദേശങ്ങളായിരുന്നു അവരുടെ ലക്ഷ്യം. 15 മീറ്റർ നീളമുള്ള ഒരു ആറ്റുവഞ്ചിയിൽ അവർ ഷിംഗൂ നദിയിലൂടെ ഒഴുക്കിന് എതിരെ നീങ്ങി. ഈ നദി 2,092 കി.മീ വടക്കോട്ട് ഒഴുകി ആമസോൺ നദിയിൽ ചെന്ന് ചേരുന്നു.
നദിക്കരയിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവരോട് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനാണ് ഈ കൂട്ടം യാത്ര തിരിച്ചത്. മൂന്നാം ദിവസം അവർ കൊക്രിമോറോ ഗ്രാമത്തിലെത്തി. അവിടെയുള്ളവർ അതിഥിപ്രിയരായിരുന്നു. പുഞ്ചിരിയോടെ അവർ സന്ദർശകരെ സ്വീകരിച്ചു. ഒരു സ്ത്രീ അവരുടെ നേരെ എന്തെല്ലാമോ ആംഗ്യങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ആ നാട്ടുകാരനായ വഴികാട്ടി, “‘എല്ലാവരും വരൂ, നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയണമെന്നുണ്ട്,’ എന്നാണ് അവളുടെ ആംഗ്യത്തിന്റെ അർഥം” എന്ന് പറഞ്ഞു.
സാക്ഷികൾ എല്ലാവരോടും സംസാരിച്ചു. കുറച്ചുപേരോട് പോർച്ചുഗീസ് ഭാഷയിലും മറ്റുള്ളവരോട് ആംഗ്യങ്ങളിലൂടെയും. അവരുടെ കൈവശമുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളിലെ വർണചിത്രങ്ങൾ വലിയ സഹായമായിരുന്നു. ഗ്രാമീണരിൽ മിക്കവരും പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു. വിശേഷിച്ച്, ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രിക അവർക്ക് ഏറെ ഇഷ്ടമായി.
ഒരു ഗ്രാമീണൻ, എന്റെ ബൈബിൾ കഥാപുസ്തകം എന്ന പ്രസിദ്ധീകരണം സ്വീകരിച്ചതിനെക്കുറിച്ച് സാവോ ഫെലിക്സ് ഡൂ ഷിംഗൂവിലെ ഒരു പ്രത്യേക മുൻനിരസേവകനായ ജേഴ്സൺ പറയുന്നു: “അദ്ദേഹം പുസ്തകം ഒന്നു നോക്കി, എന്നിട്ട് രണ്ടു കൈകൊണ്ടും മുറുകെ പിടിച്ചു. ഒരു നിമിഷംപോലും അത് താഴെ വെക്കാൻ അദ്ദേഹത്തിന് തോന്നിയതേ ഇല്ല!”
താത്പര്യം കാണിച്ച ഗ്രാമീണർക്ക് യഹോവയുടെ സാക്ഷികൾ ഏതാണ്ട് 500-ഓളം പുസ്തകങ്ങളും മാസികകളും ലഘുപത്രികകളും കൊടുത്തു. ഒരു ഭൗമികപറുദീസ എന്ന ബൈബിളിന്റെ വാഗ്ദാനം കവാറ്റീരയിലുള്ളവർ നല്ല താത്പര്യത്തോടെ ശ്രദ്ധിച്ചു. “പറുദീസയിലെ ആളുകൾ നമ്മൾ ജീവിക്കുന്നതുപോലെയായിരിക്കും ജീവിക്കുന്നത്” എന്ന് കയാപ്പോ ഇൻഡ്യക്കാരനായ ടൊങ്ഷീക്ക്വ അഭിപ്രായപ്പെട്ടു.
സാവോ ഫെലിക്സ് ഡൂ ഷിംഗൂവിലെ മിക്കവരും ഈ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നു. യാത്രാസംഘത്തിലുണ്ടായിരുന്ന സിമോണിയുടെ പട്ടണത്തിലെ ചില ആളുകൾക്ക്, കൂട്ടത്തിന് ഗ്രാമത്തിൽ കടക്കാൻ അനുവാദം കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നതായി അവൾ പറഞ്ഞു. എന്നാൽ ഒരു പ്രശ്നവുമുണ്ടായില്ല. സിമോണി പറയുന്നു: “ഞങ്ങളെ അവർ സ്വാഗതം ചെയ്തു. എല്ലാവരോടും പ്രസംഗിക്കാനും കഴിഞ്ഞു.”