ജർമനിയിലുള്ള സിന്തി, റോമാ ആളുകളെ സന്ദർശിക്കുന്നു
പതിനായിരക്കണക്കിന് സിന്തി, റോമാ ആളുകൾ ജർമനിയിൽ താമസിക്കുന്നുണ്ട്. a അടുത്ത കാലത്തായി, ഇവരുടെ മാതൃഭാഷയായ റോമനിയിൽ യഹോവയുടെ സാക്ഷികൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ലഘുലേഖകൾ, ലഘുപത്രികകൾ, വീഡിയോകൾ എന്നിവ പുറത്തിറക്കി. b
2016 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ യഹോവയുടെ സാക്ഷികൾ ജർമനിയിൽ ഒരു പ്രത്യേക പ്രചാരണ പരിപാടി നടത്തിയപ്പോൾ ഇക്കാര്യം അവിടെയുള്ള സിന്തി, റോമാ ആളുകളെ അവർ അറിയിച്ചു. ബർലിൻ, ബ്രമർഹവൻ, ഫ്രെയ്ബർഗ്, ഹാംബർഗ്, ഹെയ്ഡിൽബെർഗ് എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് അവർ സന്ദർശിച്ചത്. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ റോമനി ഭാഷയിലുള്ള മീറ്റിങ്ങുകളും നടത്തി.
അതിശയിപ്പിക്കുന്ന പ്രതികരണം
യഹോവയുടെ സാക്ഷികളുടെ പ്രചാരണ പരിപാടി കണ്ട് പല സിന്തി, റോമാ ആളുകൾക്കും അതിശയവും സന്തോഷവും തോന്നി. പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ആൻഡ്രെ-എസ്ഥേർ ദമ്പതികൾ പറഞ്ഞത് ഇങ്ങനെയാണ്: “ആളുകളെല്ലാം വളരെ സന്തോഷത്തിലായിരുന്നു, കാരണം ഞങ്ങൾ അവരെ കാണാനായി അവിടംവരെ ചെന്നല്ലോ.” പലർക്കും അവരുടെ മാതൃഭാഷയിൽ ബൈബിൾസന്ദേശം കേൾക്കാനും വായിക്കാനും സാധിച്ചതിൽ സന്തോഷം തോന്നി. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ റോമനി ഭാഷയിൽ ഒരു ചെറുപ്പക്കാരി കണ്ടപ്പോൾ അവൾക്ക് അതു വിശ്വസിക്കാനായില്ല. “ഓ, ഇത് എന്റെ ഭാഷയാണല്ലോ!” എന്ന് അവൾ വീണ്ടുംവീണ്ടും പറഞ്ഞു.
ഹാംബർഗിലുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുത്ത മത്ഥിയാസ് പറയുന്നു: “400 സിന്തികളും റോമാകളും താമസിക്കുന്നിടത്ത് ഞാനും ഭാര്യയും അടക്കം എട്ട് യഹോവയുടെ സാക്ഷികൾ സന്ദർശിച്ചു. ഞങ്ങൾ സംസാരിച്ച എല്ലാവരും പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു”. ഹാംബർഗിൽ പ്രവർത്തിച്ച ബെറ്റിന പറയുന്നു: “റോമനി ഭാഷയിൽ യഹോവയുടെ സാക്ഷികൾക്ക് പ്രസിദ്ധീകരണങ്ങളുണ്ടെന്നു കേട്ടപ്പോൾ ചിലരുടെ കണ്ണു നിറഞ്ഞുപോയി.” പലരും അപ്പോൾത്തന്നെ പ്രസിദ്ധീകരണങ്ങൾ ഉച്ചത്തിൽ വായിച്ചുനോക്കി. ചിലർ കൂട്ടുകാർക്കു കൊടുക്കാനായി പ്രസിദ്ധീകരണങ്ങൾ ചോദിച്ചുവാങ്ങി.
പല സിന്തികളും റോമാകളും യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിനു വരാമെന്നു പറഞ്ഞു. ഹാംബർഗിൽ മീറ്റിങ്ങിനു വന്ന 94 പേരിൽ പലരും ആദ്യമായിട്ടാണ് ഒരു രാജ്യഹാളിൽ കയറുന്നത്. ഹെയ്ഡിൽബെർഗിന് അടുത്തുള്ള റെയ്ലിംഗനിൽ 123 പേർ മീറ്റിങ്ങിനു ഹാജരായി. റോമനി സംസാരിക്കുന്ന അഞ്ചു പേർ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.
ഈ പ്രചാരണ പരിപാടിയുടെ ഫലമായി യഹോവയുടെ സാക്ഷികൾ 3,000 ലഘുലേഖകളും ലഘുപത്രികകളും വിതരണം ചെയ്തു. 360 സിന്തികളും റോമാകളും ആയി ബൈബിൾചർച്ച നടത്താനായി. അവരിൽ 19 പേർക്കു ബൈബിൾപഠനവും ആരംഭിച്ചു. അവരിൽ പലരും പറഞ്ഞത് “ദൈവം ഞങ്ങളെ തേടി വന്നല്ലോ” എന്നാണ്.
a പശ്ചിമയൂറോപ്പിലും മധ്യയൂറോപ്പിലും താമസിക്കുന്ന ന്യൂനപക്ഷമാണ് സിന്തികൾ. മറ്റൊരു ന്യൂനപക്ഷമായ റോമാകളുടെ തുടക്കം കിഴക്കൻ യൂറോപ്പിലും തെക്കുകിഴക്കൻ യൂറോപ്പിലും ആണ്.
b ഓൺലൈൻ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്ന പ്രകാരം റോമനി ഭാഷയിൽ “60-ഓ അതിലധികമോ വ്യത്യസ്തതരം പ്രാദേശിക ഭാഷകളുണ്ട്.” ഏളുപ്പത്തിനായി ഈ ലേഖനത്തിൽ, ജർമനിയിൽ താമസിക്കുന്ന സിന്തി, റോമാ ആളുകൾ സംസാരിക്കുന്ന ഭാഷയെ കുറിക്കാൻ “റോമനി” എന്ന വാക്ക് ഉപയോഗിക്കുന്നു.