JW.ORG വെബ്സൈറ്റ് മുഴുഭൂമിയിലും പ്രചരിക്കുന്നു
jw.org എന്ന വെബ്സൈറ്റിന്റെ പ്രചാരണാർഥം യഹോവയുടെ സാക്ഷികൾ 2014 ആഗസ്റ്റിൽ ലോകവ്യാപകമായി ഒരു ലഘുലേഖ വിതരണം ചെയ്തു. അതിന്റെ ഫലമായി, ആ മാസത്തിൽത്തന്നെ വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം 20 ശതമാനം വർധിച്ച് 6,50,00,000-ത്തിനോട് അടുത്ത് എത്തിച്ചേർന്നു. ലോകവ്യാപകമായി 10,000-ത്തോളം ആളുകൾ സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷകൾ ഈ വെബ്സൈറ്റിലൂടെ നൽകി. അത് അതിനു മുമ്പുള്ള മാസത്തെ അപേക്ഷിച്ച് 67 ശതമാനത്തിന്റെ വർധനവായിരുന്നു! എല്ലാ ആളുകൾക്കും ഈ പ്രചാരണ പരിപാടി ഒരു വലിയ സഹായമായിരുന്നു.
ജീവിതത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുന്നു
കനഡയിൽനിന്നുള്ള ഒരു സാക്ഷി, മാഡ്ലിൻ എന്ന വ്യക്തിക്ക് ലിഫ്റ്റിൽവെച്ച് ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖ നൽകി. കഴിഞ്ഞ ദിവസം രാത്രി ബാൽക്കണിയിൽവെച്ച് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കണമേ എന്ന് താൻ ദൈവത്തോട് ആത്മാർഥതയോടെ പ്രാർഥിച്ചതായി മാഡ്ലിൻ പറഞ്ഞു. ഇതിനു മുമ്പ് ഒരു ബൈബിൾ പഠനത്തിനായി അനേകം പള്ളികളെ സമീപിച്ചിരുന്നെങ്കിലും ആരും അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ, പെട്ടെന്നുതന്നെ അവൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.
ബൈബിൾ കണ്ടിട്ടില്ലാത്തവരെ സഹായിക്കുന്നു
ഫിലിപ്പീൻസിൽവെച്ച്, റൊവീന എന്ന സാക്ഷി ഹോട്ടലിന്റെ മുമ്പിൽ നിൽക്കുകയായിരുന്ന ഒരു ചൈനാക്കാരനോട് സാക്ഷീകരിച്ചു. അദ്ദേഹത്തിന് ലഘുലേഖ കൊടുത്തശേഷം ഒരു സൗജന്യ ബൈബിളധ്യയനത്തിലൂടെ ആളുകളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ താത്പര്യമുള്ളവരാണെന്ന് അവൾ പറഞ്ഞു.
താൻ ഇതിനുമുമ്പ് ഒരു ബൈബിൾ കണ്ടിട്ടുപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനെത്തുടർന്നുണ്ടായ സംഭാഷണം യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതിനുശേഷം ബൈബിളിനെപ്പറ്റി കൂടുതൽ അറിയാൻ താൻ ആഗ്രഹിക്കുന്നെന്നും അത് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബധിരരെ സഹായിക്കുന്നു
സ്പെയിനിലെ ബധിരസാക്ഷിയായ ഗെയർമോ, സഹപാഠിയായിരുന്ന ഹോർഹെയെ കണ്ടുമുട്ടി, അദ്ദേഹവും ബധിരനായിരുന്നു. തന്റെ അമ്മ ഈയടുത്താണ് മരിച്ചുപോയതെന്നും അതിനെക്കുറിച്ച് തനിക്ക് പല ചോദ്യങ്ങളും സംശയങ്ങളും ഉണ്ടെന്നും ഹോർഹെ പറഞ്ഞു. ഗെയർമോ വെബ്സൈറ്റിനെക്കുറിച്ചുള്ള ലഘുലേഖ അവനു നൽകുകയും പല ചോദ്യങ്ങൾക്കുള്ള ഉത്തരം jw.org എന്ന വെബ്സൈറ്റിൽനിന്ന് ആംഗ്യഭാഷയിൽ എങ്ങനെ കണ്ടെത്താം എന്ന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ, ഗെയർമോ തന്റെ സഹപാഠിയെ രാജ്യഹാളിലെ മീറ്റിങ്ങിനായി ക്ഷണിച്ചു. അവൻ മീറ്റിങ്ങിനു വന്നു, അന്നുമുതൽ ഒരു യോഗംപോലും അവൻ മുടക്കിയിട്ടില്ല, തന്റെ വീടും രാജ്യഹാളും തമ്മിൽ 60 കിലോമീറ്റർ ദൂരം ഉണ്ടെങ്കിൽപ്പോലും.
ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവരെ സഹായിക്കുന്നു
ഗ്രീൻലാൻഡിലെ രണ്ടു ദമ്പതികൾ വളരെ പണം ചെലവാക്കി ആറ് മണിക്കൂറുകളോളം ബോട്ടിൽ യാത്ര ചെയ്ത്, 280-ഓളം കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന ഒരു സ്ഥലത്തെത്തി. അവർ അവിടെ ഗ്രീൻലൻഡിക് ഭാഷയിൽ പ്രസംഗിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും jw.org എന്ന വെബ്സൈറ്റിൽനിന്ന് വീഡിയോ കാണിക്കുകയും ചെയ്തു. അവിടെയുള്ള ഒരു ദമ്പതികളുമായി ബൈബിളധ്യയനവും ആരംഭിച്ചു. അവർ ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം ടെലിഫോണിലൂടെ ബൈബിൾപഠനം തുടരുന്നു.
അത്തരം ശ്രമങ്ങൾ വടക്കേ അറ്റത്തുള്ള പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. നിക്കരാഗ്വയിലെ സാക്ഷികൾ കരീബിയൻ വനത്തിലുള്ള മയോങ്നോ സംസാരിക്കുന്ന ആളുകൾക്ക് ലഘുലേഖകൾ വിതരണം ചെയ്യാനുള്ള ക്രമീകരണം ചെയ്തു. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ഒരു തല്ലിപ്പൊളി ബസ്സിൽ 20 മണിക്കൂറോളം യാത്ര ചെയ്തതിനു ശേഷം ചെളിനിറഞ്ഞ വഴിയിലൂടെ 11 മണിക്കൂർ നടന്നാണ് അവർക്ക് കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന പ്രദേശത്ത് എത്താനായത്. അവിടെ അവർ മയോങ്നോ ഭാഷയിലുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും വീഡിയോകൾ കാണിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്നവരുടെ സന്തോഷത്തിനും അതിശയത്തിനും അതിരില്ലായിരുന്നു.
ബ്രസീലിലുള്ള ആമസോൺ മഴക്കാടുകളിലെ ഒരു ചെറിയ പട്ടണത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വ്യക്തിക്ക് എസ്റ്റിലാ എന്ന സാക്ഷി ഒരു ലഘുലേഖ നൽകി. അദ്ദേഹം അത് സ്വീകരിച്ചെങ്കിലും വായിക്കാതെ പോക്കറ്റിൽ ഇട്ടു. എന്നാൽ അദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിക്ക് തന്റെ ബോട്ടിന്റെ എൻജിൻ കേടാകുകയും നദിയിൽ കുടുങ്ങിപ്പോകുകയും ചെയ്തു. ബോട്ട് നന്നാക്കുന്ന ആളുകൾ വരുന്നതിനായി കാത്തിരിക്കുന്ന സമയത്ത് അദ്ദേഹം ആ ലഘുലേഖ വായിച്ചു. കൈയിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച് jw.org സന്ദർശിക്കുകയും അതിലെ പല ലേഖനങ്ങൾ വായിക്കുകയും ചില വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹം എസ്റ്റിലായുടെ ഭർത്താവിനെ കാണുകയും ആ ലഘുലേഖ തന്നതിന് എസ്റ്റിലായോട് നന്ദി പറയണമെന്ന് പറയുകയും ചെയ്തു. “ഈ വെബ്സൈറ്റിലെ ലേഖനങ്ങൾ വായിച്ചിരുന്നതുകൊണ്ട് ബോട്ട് നന്നാക്കുന്ന ആളുകൾ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ എനിക്ക് സാധിച്ചു. മാത്രമല്ല, എന്റെ കുട്ടികൾക്ക് ഡേവിഡിന്റെ വീഡിയോ വളരെ ഇഷ്ടമായി. ഞാൻ തുടർന്നും jw.org സന്ദർശിക്കും” എന്ന് അദ്ദേഹം പറഞ്ഞു.