ലേഖനത്തിനു പകിട്ടേകുന്ന ചിത്രങ്ങൾ തയാറാക്കുന്നു
നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കു മോടി കൂട്ടുന്നതും അതിന്റെ എഴുത്തുകൾക്കു നിറം പകരുന്നതും ആയ ചിത്രങ്ങൾ ചിത്രകാരന്മാർ എടുക്കുന്നത് എങ്ങനെയാണ്? അതിൽ ഉൾപ്പെട്ടിരിക്കുന്ന പടികളെക്കുറിച്ച് മനസ്സിലാക്കാൻ 2015 ഒക്ടോബർ ലക്കം ഉണരുക!-യുടെ പുറംപേജ് രൂപകല്പന ചെയ്തതും അതിലെ ചിത്രം തയാറാക്കിയതും എങ്ങനെയെന്നു നോക്കാം. a
രൂപരേഖ. “പണമാണോ നിങ്ങൾക്ക് എല്ലാം?” എന്ന ആ ലേഖനം വായിച്ചശേഷം ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലെ കലാവിഭാഗത്തിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ അതിനു ചേർന്ന ചിത്രങ്ങൾ വരയ്ക്കും. അവർ ആ ചിത്രങ്ങൾ ഭരണസംഘത്തിന്റെ റൈറ്റിങ് കമ്മിറ്റിയെ കാണിച്ചുകൊടുക്കും. ഏതു രീതിയിലുള്ള ചിത്രങ്ങളാണ് ക്യാമറയിൽ പകർത്തേണ്ടതെന്ന് അവർ നിർദേശിക്കും.
ചിത്രം എടുക്കുന്ന സ്ഥലം. ഇതിന്റെ മുഖചിത്രം ശരിക്കുള്ള ഒരു ബാങ്കിൽ ചെന്ന് ചിത്രീകരിക്കുന്നതിനു പകരം വാച്ച്ടവർ വിദ്യാഭ്യാസകേന്ദ്രത്തിൽ ഒരു ബാങ്കിന്റെ മാതൃക താത്കാലികമായി നിർമിച്ചു. തുടർന്ന് അതിന്റെ ചിത്രം ക്യാമറയിൽ പകർത്തി. b
അഭിനേതാക്കൾ. ഒരു ബാങ്കിലെ യഥാർഥ ഇടപാടുകാരാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ആളുകളെ യഹോവയുടെ സാക്ഷികൾക്കിടയിൽനിന്നുതന്നെ തിരഞ്ഞെടുക്കുന്നു. ഒരേ ആളുടെ ചിത്രങ്ങൾ കൂടെക്കൂടെ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വരാതിരിക്കാൻ അഭിനയിക്കുന്നവരുടെ രേഖ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
സാധനസാമഗ്രികൾ. ഐക്യനാടുകളുടെ പുറത്തുള്ള ഒരു ബാങ്കാണെന്നു തോന്നിപ്പിക്കുന്നതിനായി കലാവിഭാഗത്തിൽ പ്രവർത്തിക്കുന്ന സഹോദരങ്ങൾ വിദേശകറൻസികൾ മുന്നമേ കരുതിയിരുന്നു. ചിത്രങ്ങൾ കഴിയുന്നത്ര കൃത്യതയുള്ളതും ആധികാരികതയുള്ളതും ആക്കാൻവേണ്ടി അതിനു യോജിച്ച സാധനസാമഗ്രികളാണ് ചിത്രീകരണസംഘം ഉപയോഗിച്ചിരിക്കുന്നത്. “നിസ്സാരകാര്യങ്ങൾപോലും വളരെ ശ്രദ്ധിച്ചാണു ചിത്രീകരിച്ചത്” എന്നു ഫോട്ടോഗ്രാഫറായ ക്രെയ്ഗ് പറയുന്നു.
വസ്ത്രാലങ്കാരവും ചമയവും. ബാങ്കിലെ രംഗം ചിത്രീകരിക്കാൻ അഭിനേതാക്കൾ സ്വന്തം വസ്ത്രമാണ് ഉപയോഗിച്ചത്. എന്നാൽ ചരിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളോ പ്രത്യേക യൂണിഫോം ധരിച്ച ആളുകളുടെ ഫോട്ടോയോ എടുക്കേണ്ടതുള്ളപ്പോൾ കലാവിഭാഗം അതെക്കുറിച്ച് ഗവേഷണം നടത്തുകയും ഉചിതമായ വസ്ത്രങ്ങൾ നിർമിക്കുകയും ചെയ്യും. ചമയാലങ്കാരത്തിന് മേൽനോട്ടമുള്ള കലാകാരന്മാർ കാലത്തിനും സാഹചര്യത്തിനും സംഭവങ്ങൾക്കും ചേർന്ന വിധത്തിലായിരിക്കും ചമയങ്ങൾ ഒരുക്കുന്നത്. “ഇന്ന് എടുക്കുന്ന ഫോട്ടോകൾ വളരെ കൃത്യതയുള്ളതും മിഴിവുറ്റതും ആയിരിക്കുന്നതുകൊണ്ട് ചിത്രം പകർത്തുമ്പോൾ എന്നത്തെക്കാളും അധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കാരണം ഒരു ചെറിയ പിഴവുപോലും ചിത്രത്തെ അപ്പാടെ നശിപ്പിക്കും” എന്നു ക്രെയ്ഗ് പറയുന്നു.
ഫോട്ടോ സെഷൻ. ബാങ്കിലെ ചിത്രം പകൽ സമയത്തെ വെളിച്ചത്തിലാണ് എടുത്തതെന്ന് ഫോട്ടോഗ്രാഫർമാർ ഉറപ്പുവരുത്തി. ഓരോ ഫോട്ടോ എടുക്കുന്നതിനു മുമ്പും മതിയായ വെളിച്ചമാണുള്ളതെന്ന് പരിശോധിക്കും. അതായത് സൂര്യപ്രകാശമാണോ നിലാവെളിച്ചമാണോ കൃത്രിമവെളിച്ചമാണോ വേണ്ടത് എന്ന് തീരുമാനിക്കും. എന്നിട്ട് അത് ആ രംഗത്തിനും അതിലെ വികാരത്തിനും ചേരുന്നതാണോ എന്നു നോക്കും. “വീഡിയോയിൽനിന്ന് വ്യത്യസ്തമായി വികാരം വ്യക്തമാക്കാൻ ഒരൊറ്റ ചിത്രം മാത്രമേ ഉള്ളൂ. അതുകൊണ്ട് ഏതു തരം വെളിച്ചമാണ് എന്നതു വളരെ പ്രധാനമാണ്” എന്നു ക്രെയ്ഗ് പറയുന്നു.
എഡിറ്റിങ്. ഫോട്ടോ എഡിറ്റു ചെയ്തവർ അതിലെ കറൻസിനോട്ടുകൾ അത്ര വ്യക്തമല്ലാത്ത വിധത്തിലാണു കാണിച്ചിരിക്കുന്നത്. വായനക്കാരുടെ ശ്രദ്ധ പണത്തിലേക്കു പോകുന്നതിനു പകരം ആളുകളിലേക്കു തിരിക്കാൻവേണ്ടിയാണ് അങ്ങനെ ചെയ്തത്. വാതിലുകളുടെയും ജനൽപ്പടികളുടെയും നിറം ശരിക്കും ചുമപ്പായിരുന്നെങ്കിലും, ലക്കത്തിന്റെ മൊത്തം ആശയവുമായി ചേർന്നുപോകാൻ അവയ്ക്കു പച്ച നിറം കൊടുത്തു.
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾക്കുവേണ്ടി പാറ്റേർസണിൽവെച്ച് ഫോട്ടോ എടുക്കുന്നതു കൂടാതെ ഓസ്ട്രേലിയ, ബ്രസീൽ, കനഡ, ജർമനി, ജപ്പാൻ, കൊറിയ, മലാവി, മെക്സിക്കോ, സൗത്ത് ആഫ്രിക്ക എന്നിങ്ങനെ ലോകമെമ്പാടുമുള്ള ബ്രാഞ്ചോഫീസുകളിലെ ഫോട്ടോഗ്രാഫർമാരോടും ഫോട്ടോകൾ അയച്ചുതരാൻ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന 2,500-ഓളം ഫോട്ടോകളാണ് പാറ്റേർസണിലെ കലാവിഭാഗം ഓരോ മാസവും ശേഖരിച്ചുവെക്കുന്നത്. ഇവയിൽ പലതുംവീക്ഷാഗോപുരത്തിലും ഉണരുക!-യിലും പ്രസിദ്ധീകരിക്കാറുണ്ട്. 2015-ൽ മാത്രം ഈ മാസികകളുടെ 1,15,00,000 കോപ്പികൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ന്യൂയോർക്കിലെ പാറ്റേർസണിലെ ബ്രാഞ്ചോഫീസോ മറ്റു ബ്രാഞ്ചോഫീസുകളോ സന്ദർശിക്കാൻ നിങ്ങളെ ഹാർദമായി സ്വാഗതം ചെയ്യുന്നു.
a ഒരു മുഖചിത്രത്തിനുവേണ്ടി പല ചിത്രങ്ങൾ എടുക്കാറുണ്ട്. അവയിൽ പലതും പിന്നീട് ഉപയോഗിച്ചേക്കാം. ആ ലക്കത്തിൽ പ്രസിദ്ധീകരിക്കാത്ത മറ്റു ചിത്രങ്ങൾ ലൈബ്രറിയിൽ സൂക്ഷിച്ചുവെച്ചിട്ട് പിന്നീട് മറ്റു പല പ്രസിദ്ധീകരണങ്ങളിൾ കൊടുക്കാറുണ്ട്.
b ചില ചിത്രങ്ങൾ ഏതെങ്കിലും നഗരവീഥിയിൽവെച്ചാണ് എടുക്കേണ്ടതെങ്കിൽ, അതിൽ എത്ര അംഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, ഏതെല്ലാം വിധത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു, വെളിച്ചത്തിനുവേണ്ടി ഏതു സംവിധാനമാണ് പ്രവർത്തിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്ഥലത്തെ അധികാരികളിൽനിന്ന് കലാവിഭാഗത്തിലെ സഹോദരങ്ങൾ അനുവാദം മേടിക്കും.