‘സിനിമയെയും കടത്തിവെട്ടുന്നത്!’
ഓരോ വർഷവും കൺവെൻഷനുകളിൽ കാണിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ അനേകം വീഡിയോകൾ പുറത്തിറക്കുന്നു. മിക്ക വീഡിയോകളും ചിത്രീകരിക്കുന്നത് ഇംഗ്ലീഷിലാണ്. എന്നാൽ മറ്റു നൂറുകണക്കിനു ഭാഷകളിൽ നടത്തപ്പെടുന്ന കൺവെൻഷനുകളിൽ പങ്കെടുക്കുന്ന ആളുകൾക്ക് എങ്ങനെയാണ് ഈ വീഡിയോകൾ മനസ്സിലാകുന്നത്? അവയിൽ മിക്ക ഭാഷകളിലേക്കും വീഡിയോ ഡബ്ബ് ചെയ്യും. അതായത് പ്രാദേശികഭാഷയിലുള്ള സംഭാഷണം അടങ്ങിയ ശബ്ദരേഖ വീഡിയോയുമായി സംയോജിപ്പിക്കും. ഡബ്ബ് ചെയ്ത ഈ വീഡിയോകളെക്കുറിച്ച് കൺവെൻഷനുകളിൽ വരുന്നവരുടെ അഭിപ്രായം എന്താണ്?
അഭിപ്രായങ്ങൾ
മെക്സിക്കോയിലെയും മധ്യ അമേരിക്കയിലെയും കൺവെൻഷനുകളിൽ പങ്കെടുത്ത യഹോവയുടെ സാക്ഷികളല്ലാത്ത ചിലർ പറഞ്ഞത് ഇങ്ങനെയാണ്:
“വീഡിയോ എനിക്കു മനസ്സിലായെന്നു മാത്രമല്ല, ഞാൻ അതിൽ മുഴുകിയിരുന്നു. അതു നേരിട്ട് എന്റെ ഹൃദയത്തിലെത്തി.”—മെക്സിക്കോയിലെ വെരാക്രൂസിൽ പൊപ്പൊലുകാ ഭാഷയിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത വ്യക്തി.
“ഞാൻ എന്റെ നാട്ടിലിരുന്ന് എന്റെ അടുത്ത കൂട്ടുകാരനുമായി സംസാരിക്കുന്നതുപോലെ തോന്നി. ഇത് സിനിമയെയും കടത്തിവെട്ടുന്നതായിരുന്നു. കാരണം, എനിക്ക് എല്ലാംതന്നെ മനസ്സിലായി.”—മെക്സിക്കോയിലെ ന്യൂഎവോ ലിയോണിൽ നഹ്വാറ്റെൽ ഭാഷയിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത വ്യക്തി.
“എന്റെ ഭാഷയിൽ വീഡിയോകൾ കണ്ടപ്പോൾ അതിലെ കഥാപാത്രങ്ങൾ എന്നോടു സംസാരിക്കുന്നതുപോലെ എനിക്കു തോന്നി.”—മെക്സിക്കോയിലെ തബാസ്കോയിൽ ചോൾ ഭാഷയിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത വ്യക്തി.
“ആളുകളെ അവരുടെ സ്വന്തം ഭാഷയിൽത്തന്നെ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുന്ന ഒരു സംഘടനയാണിത്. ഇതുപോലെ മറ്റൊരു സംഘടനയുമില്ല.”—ഗ്വാട്ടിമാലയിലെ സൊലോലയിൽ കാക്ചിക്വൽ ഭാഷയിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത വ്യക്തി.
പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരെയോ ശബ്ദം കൊടുക്കുന്നവരെയോ യഹോവയുടെ സാക്ഷികൾ പുറത്തുനിന്ന് കൊണ്ടുവരാറില്ല. കൂടാതെ, മിക്കപ്പോഴും റെക്കോർഡിങ് നടക്കുന്നത് ഉൾപ്രദേശങ്ങളിലോ പരിമിതമായ സൗകര്യങ്ങളുള്ള സ്ഥലങ്ങളിലോ ആണ്. പിന്നെ എങ്ങനെയാണു ഗുണനിലവാരമുള്ള വീഡിയോകൾ പുറത്തിറക്കാൻ കഴിയുന്നത്?
“ഏറ്റവും സംതൃപ്തി തരുന്ന ജോലി”
2016-ലെ കൺവെൻഷൻ വീഡിയോകൾ സ്പാനിഷിലേക്കും മറ്റു 38 പ്രാദേശികഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്നതിനു മധ്യ അമേരിക്കയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ് മേൽനോട്ടം വഹിച്ചു. ഏതാണ്ട് 2,500 സന്നദ്ധസേവകരുടെ ശ്രമംകൊണ്ടാണ് ഡബ്ബിങ്ങുകളെല്ലാം പൂർത്തിയായത്. ബ്രാഞ്ചോഫീസിലോ പരിഭാഷാകേന്ദ്രങ്ങളിലോ മറ്റു താത്കാലിക സ്റ്റുഡിയോകളിലോ വെച്ച് ടെക്നീഷ്യന്മാരും പ്രാദേശിക പരിഭാഷാവിഭാഗത്തിലുള്ളവരും പ്രാദേശികഭാഷയിലുള്ള സംഭാഷണം റെക്കോർഡ് ചെയ്തു. ബെലീസ്, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ, പാനമ എന്നിവിടങ്ങളിലായി മൊത്തം 20-ലധികം സ്ഥലങ്ങളിൽ വെച്ചാണ് റെക്കോർഡിങ് പൂർത്തിയാക്കിയത്.
താത്കാലിക സ്റ്റുഡിയോകൾ നിർമിക്കുന്നതിനു നല്ല ശ്രമവും സാമർഥ്യവും വേണ്ടിയിരുന്നു. റെക്കോർഡിങ്ങിന്റെ സമയത്തു മറ്റു ശബ്ദങ്ങൾ കടക്കാത്ത വിധത്തിൽ സ്റ്റുഡിയോ സജ്ജീകരിക്കുന്നതിനായി അവിടെ ലഭ്യമായിരുന്ന പുതപ്പും മെത്തയും ഒക്കെ ഉപയോഗിച്ചു.
പ്രാദേശികഭാഷയിൽ ശബ്ദം കൊടുക്കാൻ വന്ന മിക്കവരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയിലല്ലായിരുന്നു. റെക്കോർഡിങ് സ്റ്റുഡിയോകളിൽ എത്തുന്നതിനുവേണ്ടി അവർ വളരെ ത്യാഗങ്ങൾ ചെയ്തു. ചിലർക്കു 14 മണിക്കൂർ യാത്ര ചെയ്യേണ്ടിവന്നു. ഏകദേശം എട്ടു മണിക്കൂർ നടന്നാണ് ഒരു അച്ഛനും മകനും ഒരു സ്റ്റുഡിയോയിൽ എത്തിച്ചേർന്നത്!
കുട്ടിക്കാലത്ത് താത്കാലിക സ്റ്റുഡിയോകൾ നിർമിക്കുന്നതിന് നവോമി വീട്ടുകാരെ സഹായിച്ചിരുന്നു. നവോമി പറയുന്നു: “റെക്കോർഡിങ് നടക്കുന്ന സമയങ്ങൾക്കായി ഞങ്ങൾ എപ്പോഴും കാത്തിരിക്കും. എല്ലാം ശരിയായ വിധത്തിൽ സംഘടിപ്പിക്കാൻ എന്റെ അച്ഛൻ കഠിനമായി അധ്വാനിച്ചു, അമ്മ ഭക്ഷണമുണ്ടാക്കുന്ന കാര്യത്തിലും. 30-ഓളം പേര് കാണുമായിരുന്നു ഓരോ പ്രാവശ്യവും.” നവോമി ഇപ്പോൾ മെക്സിക്കോയിലെ ഒരു പരിഭാഷാകേന്ദ്രത്തിൽ സേവിക്കുന്നു. നവോമി പറയുന്നു: “ആളുകൾക്ക് അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾസന്ദേശം കേൾക്കാനാകുന്നു. അതിനുവേണ്ടി സമയം ചെലവഴിക്കാൻ കഴിയുന്നതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഇതാണ് ഏറ്റവും സംതൃപ്തി തരുന്ന ജോലി.”
ലോകത്തിന്റെ പല ഭാഗങ്ങളിൽ നടത്തുന്ന യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ‘കൺവെൻഷനുകൾ’ എന്ന പേജ് കാണുക.