സ്പാനിഷ് പരിഭാഷാക്കൂട്ടം സ്പെയിനിലേക്ക്
ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും എന്ന് യേശു പറഞ്ഞു. (മത്തായി 24:14) സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ മാതൃഭാഷയിൽ സുവാർത്ത കേൾക്കുന്നതിന് യഹോവയുടെ സാക്ഷികൾ 1909 മുതൽ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചുവരുന്നു. മാതൃഭാഷയായി ചൈനീസ് സംസാരിക്കുന്നവരാണ് ലോകത്തിൽ ഏറ്റവും കൂടുതലുള്ളത്. രണ്ടാം സ്ഥാനം സ്പാനിഷ് ഭാഷയ്‌ക്കാണ്. ലോകമെമ്പാടുമായി സ്പാനിഷ് സംസാരിക്കുന്നവർ ഏതാണ്ട് 50 കോടിയോളമുണ്ട്.
“സ്പാനിഷ് ഒരു അന്താരാഷ്ട്രഭാഷയാണ്. വ്യത്യസ്ത സംസ്കാരങ്ങളുള്ള നിരവധി രാജ്യങ്ങളിൽ സ്പാനിഷ് ഭാഷ സംസാരിക്കുന്നുണ്ട്. അതുകൊണ്ട്, വ്യത്യസ്ത പശ്ചാത്തലങ്ങളും വിദ്യാഭ്യാസനിലവാരങ്ങളും ജീവിതരീതികളും ഉള്ള ആളുകളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന വിധത്തിൽ പരിഭാഷപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” എന്ന് സ്പാനിഷ് പരിഭാഷാസംഘത്തിലെ ഒരംഗമായ വില്യം പറയുന്നു. ഇത്ര വലിയ ഒരു സദസ്സിനെ തൃപ്തിപ്പെടുത്താനായി അർജന്റീന, എൽ സാൽവഡോർ, ഐക്യനാടുകൾ, കൊളംബിയ, ഗ്വാട്ടിമാല, പോർട്ടോ റീക്കോ, മെക്സിക്കോ, യുറുഗ്വേ, വെനസ്വേല, സ്‌പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള സഹോദരങ്ങളെയാണ് പരിഭാഷയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദശാബ്ദങ്ങളായി, അർജന്റീന, മെക്സിക്കോ, സ്‌പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള സഹോദരങ്ങളുടെ സഹായത്തോടെ ഐക്യനാടുകളിൽ വെച്ചാണ് സ്പാനിഷിലേക്കുള്ള പരിഭാഷ നിർവഹിച്ചിരുന്നത്. 1993-ഓടെ സ്പാനിഷ് പരിഭാഷാസംഘം പോർട്ടോ റീക്കോയിലേക്ക് മാറി. എല്ലാ പരിഭാഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.
എന്നാൽ, മാർച്ച് 2012 ആയപ്പോഴേക്കും, സ്പാനിഷ് പരിഭാഷാസംഘത്തെ അവിടെനിന്നും വീണ്ടും പറിച്ചുനടുക എന്നൊരു തീരുമാനമുണ്ടായി. അത് ഇത്തവണ യഹോവയുടെ സാക്ഷികളുടെ സ്പെയിനിലുള്ള ബ്രാഞ്ചോഫീസിലേക്കായിരുന്നു. അതിനെക്കുറിച്ച് എഡ്വാഡ് ഇങ്ങനെ പറയുന്നു:“ഞങ്ങൾക്ക് ആളുകൾ, വസ്‌തുക്കൾ, സാധനസാമഗ്രികൾ എന്നിവ കൂടാതെ മറ്റൊരു പ്രധാന ‘വ്യക്തിയെയും’ കൂടെ കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. പരിഭാഷയ്ക്കായി ഉപയോഗിച്ചിരുന്ന ലൈബ്രറിയായിരുന്നു അത്.” അതിൽ 2,500-ഓളം പരാമർശഗ്രന്ഥങ്ങളും സ്പാനിഷ് ഭാഷയിലെ നൂറുകണക്കിനുള്ള ബൈബിളിന്റെ പരിഭാഷകളും ഉണ്ടായിരുന്നു.
അങ്ങനെ, 2013 മെയ് 23-ാം തീയതി സ്പാനിഷ് പരിഭാഷാസംഘം അവരുടെ പുതിയ സങ്കേതത്തിൽ എത്തിച്ചേർന്നു. അവിടെയുള്ള സ്പാനിഷ് ബെഥേൽകുടുംബം അവർക്ക് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. സഹോദരങ്ങളുടെ നല്ല ആസൂത്രണവും കഠിനാധ്വാനവും നിമിത്തം പരിഭാഷകരെയും അവർ ഉപയോഗിച്ചിരുന്ന പരാമർശഗ്രന്ഥങ്ങളെയും സാധനസാമഗ്രികളെയും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സുരക്ഷിതമായി അക്കരെ എത്തിക്കാൻ കഴിഞ്ഞു. ഇത്രയെല്ലാം കാര്യങ്ങൾ അണിയറയിൽ സംഭവിക്കുന്നുണ്ടായിരുന്നെങ്കിലും സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിക്കൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങൾക്ക് യാതൊരു തടസ്സവും നേരിട്ടില്ല. “കാരണം രാജ്യസുവാർത്ത എല്ലായിടത്തും എത്തിക്കുക എന്നതാണല്ലോ ഏറ്റവും പ്രധാനപ്പെട്ട സംഗതി! അത്, സ്പാനിഷ് ഭാഷ സംസാരിക്കുന്ന ആളുകളുടെ അടുക്കൽ പരമാവധി എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് എഡ്വാഡ് പറഞ്ഞു.