ആയിരങ്ങൾ മധ്യ അമേരിക്കൻ ബ്രാഞ്ചോഫീസ് സന്ദർശിക്കുന്നു
2015-ൽ യഹോവയുടെ സാക്ഷികളുടെ മധ്യ അമേരിക്കൻ ബ്രാഞ്ചോഫീസ് സന്ദർശിക്കാൻ 1,75,000-ത്തിനടുത്ത് ആളുകൾ വരുകയുണ്ടായി. ഓരോ പ്രവൃത്തി ദിവസവും ശരാശരി 670 പേർ. മിക്ക സന്ദർശകരും വലിയ കൂട്ടങ്ങളായിട്ടാണ് വന്നത്. ബുക്ക് ചെയ്ത ബസ്സുകളിൽ ദിവസങ്ങളോളം യാത്ര ചെയ്താണ് അവർ അവിടെ എത്തിയത്. ഇനി ചിലരാകട്ടെ മാസങ്ങൾക്കു മുമ്പുതന്നെ ഇതിനായി ഒരുങ്ങിയിരുന്നവരാണ്.
“ബഥേൽ സന്ദർശനപദ്ധതി”
ബഥേൽ എന്നറിയപ്പെടുന്ന ബ്രാഞ്ചോഫീസ് സന്ദർശിക്കാൻ ചിലർക്ക് ത്യാഗങ്ങൾ ചെയ്യേണ്ടി വന്നു. ഉദാഹരണത്തിന് വെരാക്രൂസ് എന്ന മെക്സിക്കൻ സംസ്ഥാനത്തിലെ ഒരു സഭയിലെ മിക്ക അംഗങ്ങൾക്കും 550 കിലോമീറ്ററോളം വരുന്ന ബസ് യാത്രയ്ക്കുള്ള പണമില്ലായിരുന്നു. അതുകൊണ്ട് “ബഥേൽ സന്ദർശനപദ്ധതി” എന്ന ഒരു പദ്ധതിക്ക് അവർ രൂപംകൊടുത്തു. ഓരോ കൂട്ടങ്ങളായി ഭക്ഷണം പാകം ചെയ്തു വിൽക്കാൻ അവർ പരിപാടിയിട്ടു. പ്ലാസ്റ്റിക്ക് കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാക്കുന്ന ജോലിയും അവർ തുടങ്ങി. അങ്ങനെ മൂന്നു മാസത്തിനു ശേഷം ബഥേൽ യാത്രയ്ക്കുള്ള പണം അവർക്ക് സ്വരൂപിക്കാനായി.
ആ ത്യാഗങ്ങൾക്കുള്ള മൂല്യം ഉണ്ടായോ? ഉണ്ടായി എന്ന അവർ ഉറപ്പോടെ പറയുന്നു. ഉദാഹരണത്തിന്, ആ സഭയിലെ ഒരു ചെറുപ്പക്കാരനായ ലൂസിയോ എഴുതി: “ബഥേൽ സന്ദർശനം കൂടുതലായ ആത്മീയ ലക്ഷ്യങ്ങൾ വെക്കാൻ എന്നെ പ്രേരിപ്പിച്ചു. ഇപ്പോൾ ഞാൻ കൂടുതൽ സമയം സഭാകാര്യങ്ങളിൽ പ്രവർത്തിക്കുന്നു.” 18 വയസ്സുള്ള എലിസബെത്ത് പറയുന്നു: “ബഥേലിൽ യഹോവയെ സേവിക്കുന്നവരെ തിരിച്ചറിയിക്കുന്ന ആത്മാർഥ സ്നേഹം കാണാനും അനുഭവിച്ചറിയാനും എനിക്കു സാധിച്ചു. ദൈവത്തിനുവേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യണം എന്ന് എനിക്കു തോന്നി. അതുകൊണ്ട് ഞാൻ മുഴുസമയം ദൈവത്തെ സേവിക്കുന്ന ഒരു ശുശ്രൂഷകയായി.”
ആയിരങ്ങൾ സന്ദർശകരായി
ഒറ്റ ദിവസം ചിലപ്പോൾ ബഥേൽ സന്ദർശിക്കാനായി ആയിരങ്ങളാണ് വരുന്നത്. എല്ലാവരെയും വളരെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കാൻ ടൂർ ഡെസ്ക്കിലുള്ള സഹോദരങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. ലിസി എന്ന സഹോദരി പറയുന്നു: “ധാരാളം പേർ വരുന്നതുതന്നെ വലിയ സന്തോഷമാണ്. ബ്രാഞ്ച് സന്ദർശിക്കാൻ സഹോദരങ്ങൾ ചെയ്യുന്ന ത്യാഗങ്ങളും ഇവിടത്തെ പ്രവർത്തനങ്ങളോടുള്ള അവരുടെ വിലമതിപ്പും ഒക്കെ കേൾക്കുന്നതും കാണുന്നതും എന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നു.”
വരുന്ന ആയിരങ്ങളെ സ്വീകരിക്കാൻ ബഥേലിൽതന്നെ മറ്റു നിയമനങ്ങൾ ചെയ്യുന്ന സഹോദരങ്ങൾ ബഥേൽ ടൂർ നൽകുന്നു. അവരുടെ നിയമിത ജോലിക്കു പുറമേ അതിഥികളെ സ്വീകരിക്കുന്ന ഈ അധികജോലിയും ചെയ്യാൻ അവർക്കു സന്തോഷമേയുള്ളു. ജ്വാൻ പറയുന്നു: “ഒരു ടൂർ കൊടുത്തതിനു ശേഷം സന്ദർശകരുടെ മുഖത്ത് വിരിയുന്ന സന്തോഷം കാണുമ്പോൾ അത് ശ്രമത്തിനു തക്ക മൂല്യമുള്ളതാണെന്ന തിരിച്ചറിവ് എന്നെ സന്തോഷിപ്പിക്കുന്നു.”
“കുട്ടികൾക്ക് അതത്ര പിടിച്ചുപോയി”
ബഥേൽ സന്ദർശനം കുട്ടികളും ഒരു ആഘോഷമാക്കുന്നു. കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്റിൽ പ്രവർത്തിക്കുന്ന നോറിക്കോ പറയുന്നു: “ബഥേലിൽ സേവിക്കാൻ താത്പര്യമുണ്ടോ എന്ന് ബഥേലിൽ ടൂറിനു വരുന്ന കുട്ടികളോടു ചോദിച്ചാൽ അവരെല്ലാവരും പറയും ‘ഉവ്വ്’ എന്ന്. കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ‘ഡേവിഡ്സ് കോർണർ’. യഹോവയുടെ കൂട്ടുകാരാകാം എന്ന വീഡിയോ പരമ്പരയിലെ കാർട്ടൂൺ കഥാപാത്രങ്ങളായ ഡേവിഡിന്റെയും ടീനയുടെയും വലിയ ആകൃതിയിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന കട്ട് ഔട്ടുകളുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ അവർക്കു വലിയ ഇഷ്ടമാണ്. കുട്ടികൾക്ക് അതത്ര പിടിച്ചുപോയി.”
ബഥേലിൽ നടക്കുന്ന പ്രവർത്തനങ്ങൾ വളരെ വിലപ്പെട്ടതായി കാണുന്നു എന്ന് പല കുട്ടികളും പറഞ്ഞു. ഉദാഹരണത്തിന്, മെക്സിക്കോയിലുള്ള ഹെൻറി എന്ന കൊച്ചുകുട്ടി ബഥേലിലേക്കു സംഭാവന ചെയ്യാൻ കുടുക്കയിൽ കുറച്ചു പണം സ്വരൂപിച്ചു. സംഭാവനയോടൊപ്പമുള്ള ഒരു കുറിപ്പിൽ ആ കൊച്ചു മിടുക്കൻ ഇങ്ങനെ എഴുതി. “കൂടുതൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻ ഈ പണം ഉപയോഗിക്കൂ. യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിന് നന്ദി.”
നിങ്ങളും വരില്ലേ?
ലോകത്ത് എവിടെയും ഉള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസുകളും അച്ചടി സൗകര്യങ്ങളും സൗജന്യമായി സന്ദർശിക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ട്. അങ്ങനെയൊരു ബ്രാഞ്ചോഫീസ് സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങൾ നിങ്ങളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ആ സന്ദർശനം നിങ്ങൾ ഒരിക്കലും മറക്കില്ലെന്ന് ഞങ്ങൾക്കുറപ്പാണ്. ബഥേൽ ടൂറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി JW.ORG/ml സൈറ്റിൽ ഞങ്ങളെക്കുറിച്ച് > ഓഫീസുകൾ / സന്ദർശനം എന്ന ഭാഗത്ത് നോക്കുക.