എരിതീയെ വരുതിയിലാക്കി!
“അയ്യോ തീ! തീ! തീ!” ഭർത്താവിന്റെ വീട്ടിൽ രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സാൻഡ്ര വീടിന് അടുത്തുള്ള ഒരു ഷെഡ്ഡിന്റെ വാതിലിനടിയിലൂടെ തീ വരുന്നതു കണ്ടു. സാൻഡ്രയും ഭർത്താവ് തോമസും പെട്ടെന്നു പ്രവർത്തിച്ചു. എന്താണു സംഭവിച്ചതെന്ന് അറിയാൻ തോമസ് ഷെഡ്ഡിന് അടുത്തേക്ക് ഓടി. അപ്പോഴേക്കും സാൻഡ്ര അഗ്നിശമനോപകരണവുമായി പുറകെ എത്തി. സാൻഡ്ര തിടുക്കത്തിൽ തോമസിന് അഗ്നിശമനോപകരണം കൊടുത്തു. തോമസ് തീ കെടുത്തി. “ഞങ്ങൾ ചെന്നില്ലായിരുന്നെങ്കിൽ ആ ഷെഡ് മുഴുവൻ കത്തിനശിച്ചേനേ” എന്നു സാൻഡ്ര പറയുന്നു.
ഇങ്ങനെ ഒരു സാഹചര്യത്തിൽ പരിഭ്രാന്തരാകാതെ പെട്ടെന്നു പ്രവർത്തിക്കാൻ തോമസിനും സാൻഡ്രയ്ക്കും എങ്ങനെ കഴിഞ്ഞു? തീപിടിത്തമുണ്ടായാൽ എന്തു ചെയ്യണമെന്നുള്ളതിനു പരിശീലനം അവർക്കു ലഭിച്ചിരുന്നു. യഹോവയുടെ സാക്ഷികളുടെ ജർമനിയിലെ സെൽറ്റേഴ്സിലുള്ള ബ്രാഞ്ചോഫീസിൽ സേവിക്കുന്ന വേറെ 1000-ത്തോളം പേരോടൊപ്പമായിരുന്നു അവർക്ക് ആ പരിശീലനം കിട്ടിയത്.
സെൽറ്റേഴ്സിലെ 70 ഏക്കർ വരുന്ന ഈ സ്ഥലത്ത് ഓഫീസുകളും താമസസ്ഥലങ്ങളും മാത്രമല്ല, അലക്കുശാലയും അച്ചടിശാലയും മറ്റു പണിപ്പുരകളും ഉണ്ട്. അവിടെയെല്ലാം പല തരത്തിലുള്ള തീപിടിത്ത സാധ്യതയുണ്ട്. അതുകൊണ്ട് സുരക്ഷ-പരിസ്ഥിതി ഡിപ്പാർട്ടുമെന്റ് അഗ്നിസുരക്ഷയെക്കുറിച്ച് പഠിപ്പിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചു. ഒന്നാമതായി ചിലരെ തിരഞ്ഞെടുത്ത് (ഈ കൂട്ടത്തെ അടിയന്തിരനടപടി സംഘം എന്നു വിളിക്കുന്നു.) ആ പ്രദേശത്തെ അഗ്നിശമനസേനയോടൊപ്പം പ്രവർത്തിക്കാൻ അവസരം ഒരുക്കി. ഇതു കൂടാതെ, ബ്രാഞ്ചിൽ സേവിക്കുന്ന എല്ലാവരും പതിവായി:
കെട്ടിടത്തിൽനിന്ന് പെട്ടെന്നു പുറത്തുകടക്കാൻ പരിശീലിക്കുന്നു.
അഗ്നിസുരക്ഷക്ലാസ്സുകളിൽ പങ്കെടുക്കുന്നു.
ഒരു തീപിടിത്തമുണ്ടായാൽ ഉടൻ എങ്ങനെ കെടുത്താമെന്നു പഠിക്കുന്നു.
ഒരു അടിയന്തിരസാഹചര്യത്തെ നേരിടുന്നതിനുവേണ്ട കഴിവുകൾ ഇങ്ങനെ അവർ നേടുന്നു.
അഗ്നിശമനം—സുരക്ഷിതമായി
പരിശീലനത്തിന്റെ ഭാഗമായി സുരക്ഷിതമായി തീ അണയ്ക്കാൻ അവർ പഠിക്കുന്നു. പ്രാഥമികവിദ്യാലയത്തിൽ അഗ്നിസുരക്ഷയെക്കുറിച്ച് പഠിച്ചിട്ടുണ്ടായിരുന്ന ക്രിസ്റ്റീൻ ബ്രാഞ്ചിലെ പരിശീലനത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ പെട്ടെന്ന് അഗ്നിശമനോപകരണം എടുത്തു. അതിന്റെ ലോക്ക് മാറ്റി. കാറ്റിന്റെ അതേ ദിശയിൽ ഞാൻ തീയുടെ അടുത്തേക്കു നീങ്ങി. അല്ലെങ്കിൽ തീ എന്റെ മുഖത്തടിച്ചേനേ. എന്നിട്ടു ഞാൻ തീ കെടുത്തി. ഇതൊക്കെ ഞാൻ ഒറ്റയ്ക്കു ചെയ്തു! നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കൂട്ടത്തോടൊപ്പം തീ കെടുത്താനും ഞാൻ പഠിച്ചു.”
പരിശീലനം “തീയോടുള്ള പേടി കുറയ്ക്കുന്നു” എന്ന് അഗ്നിസുരക്ഷാ പരിശീലകനായി ബ്രാഞ്ചോഫീസിൽ സേവിക്കുന്ന ഡാനിയേൽ പറയുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “ഒരു തീപിടിത്തമുണ്ടാകുമ്പോൾ ആളുകൾ മിക്കപ്പോഴും എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കും. ‘ഇനി ഇപ്പോൾ എന്തു ചെയ്യും, അഗ്നിശമനോപകരണം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്’ എന്നൊക്കെ ചിന്തിച്ച് അവർ പരിഭ്രാന്തരാകും. പക്ഷേ, എന്താണു ചെയ്യേണ്ടതെന്ന് അറിയാമെങ്കിൽ ഒരു ചെറിയ തീ വലിയ തീപിടിത്തമാകാതെ നോക്കാൻ അവർക്കു പറ്റും.” പരിശീലനത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “അടിയന്തിരസാഹചര്യമുണ്ടാകുമ്പോൾ ശരിയായ വിധത്തിൽ അഗ്നിശമനോപകരണം എങ്ങനെ പിടിക്കണമെന്നും തീ എങ്ങനെ കെടുത്തണമെന്നും പങ്കെടുക്കുന്നവർ മനസ്സിലാക്കുന്നു. ആവശ്യം വരുമ്പോൾ ഉടനടി പ്രവർത്തിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും അവർക്കു ലഭിക്കുന്നു.”
പരിശീലനംകൊണ്ടുള്ള ഗുണങ്ങൾ
പലരും പരിശീലനത്തിനു നന്ദി പറഞ്ഞു. നേരത്തെ പറഞ്ഞ ക്രിസ്റ്റീൻ ഇങ്ങനെ പറയുന്നു: “ഞാൻ ആദ്യമായിട്ടാണ് ഒരു അഗ്നിശമനോപകരണം കൈയിലെടുക്കുന്നത്. എല്ലാവർക്കും ഇങ്ങനെ ഒരു പരിശീലനം കിട്ടിയാൽ നല്ലതായിരിക്കും.” ഇപ്പോൾ വിമാനത്താവളത്തിൽ ജോലിയുള്ള, ബ്രാഞ്ചോഫീസിൽ പാർട്ട് ടൈമായും പ്രവർത്തിക്കുന്ന നഡ്ജ പറയുന്നു: “കഴിഞ്ഞ പത്തു വർഷത്തിലധികമായി അഗ്നിസുരക്ഷയെക്കുറിച്ച് വായിച്ചും കേട്ടും ഉള്ള അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, ബ്രാഞ്ചോഫീസിൽനിന്ന് ലഭിച്ച പ്രായോഗികപരിശീലനം എന്റെ ആത്മവിശ്വാസം കൂട്ടി. ഒരു തീപിടിത്തമുണ്ടായാൽ എന്തു ചെയ്യണമെന്ന് എനിക്ക് ഇപ്പോൾ അറിയാം.”
തീപിടിത്തമുണ്ടായപ്പോൾ പെട്ടെന്നു പ്രവർത്തിക്കാൻ തന്നെ സഹായിച്ചത് ബ്രാഞ്ചോഫീസിൽനിന്ന് കിട്ടിയ പരിശീലനമാണെന്നു സാൻഡ്ര വിശ്വസിക്കുന്നു. സാൻഡ്ര പറയുന്നു: “ഒരു അഗ്നിശമനോപകരണം ഉപയോഗിക്കാൻ എനിക്ക് ഇപ്പോൾ അത്ര പേടിയില്ല. എല്ലാ വർഷവും ഇത്തരത്തിലൊരു പരിശീലനപരിപാടിയുണ്ടെങ്കിൽ നല്ലതായിരിക്കും. ആ പരിശീലനംകൊണ്ട് എനിക്ക് ഒരുപാട് പ്രയോജനമുണ്ടായി.”
പ്രാദേശിക അഗ്നിശമനസേനയോടൊപ്പമുള്ള പരിശീലനം
ആ പ്രദേശത്തെ അഗ്നിശമനസേന ബ്രാഞ്ചോഫീസിന്റെ പരിസരത്തു പതിവായി പരിശീലനപരിപാടികൾ നടത്തി. അതിന്റെ കാരണത്തെക്കുറിച്ച് അഗ്നിശമനസേനയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ തിയോ നെക്കമാൻ പറയുന്നു: “ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിനാണ് സെൽറ്റേഴ്സ് മുൻസിപ്പാലിറ്റിയുടെ ഉത്തരവാദിത്വം. വീടുകളിലെയും ഫ്ളാറ്റുകളിലെയും തീപിടിത്തമാണ് ഞങ്ങൾ സാധാരണ കൈകാര്യം ചെയ്യുന്നത്. എന്നാൽ ബ്രാഞ്ചോഫീസ് അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. വിസ്തൃതമായ സ്ഥലം, വലിയ കെട്ടിടങ്ങൾ, വ്യവസായ സ്ഥാപനങ്ങളിലേതുപോലുള്ള ജോലികൾ ഇവയെല്ലാം അതിനെ വ്യത്യസ്തമാക്കുന്നു. ഇവിടെ ഒരു അത്യാഹിതം സംഭവിച്ചാൽ അത് നേരിടാൻ ചില പ്രത്യേകവൈദഗ്ധ്യങ്ങൾകൂടി നേടണം. അതുകൊണ്ട് ഇവിടെ പരിശീലിക്കാൻ പറ്റിയതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.”
ബ്രാഞ്ചിലെ അടിയന്തിരനടപടി സംഘത്തിലുള്ള 100-ലധികം പേർ അഗ്നിശമനസേനയോടൊപ്പം രക്ഷാപ്രവർത്തനങ്ങളിലും അഗ്നിശമനപരിശീലനങ്ങളിലും പങ്കെടുത്തു. നെക്കമാൻ ഇങ്ങനെ പറയുന്നു: “അടിയന്തിരനടപടി സംഘം കൊള്ളാം. അവരുടെ സഹായവും സഹകരണവും ഇല്ലായിരുന്നെങ്കിൽ പരിശീലനം ഇത്ര സുഗമമായി മുന്നോട്ടുപോകില്ലായിരുന്നു.”
അഗ്നിശമനസേനയും അടിയന്തിരനടപടി സംഘവും 2014 ഫെബ്രുവരിയിൽ അവരുടെ കഴിവു തെളിയിച്ചു. ബ്രാഞ്ചിലെ ഒരു അപ്പാർട്ടുമെന്റ് അന്ന് വൈകുന്നേരം പുകകൊണ്ടു നിറഞ്ഞു. നേരത്തെ പറഞ്ഞ ഡാനിയേൽ അതെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “കൈപോലും കാണാൻ പറ്റാത്തത്ര കനത്ത പുകയായിരുന്നു. ഞങ്ങൾ വേഗം അഗ്നിശമനസേനയെ വിളിക്കുകയും 88 അപ്പാർട്ടുമെന്റുകളിൽനിന്ന് ആളെ ഒഴിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. അഗ്നിശമനസേന എത്തിയപ്പോഴേക്കും കെട്ടിടം മുഴുവൻ ഒഴിപ്പിച്ചുകഴിഞ്ഞിരുന്നു.” നെക്കമാൻ പറയുന്നു: “ഫ്രാങ്ക്ഫർട്ട് പോലുള്ള ഒരു നഗരത്തിൽ ഇത്രയും വലിയ കെട്ടിടത്തിൽനിന്ന് ഇത്ര പെട്ടെന്ന് ആളെ ഒഴിപ്പിക്കുന്നത് എനിക്കു ചിന്തിക്കാൻപോലും പറ്റുന്നില്ല. നിങ്ങൾ നല്ല അച്ചടക്കമുള്ളവരാണ്. നിങ്ങളുടെ അടിയന്തിരനടപടി സംഘം സൂപ്പറാണ്!” അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥർ അപകടകാരണം കണ്ടുപിടിച്ച് പരിഹരിച്ചു. ആർക്കും പരിക്കു പറ്റിയില്ല, കാര്യമായ നാശനഷ്ടങ്ങളുമുണ്ടായില്ല.
വലിയ ഒരു തീപിടിത്തമൊന്നുമുണ്ടാകില്ലെന്ന പ്രത്യാശയിലാണ് സെൽറ്റേഴ്സിലെ ബ്രാഞ്ചോഫീസിലുള്ളവർ. ഇനി അങ്ങനെ സംഭവിച്ചാൽത്തന്നെ അവരെല്ലാം സജ്ജരാണ്. എരിതീയെ വരുതിയിലാക്കാൻ അവർക്ക് അറിയാം.