ഒരു അവിസ്മരണീയയാത്ര
ഐക്യനാടുകളിലെ, ന്യൂയോർക്ക് സംസ്ഥാനത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസും, ലോകാസ്ഥാനവും സന്ദർശിക്കാൻ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളാണ് വരാറുള്ളത്. ഈ സ്ഥലങ്ങളെ ബഥേൽ എന്നാണ് വിളിക്കുന്നത്. “ദൈവത്തിന്റെ ഭവനം” എന്നർഥമുള്ള ഒരു എബ്രായ പേരാണ് ഇത്. പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതു കാണാനും, സുവിശേഷവേല സംഘടിപ്പിച്ചിരിക്കുന്ന വിധം അറിയാനും ബഥേലിൽ സേവിക്കുന്ന സുഹൃത്തുക്കളെ കാണാനും ഒക്കെയായി, സമീപപ്രദേശത്തുനിന്നും വിദൂരദേശങ്ങളിൽ നിന്നും ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്. അതുപോലെ അത്യാകാംക്ഷയോടെ ബഥേൽ സന്ദർശിക്കാൻ കാത്തിരുന്ന ഒരാളായിരുന്നു മാർസേലസ്.
ഐക്യനാടുകളിലെ അലാസ്കയിലുള്ള, ആങ്കറേജ് എന്ന സ്ഥലത്ത് താമസിക്കുന്ന മാർസേലസ് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ്, മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു. a ഏതാനും വാക്കുകൾ മാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയുമായിരുന്നുള്ളൂ, ജീവിതം ഒരു വീൽചെയറിൽ ഒതുങ്ങി. അനുദിന കാര്യങ്ങൾക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നു. ഇത്തരം പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ബഥേൽ സന്ദർശിക്കുക എന്നത് അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ഈ അടുത്തിടെ ആ സ്വപ്‌നം പൂവണിഞ്ഞു.
മാർസേലസിന്റെ ബഥേൽ യാത്രയ്ക്ക് സഹായം ചെയ്തുകൊടുത്ത കോരെ എന്ന സുഹൃത്ത് അതെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “മാർസേലസിന്റെ തീവ്രമായ ആഗ്രഹമായിരുന്നു ഈ സന്ദർശനം. യാത്രയുടെ കാര്യം പറഞ്ഞ് എപ്പോഴും അദ്ദേഹം വിളിക്കും. ‘അതെ’ ‘ഇല്ല’ എന്നീ രണ്ടു വാക്കുകൾ പറയാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹം വിളിക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ എനിക്ക് ധാരാളം ചോദ്യങ്ങൾ ചോദിക്കേണ്ടിവരുമായിരുന്നു.” ഞങ്ങളുടെ സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു:
“ഞാൻ അങ്ങോട്ട് വരേണ്ടതുണ്ടോ?”
“ഇല്ല”
“ഡോക്ടറെ ഞാൻ വിളിക്കേണ്ടതുണ്ടോ?”
“ഇല്ല”
“ഇപ്പോ വിളിച്ചത് ബഥേൽ യാത്രയെക്കുറിച്ച് അറിയാനാണോ?”
“അതെ”
“പിന്നെ ഞാൻ ബഥേൽ യാത്രയ്ക്കുള്ള ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കണം. മാർസേലസിന്റെ ആഗ്രഹം നടന്നുകണ്ടപ്പോൾ എനിക്കും സന്തോഷമായി.”
ഈ യാത്രയ്ക്കായി മാർസേലസിന് പല തടസ്സങ്ങളും മറികടക്കേണ്ടതായി വന്നു. 5,400 കിലോമീറ്റർ (3,400 മൈൽ) അകലെയുള്ള ന്യൂയോർക്കിലേക്കുള്ള വിമാനയാത്രയ്ക്കു നല്ല ചെലവ് വരുമായിരുന്നു. തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് യാത്രയ്ക്കുള്ള പണം അദ്ദേഹം സ്വരുക്കൂട്ടിയത് രണ്ടു വർഷം കൊണ്ടാണ്. ശാരീരിക പരിമിതികളുള്ളതുകൊണ്ട് സഹായത്തിന് പറ്റിയ ഒരു കൂട്ടും അദ്ദേഹത്തിന് കണ്ടെത്തേണ്ടിയിരുന്നു. അതിനുപുറമെ, ഡോക്‌ടറിൽനിന്ന് ഈ യാത്രയ്ക്കുള്ള അനുമതി ലഭിക്കേണ്ടിയിരുന്നു. അത് കിട്ടിയതോ യാത്ര പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്.
ന്യൂയോർക്കിൽ എത്തിയ മാർസേലസിന് ബ്രൂക്‌ലിൻ, പാറ്റേർസൺ, വാൾക്കിൽ എന്നിവിടങ്ങളിലെ ബ്രാഞ്ച് സംവിധാനങ്ങൾ പരിചയപ്പെടുത്തികൊണ്ടുള്ള ഒരു ടൂർ കിട്ടി. വലിയ പ്രിന്റിങ് പ്രസ്സുകളിൽ നിരവധി ബൈബിളുകളും, പുസ്തകങ്ങളും ഉത്പാദിപ്പിക്കുന്നത് അദ്ദേഹം കണ്ടു. ദൈവരാജ്യവേല സംഘടിപ്പിച്ചിരിക്കുന്ന വിധത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം പഠിച്ചു. “ബൈബിളും ദിവ്യനാമവും,” “യഹോവയുടെ നാമത്തിനായി ഒരു ജനം” എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയ ചിത്രപ്രദർശനങ്ങളും ചരിത്രസ്മൃതികളും അദ്ദേഹം കണ്ടു. പുതിയ പല കൂട്ടുകാരെയും അദ്ദേഹത്തിന് കിട്ടി. ജീവിതത്തിലെ ഒരു അവിസ്മരണീയയാത്ര തന്നെയായിരുന്നു അത്!
ബഥേൽ സന്ദർശനത്തെക്കുറിച്ചു വിവരിക്കാൻ ഞങ്ങൾക്ക് വാക്കുകൾ പോരാ എന്നാണ് സന്ദർശകരിൽ അനേകരും പറഞ്ഞിട്ടുള്ളത്. വളരെ ശ്രമം ചെയ്‌ത് ബഥേൽ സന്ദർശനത്തിന് എത്തിയ മാർസേലസിനോട് സന്ദർശനം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം തന്റെ ഇഷ്ടം വിവരിച്ചത് ഇങ്ങനെ: “അതെ. അതെ. അതെ!”
ബഥേൽ സന്ദർശനം മാർസേലസിനു നവോന്മേഷപ്രദമായ ഒരു അനുഭവം തന്നെയായിരുന്നു. അതേ അനുഭവം നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും അനുഭവിച്ചറിയാനാകും. ലോകമെങ്ങുമുള്ള ഞങ്ങളുടെ ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുസ്വാഗതം! ഞങ്ങളെ സന്ദർശിക്കാൻ നിങ്ങൾ എപ്പോഴാണ് വരുന്നത്?
a 2014, മെയ് 19-ാം തീയതി മാർസേലസ്, മരണത്തിന് കീഴടങ്ങി, ഈ ലേഖനം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന സമയത്ത്.